ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന റാപ്പിഡ് കിരീടത്തിലേക്ക് ബ്ലിറ്റ്സ് കിരീടം കൂടെ ചേർത്ത് വെച്ച് മാഗ്നസ് കാൾസൺ ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ ടൂർണമെൻ്റിൽ ക്ലീൻ സ്വീപ്പ് ചെയ്തു. ലോക ഒന്നാം നമ്പർ താരം 18 റൗണ്ടുകളുള്ള ഡബിൾ റൗണ്ട് റോബിൻ ബ്ലിറ്റ്‌സ് ഇവൻ്റ് 13 പോയിൻ്റിൽ പൂർത്തിയാക്കി. അമേരിക്കക്കാരനായ വെസ്ലി സോ 11 പോയിൻ്റുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യയുടെ അർജുൻ എറിഗെയ്‌സി 10.5 പോയിൻ്റുമായി മൂന്നാം സ്ഥാനത്തെത്തി.
റഷ്യൻ ഗ്രാൻഡ്മാസ്റ്റർ കാറ്ററീന ലാഗ്നോ (11.5) തൻ്റെ നാട്ടുകാരിയായ വാലൻ്റീന ഗുണിനയെ (11) മറികടന്ന് വനിതാ വിഭാഗത്തിൽ ബ്ലിറ്റ്സ് കിരീടം നേടി. നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർ കാൾസൺ റിവേഴ്‌സ് ഫിക്‌ചറിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം അർജുൻ എറിഗെയ്‌സിയെ 17-ാം റൗണ്ടിൽ പരാജയപ്പെടുത്തി കിരീടം ഉറപ്പിച്ചു. എട്ടാം റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ വെറും 20 നീക്കങ്ങളിൽ കാൾസനെ എറിഗെയ്‌സി തകർത്തിരുന്നു. ഇത് മുൻ ലോക ചാമ്പ്യൻ്റെ ടൂർണമെന്റിലെ ഒരേയൊരു തോൽവിയായിരുന്നു.
10 കളിക്കാരുടെ ഫീൽഡിൽ കേരളം ആസ്ഥാനമായുള്ള രണ്ട് ഗ്രാൻഡ്മാസ്റ്റർമാരായാ നിഹാൽ സരിനും എസ്എൽ നാരായണനും യഥാക്രമം 7, 6.5 പോയിൻ്റുമായി എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ബ്ലിറ്റ്സ് ഇനത്തിലെ മീറ്റിംഗിൽ രണ്ട് മലയാളികളും ഓരോ ഗെയിം വീതം ജയിച്ചു. കൗതുകകരമെന്നു പറയട്ടെ, രണ്ട് കളിക്കാരും ബ്ലാക്ക് പീസസ് ഉപയോഗിച്ച് അവരുടെ മിനി-യുദ്ധങ്ങളിൽ വിജയിച്ചു.