മെഡൽ വേട്ടയ്ക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. പാരീസ് ഒളിമ്പിക്സിന്റെ ഒൻപതാം ദിനത്തിൽ ഇന്ത്യ ഫൈനൽ പോരാട്ടങ്ങൾക്ക് വേണ്ടി തയ്യാറെടുക്കുന്നു. ഇന്നലെ ഷൂട്ടിങ് താരം മനു ഭക്കാർ തന്റെ മൂന്നാമത്തെ മെഡൽ വേട്ടയ്ക്കായി ശ്രമിച്ചപ്പോൾ അവസാനം കാലിടറി വീഴേണ്ടി വന്നു. യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. യോഗ്യത നേടിയിട്ടും മനു ഭക്കാർ, വനിതാ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ നാലാം സ്ഥാനത്തു ഫിനിഷ് ചെയ്യേണ്ടി വന്നു. അതും കൂടി വിജയിച്ചിരുന്നേൽ ഹാട്രിക്ക് നേടാമായിരുന്നേനെ. വനിതാ 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസിലും 10 മീറ്റർ മിക്സഡ് ടീം ഇനത്തിലും മനു ഭാകർ വെങ്കലം സ്വന്തമാക്കിയിരുന്നു
ഇന്നലെ നടന്ന വനിതകളുടെ അമ്പെയ്ത്ത ഇനത്തിൽ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ദീപിക കുമാരി ആയിരുന്നു അരങേറിയത്. അതോടെ എട്ടാം ദിനം ഇന്ത്യ മെഡൽ ഇല്ലാതെ പോരാട്ടം അവസാനിപ്പിച്ചു. ഒമ്പതാം ദിനമായ ഇന്ന് മൂന്നു പോരാട്ടങ്ങളിലാണ് ഇന്ത്യയ്ക്ക് ഉള്ളത്. പുരുഷ ബാഡ്മിന്റൺ സിംഗിൾസ് സെമി ഫൈനലിലും ഹോക്കി ക്വാർട്ടർ ഫൈനലിലും വനിതാ ബോക്സിങ് ക്വാട്ടറും ആണ് മത്സരങ്ങൾ. ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്നു സെമി ഫൈനൽ പോരാട്ടത്തിന് ഇറങ്ങും. സെമി ഫൈനൽ ജയിച്ചാൽ ഫൈനൽ ടിക്കറ്റ് ലഭിക്കും.
പുരുഷന്മാരുടെ ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ ഉള്ള താരം ലക്ഷ്യ സെൻ മാത്രമാണ്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു താരം ഒളിമ്പിക്സിൽ ബാഡ്മിന്റൺ സിംഗിൾസിൽ സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നത്. മികച്ച പ്രകടനമാണ് ലക്ഷ്യ ഈ ഒളിമ്പിക്സിൽ ഉടനീളം കാഴ്ച വെക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 3.30 നാണ് സെമി ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. ഡെന്മാർക്കിന്റെ വിക്ടർ ആക്സെൽസെനാണ് സെമി ഫൈനലിൽ ലക്ഷ്യ സെന്നിന്റെ എതിരാളി. ഇന്ന് പുരുഷ ഹോക്കി ടീം ക്വാട്ടർ ഫൈനൽ മത്സരങ്ങൾക്കായി ഇറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ എതിരാളികൾ ഗ്രേറ്റ് ബ്രിട്ടനാണ്. വനിതകളുടെ മിഡിൽ വെയ്റ്റ് ബോക്സിങ്ങിൽ ലോവ്‌ലിന ബോർഹോഹെയ്ൻ ഇന്ന് കളത്തിൽ ഇറങ്ങും. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനാണ് ലോവ്‌ലിന ഇറങ്ങുന്നത്. ചൈനീസ് താരം ലി ക്വിയനാണ് ഇന്ത്യൻ താരത്തിൻറെ എതിരാളി.