ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.
25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം ലഭിച്ചു. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും അതിഥി ഗോപിചന്ദ് വെങ്കലവും നേടി.
പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഫൈനലില്‍ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് ഇന്ത്യ ജപ്പാനെ തകര്‍ത്തു. ബ്രിഡ്ജ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി നേടി. രാജു ടോളാനി, അജയ് പ്രഭാകര്‍ കാഹ്റെ, രാജേശ്വരി തിവാരി, സുമിത് മുഖര്‍ജി എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഇന്ത്യന്‍ ടീം ഹോങ് കോങ്ങിനോട് പരാജയപ്പെട്ടു.
പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സിലും ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ളതിനാല്‍ രണ്ടു മെഡലുകള്‍കൂടി ഉറപ്പാണ്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്പത്തെ വലിയ മെഡല്‍ കൊയ്ത്ത്.