ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ അവസാനം ജീവനോടെ കണ്ടത് ഉഴിച്ചിലിനെത്തിയ യുവതികളെന്ന് റിപ്പോര്‍ട്ടുകള്‍. തായ്ലന്‍ഡ് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാലു യുവതികള്‍ വോണും സുഹൃത്തുകളും താമസിച്ചിരുന്ന വില്ലയിലെത്തി മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുമ്പാണ് ഉഴിച്ചിലിനായി നാലു യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തി മടങ്ങിയത്. അന്നേദിവസം ഉച്ചയ്ക്ക് 1.53 നാണ് യുവതികള്‍ വോണിന്റെ വില്ലയിലെത്തിയത്. ഇതില്‍ രണ്ടു യുവതികള്‍ ഷെയ്ന്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി.
ഏതാണ്ട് രണ്ടു മണിക്കൂറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58നാണ് പുറത്തുപോയത്. ഇവരാണ് വോണിനെ ഏറ്റവും ഒടുവില്‍ ജീവനോടെ കണ്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ മടങ്ങി കഴിഞ്ഞ് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് വോണിന്റെ മരണം സംഭവിച്ചത്. അതേസമയം, വോണിന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് തായ്ലന്‍ഡ് പൊലീസ് വ്യക്തമാക്കി.
തായ്‌ലന്‍ഡിലെ വില്ലയില്‍വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വോണ്‍ മരണപ്പെട്ടത്. വോണിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യൂഹങ്ങളാണ് നിലവിലുള്ളത്. ശരീരഭാരം കുറയ്ക്കാനുള്ള കഠിനമായ ചിട്ടകള്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചതായി ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരഭാരം കുറയ്ക്കാന്‍ അടുത്തിടെ ലിക്വിഡ് ഡയറ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ താരം പരീക്ഷിച്ചിരുന്നു. ഇത്തരം കഠിനമായ ഡയറ്റുകള്‍ വോണിന്റെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാക്കിയെന്നാണ് വിവരം.