Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റൊണാൾഡോയും റൂണിയും വീണ്ടുമൊരുമിക്കുമോ? സൂചനകൾ നൽകി റൊണാൾഡോ

, 3:41 pm

മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ കാലഘട്ടം ഒരു ഫുട്ബോൾ ആരാധകനും മറക്കാനാവില്ല. റൊണാൾഡോയും റൂണിയും ചേർന്ന് തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്ന ആ സമയം ഇരുവരുടെയും സൗഹൃദത്തിന്റെ പേരിൽ കൂടി കൂടുതൽ പ്രശസ്തമായിരുന്നു. തന്റെ കരിയറിന്റെ അവസാന കാലത്ത് റൂണിക്കൊപ്പം വീണ്ടും ബൂട്ടണിയാൻ താൽപര്യമുണ്ടെന്ന് റൊണാൾഡോ വെളിപ്പെടുത്തി. അടുത്തിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് റൊണാൾഡോ തന്റെ യുണൈറ്റഡ് സഹതാരത്തെക്കുറിച്ച് മനസു തുറന്നത്.

റൂണിയെ പ്രശംസിച്ച റൊണാൾഡോ താരത്തിന്റെ മാനസികവും ശാരീരികവുമായ കരുത്താണ് കളിക്കളത്തിൽ മികച്ച പ്രകടനം തുടരാൻ സഹായിക്കുന്നതെന്ന് പറഞ്ഞു. എല്ലായിപ്പോഴും അത്മാർത്ഥമായി കളിക്കളത്തിൽ തുടരുന്ന താരം ടീമംഗങ്ങളെ സഹായിക്കുന്ന കാര്യത്തിലും മുന്നിലാണെന്ന് റൊണാൾഡോ പറഞ്ഞു. യുണൈറ്റഡിലുണ്ടായിരുന്ന കാലത്ത് എല്ലാവരുടെയും പ്രിയ താരമായിരുന്നു റൂണിയെന്നും റൊണാൾഡോ വെളിപ്പെടുത്തി.

റൂണിയുമായുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നു പറഞ്ഞ റൊണാൾഡോ താരത്തിനൊപ്പം വീണ്ടും കളിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. ഭാവിയിൽ എന്താകുമെന്ന് അറിയില്ലെങ്കിലും താരത്തിനൊപ്പം ഒരിക്കൽ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റൊണാൾഡോ പറഞ്ഞു. റൂണിക്കൊപ്പം കളിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും റൊണാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

യൂറോപ്പിൽ തന്നെ മികച്ച കരിയർ ബാക്കിയുണ്ടായിരുന്നിട്ടും കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ അമേരിക്കൻ ലീഗിലേക്ക് റൂണി ചേക്കേറിയിരുന്നു. അമേരിക്കയിൽ ഡിസി യുണൈറ്റഡിനു വേണ്ടി കളിച്ച താരം തകർപ്പൻ പ്രകടനം പ്രകടനം ക്ലബിനു വേണ്ടി പുറത്തെടുത്തിരുന്നു. ഈ മാസം നടക്കുന്ന സൗഹൃദ മത്സരത്തിൽ രണ്ടു വർഷത്തിനു ശേഷം ഇംഗ്ലണ്ടിനു വേണ്ടി വീണ്ടും കളത്തിലിറങ്ങാൻ പോവുകയാണ് റൂണി.

Advertisement