ഈ വർഷത്തെ പാരാലിമ്പിക്‌സിന് പാരിസിൽ രാജകീയ തുടക്കം. ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ ടൂർണമെന്റ് ആണ് ഇത്. ഇന്ത്യൻ സമയം രാത്രി 11.30 നാണ് ചടങ്ങ് ആരംഭിച്ചത്. ഓഗസ്റ്റ് 28 ആം തിയതി ആരംഭിച്ച പാരാലിമ്പിക്സ് സെപ്റ്റംബർ 8 ആം തിയതി ആണ് അവസാനിക്കുന്നത്.
പാരാലിമ്പിക്‌സിന്റെ ഉൽഘാടനത്തിന്റെ ഭാഗമായി ദീപശിഖ തെളിയിച്ചത് സാക്ഷാൽ ജാക്കി ചാനായിരുന്നു. ഇതിഹാസത്തിന്റെ വരവ് പാരാലിമ്പിക്‌സിനെ വർണാഭമാക്കി. ഫ്രഞ്ച് നടിയായ എൽസ സില്‍ബര്‍സ്റ്റെയ്ൻ റാപ്പർ ആയ ജോർജിയോ, നൃത്തകനായ ബെഞ്ചമിൻ മില്ലേപിയഡ് എന്നിവരും ജാക്കി ചാനിന്റെ കൂടെ ഉൽഘാടനത്തിന് ഉണ്ടായിരുന്നു.
ഈ വർഷം നടക്കുന്ന പാരാലിമ്പിക്‌സിൽ 4000ത്തോളം മത്സരാർത്ഥികൾ വിവിധ രാജ്യങ്ങളിൽ നിന്നായി അണിനിരക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും 84 പേരാണ് മത്സരിക്കുന്നത്. പാരാലിമ്പിക്‌സിലെ ഉൽഘാടന മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരമായ ഭാഗ്യശ്രീ ജാദവും, ജാവലിൻ താരമായ സുമിത് ആന്റിലും കൂടി ചേർന്നാണ് രാജ്യത്തെ നയിച്ചത്.
കഴിഞ്ഞ തവണ നടന്ന പാരാലിമ്പിക്‌സിൽ 96 സ്വർണവും, 60 വെള്ളിയും, 51 വെങ്കലവുമടക്കം 207 മെഡൽ നേടി ചൈന ആണ് ഒന്നാമതായി എത്തിയത്. രണ്ടാം സ്ഥാനത്ത് നിന്നത് ബ്രിട്ടൻ ആയിരുന്നു. 41 സ്വർണ്ണവും, 38 വെള്ളിയും, 45 വെങ്കലവും അവർ നേടി. ഇന്ത്യ കഴിഞ്ഞ പാരാലിമ്പിക്‌സിൽ 21 ആം സ്ഥാനത്താണ് നിന്നത്. അതിൽ 5 സ്വർണ്ണവും, 8 വെള്ളിയും, 6 വെങ്കലവും നേടാൻ നമുക്ക് സാധിച്ചിരുന്നു. ഇത്തവണ കൂടുതൽ മികവ് തെളിയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.