ചെസ് ലോകകപ്പ് കിരീടം നോർവെയുടെ മാഗ്നസ് കാൾസന്. ഇന്ത്യൻ പ്രതീക്ഷയായ പ്രഗ്നാനന്ദയെ പരാജയപെടുത്തിയാണ് കാൾസൺ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരം സമനില ആയതിനെ തുടർന്നാണ് ഇന്ന് ടൈബ്രേക്കറിൽ വിജയിയെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച മത്സരമാണ് ഇന്ത്യൻ താരം ലോക ചാമ്പ്യന് നൽകിയത്.
കറുത്ത കരുക്കളുമായിട്ടാണ് മാഗ്നസ് ആദ്യ ടൈ ബ്രേക്കറിന് ഇറങ്ങിയത്. രണ്ടാം ഗെയിമിൽ വെള്ളക്കരുവിൽ ഇറങ്ങിയ താരം പരിചയസമ്പത്ത് മുഴുവൻ മുതലെടുത്ത് ജയിക്കുക ആയിരുന്നു
ആദ്യ ഗെയിം 35 നീക്കങ്ങൾക്ക് ശേഷവും രണ്ടാം ഗെയിം 30 നീക്കങ്ങൾക്ക് ശേഷവും സമനിലയിൽ അവസാനിക്കുക ആയിരുന്നു. രണ്ട് മത്സരങ്ങളിലും ഇന്ത്യൻ താരത്തിന് മേധാവിത്വം കിട്ടിയതാണ്. എന്നാൽ ചെറിയ പാളിച്ച സംഭവിച്ചപ്പോൾ അത് മുതലെടുത്ത് ലോക ചാമ്പ്യൻ സമനില പിടിക്കുക ആയിരുന്നു
ടൂർണമെൻറിൽ ഏവരെയും വിസ്മയിപ്പിച്ചാണ് 18 വയസുകാരൻ ആർ പ്രഗ്നാനന്ദ ഫൈനലിൽ പ്രവേശിച്ചത്. അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ നിലവിലെ ലോക ഒന്നാം നമ്പർ താരമാണ്. ലോക രണ്ടാം നമ്പർ താരം ഹികാരു നകമുറ, മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോ എന്നിവരെ ഇതിനകം പ്രഗ്നാനന്ദ തോൽപിച്ചിരുന്നു .