ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. രാജ്യത്തിനു കീര്‍ത്തി നല്‍കിയ അവരെ നമ്മള്‍ ആഘോഷിച്ചതാണെന്നും അതിനാല്‍ ഈ ബുദ്ധിമുട്ടേറിയ സമയത്ത് അവരുടെ കൂടെ നില്‍ക്കണമെന്നും സാനിയ ട്വിറ്ററില്‍ കുറിച്ചു.
ഒരു അത്‌ലീറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീര്‍ത്തി നല്‍കിയ അവരെ നമ്മള്‍ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നില്‍ക്കണം. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ- സാനിയ വ്യക്തമാക്കി.
അതേസമയം, ഗുസ്തി താരങ്ങളുടെ ആരോപണങ്ങളില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചു. ബ്രിജ്ഭൂഷണിനെതിരെ പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
മറ്റ് പരാതിക്കാരുടെ സുരക്ഷാ കമ്മീഷണര്‍ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവില്‍ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാല്‍ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ആറാം ദിവസവും തുടരുകയാണ്.