ഇന്ത്യയ്ക്ക് വീണ്ടും അഭിമാനഘടകമായി മനു ഭാക്കറും, സരബ്ജോത് സിങ്ങും. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാക്കർ – സരബ്ജോത് സിങ് സഖ്യം ആണ് വെങ്കലം നേടിയത്. മത്സരത്തിൽ ദക്ഷിണ കൊറിയയുടെ വോന്‍ഹോ ലീ – യേ ജിന്‍ ഓ സഖ്യത്തെ 16-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. തുടർച്ചയായി രണ്ട് മെഡലുകൾ ആണ് ഇന്ത്യയ്ക്കായി മനു ഭാക്കർ നേടിയത്. ഈ വർഷത്തെ ഒളിമ്പിക്സിൽ അടുപ്പിച്ച് രണ്ട് തവണ വെങ്കല മെഡൽ നേടിയതോടെ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മനു ഭാക്കർ.
മത്സര ശേഷം മനു ഭാക്കർ, സരബ്ജോത് സിങ്ങും പറഞ്ഞത് ഇങ്ങനെ:
സരബ്ജോത് സിങ്: ” മത്സരം വളരെ പാടായിരുന്നു. ഇരു ടീമുകളും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. പക്ഷെ അവസാനം ഞങ്ങൾ തന്നെ അത് നേടി. ഞാൻ ഒത്തിരി സന്തോഷവാനാണ്” സരബ്ജോത് സിങ് പറഞ്ഞു.
മനു ഭാക്കർ: “എനിക്ക് ഒരുപാട് അഭിമാനം തോന്നുന്ന നിമിഷം ആണ് ഇത്. ദൈവത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഇത് നേടാനായത്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. എന്റെ അച്ഛനുമായി ഞാൻ മത്സരത്തിന് മുൻപ് സംസാരിച്ചിരുന്നു. അവസാന ഷോട്ട് വരെ നമ്മൾ പൊരുതണം എന്ന ആത്മവിശ്വാസം എനിക്ക് നൽകിയത് അദ്ദേഹമാണ്” മനു ഭാക്കർ പറഞ്ഞു.
മെഡൽ നേടിയതോടെ മനു ഭാക്കർ ഇന്ത്യൻ ഒളിമ്പിക്സിൽ പുതിയ ചരിത്രം ആണ് കുറിച്ചിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഒരു ഒളിമ്പിക്സിൽ തന്നെ രണ്ട് മെഡലുകൾ നേടുന്ന താരം എന്ന റെക്കോഡ് ആണ് മനു നേടിയിരിക്കുന്നത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലും മനു വെങ്കലം നേടിയിരുന്നു.