ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനം രണ്ടു മെഡലുകള്‍ക്കൂടി നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സരബ്ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ സഖ്യം സ്വര്‍ണം നേടി.
വുഷുവില്‍ ഇന്ത്യയുടെ റോഷ്ബിന വെള്ളി മെഡല്‍ നേടി. 60 കിലോ വനിതാ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ ചൈനയുടെ സിയാവോ വുയോടാണ് റോഷ്ബിന 0-2ന്റെ പരാജയമേറ്റു വാങ്ങിയത്.
അതിനിടെ ടെന്നീസിലും ഇന്ത്യ മെഡലുറപ്പിച്ചു. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍-സകേത് മൈനേനി സഖ്യം സെമിയില്‍ പ്രവേശിച്ചു. ചൈനീസ് സഖ്യത്തേയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍; 6-1,7-6
നിലവില്‍ ആറ് സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമടക്കം 24 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.