2021ലെ ടോക്കിയോ ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ഇന്ത്യയ്‌ക്കായി സ്വർണമെഡൽ നേടുന്നതുവരെ ജാവലിൻ ത്രോയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്ന് സൈന നെഹ്‌വാൾ. ലണ്ടൻ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ ഷട്ടിൽ താരം സൈന നെഹ്‌വാൾ അടുത്തിടെയാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുമായുള്ള ഒരു പോഡ്‌കാസ്റ്റിൻ്റെ ഭാഗമായി സംസാരിക്കുമ്പോഴാണ് നെഹ്‌വാൾ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എന്നാൽ സൈന നെഹ്‌വാളിന്റെ ഈ ഒരു പ്രസ്താവന സോഷ്യൽ മീഡിയയും ട്രോള് ലോകവും ഏറ്റെടുത്തിരിക്കുകയാണ്. “നീരജ് ജയിച്ചപ്പോൾ ആണ് എനിക്ക് അത്‌ലറ്റിക്‌സിൽ ഈ കളിയും (ജാവലിൻ ത്രോ) ഉണ്ട് എന്ന് ഞാൻ അറിയുന്നത്. അത് കണ്ടാലേ നിനക്ക് അറിവ് കിട്ടൂ, അല്ലേ? കണ്ടില്ലെങ്കിൽ എങ്ങനെ അറിയും? എനിക്കറിയില്ലായിരുന്നു. ജാവലിൻ ത്രോ എനിക്ക് അറിയില്ലായിരുന്നു,” സൈന നെഹ്‌വാൾ പറഞ്ഞു.
എന്നാൽ മൂന്ന് തവണ ഒളിംപ്യനായ താരത്തെ പെട്ടെന്ന് ട്രോളാൻ നെറ്റിസൺമാർക്ക് അത്ര താമസം വേണ്ടി വന്നില്ല. സൈന നെഹ്‌വാൾ സ്‌പോർട്‌സിലെ കങ്കണ റണൗട്ടായി മാറുകയാണ്’ എന്നായിരുന്നു കൂട്ടത്തിൽ ഏറ്റവും രസകരമായ ട്വീറ്റ്. “സൈന നെഹ്‌വാൾ നിങ്ങൾ ഒരു ഇതിഹാസമാണ്, എനിക്ക് നിങ്ങളോട് വളരെയധികം ബഹുമാനമുണ്ട്, ലെകിൻ അഭി അപ്കാ ബൊഹോത് ഹോ രഹാ ഹേ,” നിരാശനായ ഒരു ആരാധകൻ എഴുതി. “ഇന്ത്യയിൽ ജാവലിൻ എന്നൊരു കായിക ഇനം ഉണ്ടെന്ന് അറിയില്ലെന്നാണ് സൈന നെഹ്‌വാൾ പറഞ്ഞത്? അവൾ അത് ഗൗരവമായി പറഞ്ഞതാണോ?, ”മറ്റൊരു ആരാധകൻ പറഞ്ഞു.
“ദൈവത്തിന് നന്ദി സൈന നെഹ്‌വാൾ ബാഡ്മിൻ്റൺ കളിക്കാൻ തുടങ്ങുന്നതുവരെ ആർക്കും അതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞില്ലല്ലോ!” ഒരു ട്വീറ്റ് ഇങ്ങനെയായായിരുന്നു.
“സ്‌പോർട്‌സിലെ കങ്കണ റണാവത്ത് ആണെന്ന് തെളിയിക്കാൻ സൈനക്ക് ഒരാഴ്ച മാത്രം വേണ്ടി വന്നു,” ഇങ്ങനെ വളരെ രസകരമായും വിമർശനമായും സൈന നെഹ്‌വാളിനെ ട്രോള് ചെയ്യുന്ന പോസ്റ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
2021ലെ ടോക്കിയോ ഒളിമ്പിക്‌സിലെ പ്രകടനത്തിന് മുമ്പ്, ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര 2016-ൽ ജൂനിയർ ലോക ചാമ്പ്യനായി ലോകശ്രദ്ധ നേടി എന്നത് സൈന ശ്രദ്ധിക്കേണ്ടതായിരുന്നു. കൂടാതെ, 2018-ലെ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണ്ണ മെഡൽ ജേതാവായി 26-കാരൻ മാറി. ഏറ്റവും ഒടുവിൽ 2024ലെ പാരീസ് ഒളിമ്പിക്സിൽ , നിലവിലെ ലോക ചാമ്പ്യൻ തൻ്റെ സീസണിലെ ഏറ്റവും മികച്ച 89.45 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചു.