Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റയലിനു മുട്ടൻ പണി നൽകാൻ റൊണാൾഡോ, ‘ചങ്ക് ബ്രോ’യെ യുവന്റസിലെത്തിക്കാൻ നീക്കം

, 9:20 pm

കഴിഞ്ഞ ഒൻപതു വർഷമായി റയൽ മാഡ്രിഡിന്റെ ഇടതു വിങ്ങിനെ അടക്കി ഭരിച്ചിരുന്ന താരങ്ങളായിരുന്നു റൊണാൾഡോയും മാഴ്സലോയും. കളത്തിലും പുറത്തും ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും. അതു കൊണ്ടു തന്നെ റൊണാൾഡോ യുവന്റസിലേക്കു കൂടുമാറിയപ്പോൾ കൂടെ മാഴ്സലോയും യുവന്റസിലെത്താൻ സാധ്യതയുണ്ടെന്ന് ആരാധകർ അടക്കം പറഞ്ഞിരുന്നു. അവർ കരുതിയതു പോലെ തന്നെ മാഴ്സലോയെ യുവൻറസിലെത്തിക്കാൻ റൊണാൾഡോ ശ്രമം നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. റൊണാൾഡോ യുവന്റസിലെത്തുമെന്ന് ആദ്യം പുറത്തുവിട്ട ഇറ്റാലിയൻ മാധ്യമം ടുട്ടോസ്പോർടാണ് ഈ വാർത്തയും പുറത്തു വിട്ടത്. യുവന്റസ് അധികൃതരെ റൊണാൾഡോ ഇക്കാര്യം അറിയിച്ചുവെന്നും അവർ റിപ്പോർട്ടു ചെയ്യുന്നു.

മാഴ്സലോക്കും റയൽ മാഡ്രിഡ് വിട്ട് സുഹൃത്തിനൊപ്പം ഇറ്റലിയിൽ കളിക്കാൻ ആഗ്രഹമുണ്ട്. ഇരുവരും സ്പെയിനിൽ നേടാനുള്ള എല്ലാ കിരീടങ്ങളും നേടിക്കഴിഞ്ഞു. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് മാഴ്സലോയും റൊണാൾഡോയും റയലിനൊപ്പം നേടിയിട്ടുള്ളത്. അതു കൊണ്ട് ഇറ്റാലിയൻ ലീഗിലെത്തി പുതിയ വെല്ലുവിളികളെ നേരിടാൻ മാഴ്സലോക്കു താൽപര്യമുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമം പറയുന്നത്. സിനദിൻ സിദാൻ റയൽ പരിശീലക സ്ഥാനം ഒഴിഞ്ഞതും മാഴ്സലോക്ക് റയൽ വിടാൻ പ്രേരണയായിട്ടുണ്ടെന്ന് സൂചനകളുണ്ട്. നിലവിൽ റയലിനൊപ്പം യുവേഫ സൂപ്പർ കപ്പ് മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് മാഴ്സലോ.

ബ്രസീലിയൻ പ്രതിരോധ നിര താരമായ അലക്സ് സാൻഡ്രോ ടീം വിടുകയാണെങ്കിൽ യുവന്റസ് മാഴ്സലോയെ ഇറ്റലിയിലെത്തിക്കുമെന്നാണ് സൂചനകൾ. അലക്സ് സാൻഡ്രോക്കു വേണ്ടി പിഎസ്ജി നടത്തുന്ന നീക്കങ്ങൾ ഫലം കണ്ടാൽ മാഴ്സലോക്കു വേണ്ടി റയലിനെ യുവന്റസ് സമീപിച്ചേക്കും. റൊണാൾഡോക്കു പിന്നാലെ മാഴ്സലോയും പോയാൽ അവരുടെ സുഹൃദ് വലയത്തിലെ മൂന്നാമനായ കസമീറോയും ടീം വിടുമോയെന്നാണ് റയൽ ആരാധകരുടെ ഇപ്പോഴത്തെ ആശങ്ക.

Advertisement