റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന ഉക്രൈനിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനായി തന്റെ ഇസ്റ്റഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ നായകന്‍ ഡേവിഡ് ബെക്കാം. ഉക്രൈനിലെ ഖാര്‍ക്കീവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡോക്ടറായ ഇറിനയ്ക്കാണ് ബെക്കാം ഏഴ് കോടി ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈമാറിയത്.
‘എന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ ഡോക്ടര്‍ ഇറിനയ്ക്കു കൈമാറുകയാണ്. ഉക്രൈനിലെ അമ്മമാര്‍ക്കു പ്രസവ സംബന്ധ സഹായം നല്‍കുകയാണ് ഇറിന. ഉക്രൈനിലെ ജനങ്ങള്‍ക്കായുള്ള ഇരിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിന് എന്റെ ചാനലുകള്‍ തുടര്‍ന്നും ഫോളോ ചെയ്യുക. യുനിസെഫിനും ഡോക്ടര്‍ ഇറിനയ്ക്കും നിങ്ങളാല്‍ കഴിയുംവിധമുള്ള സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ ശ്രമിക്കുക’ ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
റഷ്യന്‍ അധിനിവേശം നാശം വിതച്ച ഉക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവിലെ റീജ്യനല്‍ പെരിനേറ്റല്‍ സെന്ററിന്റെ മേധാവിയാണു ഡോക്ടര്‍ ഇറിന. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഖാര്‍കീവിലെ നഗരവാസികളില്‍ പലരും ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്.