ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്. ശ്രീജേഷിന് അര്‍ഹിക്കുന്ന ആദരം കിട്ടിയില്ലെന്നന്നും തന്റെ കാര്യത്തിലും ഇത് തന്നെയാണ് ഉണ്ടായതെന്നും അഞ്ജു പറഞ്ഞു.
‘ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ എന്നോടും കാണിച്ചത് ഇതേ സമീപനമായിരുന്നു. അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ സമീപനം മാറണം, മെഡല്‍ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണം’ അഞ്ജു പറഞ്ഞു.
ഒളിമ്പിക്സില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ അസോസിയേഷനുകളും സ്വകാര്യ വ്യക്തികളുമടക്കം വമ്പന്‍ പാരിതോഷികളാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ശ്രീജേഷിന് കേരള സര്‍ക്കാര്‍ പാരിതോഷികമൊന്നും പ്രഖ്യാപിക്കാത്തത് ഏറെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
ഇന്ന് കേരളത്തില്‍ എത്തുന്ന ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കും. സ്വീകരണ പരിപാടിയില്‍ മന്ത്രി പങ്കെടുക്കും. സ്‌പോര്‍ട്സ് കൗണ്‍സില്‍, സംസ്ഥാന ഒളിമ്പിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.