Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

കുറിച്ചു വെച്ചോളൂ, ഇവന്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ മെഡലുമായി തിളങ്ങും

, 4:01 pm

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ കണ്ടെത്തലാണ് നീരജ് ചോപ്ര. ജാവലിന്‍ത്രോയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കായികതാരത്തെയാണ് ഇന്ത്യ ഈ ഏഷ്യ കപ്പിലൂടെ കണ്ടെത്തിയിരിക്കുന്നത്. ‘തലമുറയിലെ പ്രതിഭ’ എന്നാണ് മുന്‍ പരിശീലകനായിരുന്ന ഗാരി കല്‍വെര്‍ട്ട് 20കാരനായ നീരജിനെ വിശേഷിപ്പിച്ചത്. ദേശീയ തലത്തിലും ഏഷ്യ കപ്പിലും എല്ലാം വെല്ലുവിളികളില്ലാതെയാണ് നീരജ് കുതിക്കുന്നത്.

88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ് നേടിയത്. നീരജെറിഞ്ഞ നാല് ഏറിനും പിന്നിലായി മാത്രമാണ് വെള്ളി നേടിയ താരത്തിന് എറിയാനായുളളു. ഒരു ഇന്ത്യക്കാരന്‍ ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരവും ഈ ദേശീയ റെക്കോഡ് പ്രകടനം തന്നെ.

ദോഹയില്‍ ഈ വര്‍ഷം നടന്ന ഡയമണ്ട് ലീഗില്‍ എറിഞ്ഞ 87.43 മീറ്ററായിരുന്നു ഇതുവരെയുള്ള മികച്ച ദൂരം. പ്രകടനത്തിലെ സ്ഥിരതയാണ് നീരജ് ചോപ്രയുടെ ഏറ്റവും വലിയ പ്രത്യേകത. ഏഴ് തവണയാണ് 85 മീറ്ററിലേറെ അദ്ദേഹം ജാവലിന്‍ എറിഞ്ഞത്.

ജാവലിന്‍ താരങ്ങളിലെ മികച്ച പ്രകടനം പുറത്തുവരിക അവരുടെ 20കളുടെ അവസാനത്തിലും 30കളുടെ തുടക്കത്തിലുമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ആ കണക്കും 20കാരനായ നീരജിന് അനുകൂലമാണ്. അഞജു ബേബി ജോര്‍ജ് അടക്കമുളളവര്‍ നീരജിന്റെ മികച്ച പ്രകടനം ഇനി വരാനിരിക്കുന്നതേയുളളുവെന്നാണ് പ്രവചിക്കുന്നത്.

ജര്‍മ്മനിയുടെ തോമസ് റോഹ്ലര്‍ 90.30 മീറ്റര്‍ എറിഞ്ഞാണ് 2016ലെ റിയോ ഒളിമ്പിക്സില്‍ ജാവലിന്‍ സ്വര്‍ണം നേടിയത്. 20 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ മികച്ച ദൂരം 80.79 മീറ്ററായിരുന്നു. റിയോയില്‍ വെള്ളി നേടിയ കെനിയന്‍ താരം ജൂലിയസ് യേഗോ ചോപ്രയുടെ പ്രായത്തില്‍ 75.44 മീറ്റര്‍ വരെയാണ് പരമാവധി എറിഞ്ഞത്. അതുകൊണ്ടു തന്നെയാണ് നീരജ് ചോപ്ര ഒരിന്ത്യക്കാരനും ഇതുവരെ മറികടന്നിട്ടില്ലാത്ത 90 മീറ്ററിലേറെ എറിയുമെന്ന് പറയുമ്പോള്‍ അസ്വാഭാവികമായി ഒന്നും തോന്നാത്തതും.

2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ നീരജ് അത്ഭുതം കാട്ടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യക്കായി ജാവലിന്‍ ത്രോയില്‍ ഒളിമ്പിക്സ് മെഡല്‍ ഈ 20കാരന്‍ നേടുമെന്ന് ഉറപ്പിക്കാം.

Advertisement