ഏഷ്യാകപ്പ് പുരുഷഹോക്കി: 16-0ന് ജയിച്ച് ഇന്ത്യ നോക്കൗട്ടില്‍, പാകിസ്ഥാന്‍ പുറത്ത്

ഏഷ്യാകപ്പ് പുരുഷഹോക്കിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ നോക്കൗട്ട് റൗണ്ടില്‍. നിര്‍ണായക മത്സരത്തില്‍ ആതിഥേയരായ ഇന്തോനീഷ്യയെ 16-0 എന്ന വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ നോക്കൗട്ടില്‍ കടന്നത്. ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവരാണ് സൂപ്പര്‍ ഫോറില്‍ കടന്ന മറ്റ് ടീമുകള്‍.

പൂള്‍ എയിലെ അവസാന മത്സരത്തില്‍ 15-0 എന്ന സ്‌കോറിനെങ്കിലും വിജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യയ്ക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ. രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാന്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. (3-2). ഇന്ത്യയ്ക്കും പാകിസ്ഥാനും നാല് പോയിന്റ് വീതം ഉണ്ടെങ്കിലും ഗോള്‍ എണ്ണത്തില്‍ മുന്നിലെത്തിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ പ്രവേശിക്കുകയായിരുന്നു.

ദിപ്സന്‍ ടിര്‍ക്കി അഞ്ചു ഗോളുകള്‍ നേടിയ മത്സരത്തില്‍ സുദേവ് ബെലിമാഗ്ഗ മൂന്ന് ഗോള്‍ നേടി. എസ്.വി സുനില്‍, പവന്‍ രജ്ഭാര്‍, കാര്‍ത്തി സെല്‍വം, ഉദ്ധം സിങ്, നിലം സന്‍ജീപ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ടൂര്‍ണമെന്റില്‍നിന്നു പുറത്തായതോടെ ഈ വര്‍ഷം അവസാനം നടക്കുന്ന ഹോക്കി ലോക കപ്പിനുള്ള പാകിസ്ഥാന്റെ പ്രതീക്ഷകളും അസ്തമിച്ചു.

Read more

സൂപ്പര്‍ ഫോറിലെ ആദ്യ മൂന്നു ടീമുകള്‍ക്കാണ് ലോക കപ്പിന് അവസരം ലഭിക്കുക. ഇന്ത്യ നേരത്തെ തന്നെ ലോക കപ്പില്‍ സ്ഥാനമുറപ്പിച്ചിരുന്നു.