Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റയലിൽ സൊളാരി മാജിക്, നിർണായക തീരുമാനത്തിനൊരുങ്ങി സ്പാനിഷ് ക്ലബ്

, 3:05 pm

മോശം ഫോമിനെ തുടർന്ന് പരിശീലകൻ ലൊപടെയിയെ പുറത്താക്കുമ്പോൾ ദയനീയമായിരുന്നു റയലിന്റെ അവസ്ഥ. മൂന്നു യൂറോപ്യൻ കിരീടങ്ങൾ തുടർച്ചയായി നേടി റെക്കോർഡിട്ട സീസണിൽ നിന്നാണ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് റയൽ വീണത്. ഗോളടിക്കാൻ മുന്നേറ്റ നിര പതറിയപ്പോൾ ക്ലബിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം സമയം ഗോൾ നേടാതെ പിന്നിട്ടുവെന്ന നാണക്കേടാണ് റയൽ സ്വന്തമാക്കിയത്. എന്നാൽ ലൊപടെയി പുറത്തായതിനു ശേഷം ബി ടീമിൽ നിന്നും റയലിന്റെ താൽക്കാലിക പരിശീലകനായി എത്തിയ സാൻറിയാഗോ സൊളാരി എല്ലാം മാറ്റിയെഴുതുകയായിരുന്നു.

സൊളാരി താൽക്കാലിക പരിശീലകനായി എത്തിയതിനു ശേഷം നാലു മത്സരങ്ങളിലാണ് റയൽ കളത്തിലിറങ്ങിയത്. ഇതിൽ നാലെണ്ണത്തിലും ടീം വിജയം നേടി. പതിനഞ്ചു ഗോളുകൾ നേടിയപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റക്കെതിരെ മാത്രമാണ് സൊളാരിയുടെ റയൽ ഗോൾ വഴങ്ങിയത്. ടീം മികച്ച പ്രകടനം തുടരുന്നതു കൊണ്ട് വമ്പൻ പരിശീലകർക്കു വേണ്ടിയുള്ള നീക്കം ഉപേക്ഷിച്ച് സൊളാരിക്ക് സ്ഥിരം കരാർ റയൽ നൽകാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

സെൽറ്റക്കെതിരായ മത്സരത്തോടെ റയലും സൊളാരിയും തമ്മിലുള്ള താൽക്കാലിക കരാർ അവസാനിക്കുകയാണ്. എന്നാൽ അർജൻറീനിയൻ പരിശീലകന് പുതിയ കരാർ നൽകുമെന്ന സൂചനകളാണ് റയലിന്റെ ഡയറക്ടർ എമിലിയോ നൽകുന്നത്. താരത്തിനു കീഴിൽ റയൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ ക്ലബ് നേതൃത്വത്തിന് സന്തോഷമുണ്ടെന്ന് ഇന്നലത്തെ മത്സരത്തിനു ശേഷം എമിലിയോ പറഞ്ഞു. തിരിച്ചടിയുടെ സമയത്ത് റയലിനെ ഏറ്റെടുത്ത സൊളാരി പരിക്കിന്റെ പ്രശ്നങ്ങൾക്കിടയിലും മികച്ച നേട്ടങ്ങളുണ്ടാക്കിയെന്നും എമിലിയോ അഭിപ്രായപ്പെട്ടു.

സൊളാരിയുടെ കീഴിൽ ആദ്യ മത്സരത്തിൽ മെലിയ്യയെ 4-0ത്തിനു കീഴടക്കിയ റയൽ അതിനു ശേഷം റയൽ വയ്യലോളിഡിനെ രണ്ടു ഗോളുകൾക്കു തോൽപിച്ചു. പിന്നീട് ചാമ്പ്യൻസ് ലീഗിൽ വിക്ടോറിയ പ്ലസനെ നാലു ഗോളുകൾക്കു തകർത്തതിനു ശേഷമാണ് സെൽറ്റക്കെതിരെ ഉജ്ജ്വല ജയം നേടുന്നത്. ഇന്നലെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ സെൽറ്റയുടെ മൈതാനത്ത് വിജയം നേടിയത്.

Advertisement