താലിബാന്‍ പുരുഷന്മാര്‍ ദുഷ്ടന്മാരാണെന്നും അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ടീമിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ബഹിഷ്‌കരിക്കണമെന്നും ചെക്ക്-അമേരിക്കന്‍ ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ. താലിബാന്‍ ഭരണത്തിന്‍ കീഴിലുള്ള അഫ്ഗാന്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന മോശമായ അവസ്ഥയെ കുറിച്ച് സംസാരിച്ച അവര്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അവരുടെ അടിച്ചമര്‍ത്തല്‍ നയങ്ങളെ അപലപിച്ചു.
നാല് വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, പൊതു ഇടങ്ങളില്‍നിന്ന് സ്ത്രീകള്‍ മായ്ക്കപ്പെട്ടു. ഇത് ഭരണകൂടം സ്ഥാപിച്ച ലിംഗ വര്‍ണ്ണവിവേചനത്തെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയെ പ്രേരിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പോസ്റ്റ്-പ്രൈമറി വിദ്യാഭ്യാസം താലിബാന്‍ നിരോധിക്കുകയും തൊഴില്‍ പരിമിതപ്പെടുത്തുകയും പാര്‍ക്കുകളിലേക്കും മറ്റ് പൊതു സ്ഥലങ്ങളിലേക്കും പ്രവേശനം തടയുകയും ചെയ്തു.
‘താലിബാന്‍ പുരുഷന്മാര്‍ ദുഷ്ടന്മാരാണ്. അത് സത്യമായതിനാല്‍ ഞാന്‍ അത് പറഞ്ഞുകൊണ്ടേയിരിക്കും. കൂടാതെ ആ നശിച്ച ക്രിക്കറ്റ് ടീമിനെ ബഹിഷ്‌കരിക്കുക,’ നവരതിലോവ എക്‌സില്‍ കുറിച്ചു.
ലിംഗസമത്വത്തിനുവേണ്ടി ദീര്‍ഘകാലമായി വാദിക്കുന്ന നവരതിലോവ, അഫ്ഗാനിസ്ഥാന്റെ വനിതാ ക്രിക്കറ്റ് ടീമിനെതിരായ ഐസിസിയുടെ ‘പക്ഷപാതത്തെ’ വിമര്‍ശിച്ചു.
പോസ്റ്റ് പ്രൈമറി വിദ്യാഭ്യാസ നിരോധനം താത്കാലിക തീരുമാനം ആണെന്ന് താലിബാന്‍ പറഞ്ഞു. ഇത് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സുരക്ഷിതമായ അന്തരീക്ഷം സ്ഥാപിച്ചതിന് ശേഷം പരിഹരിക്കപ്പെടും എന്നാണ് താലിബാന്‍ ഭാഷ്യം. എന്നാല്‍ ഇതുവരെ ഒരു മാറ്റവും വരുത്തിയിട്ടില്ല.
അഫ്ഗാന്‍ സ്ത്രീകളെ മെഡിക്കല്‍ വിദ്യാഭ്യാസം നേടുന്നതില്‍നിന്ന് തടയുന്ന താലിബാന്റെ പുതിയ നിയന്ത്രണത്തെയും നവരതിലോവ വിമര്‍ശിച്ചു. പെണ്‍കുട്ടികളെ മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താലിബാന്‍ തടഞ്ഞതായി കാണിക്കുന്ന വീഡിയോ കഴിഞ്ഞ മാസം ആദ്യം അവര്‍ ട്വീറ്റ് ചെയ്തിരുന്നു.