ചെസ് ലോകകപ്പില്‍ ഫൈനല്‍ പോരാട്ടത്തില്‍ നോർവേയുടെ മാഗ്നസ് കാള്‍സണോട് പൊരുതി തോറ്റ് ആർ. പ്രഗ്നാനന്ദ. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെ ഇന്ന് ടൈബ്രേക്കറിൽ കാൾസൺ ജയിക്കുകയായിരുന്നു. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും മികച്ച മത്സരമാണ് ഇന്ത്യൻ താരം ലോക ചാമ്പ്യന് നൽകിയത്. ഒന്നര പോയന്‍റ് നേടിയാണ് കാൾസൺ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയിരിക്കുന്നത്.
ലോകമാകെ ഉറ്റുനോക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാര വിസ്മയമായ ആർ. പ്രഗ‍്നാനന്ദ. ചെറുപ്രായത്തിൽ തന്നെ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ പതിനെട്ടുകാരനായ തമിഴ്നാട്ടുകാരൻ. ആരാണ് ശതകോടി ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആർ. പ്രഗ‍്നാനന്ദ?
പ്രഗ്നാനന്ദയുടെ ചെസ്സിലേക്കുള്ള വരവ് ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. മൂന്നാം വയസ്സിൽ മൂത്ത സഹോദരി വൈശാലിയോടൊപ്പമാണ് പ്രഗ്നാനന്ദ ചെസ്സ് കളിക്കാൻ തുടങ്ങിയത്. തന്റെ കുട്ടികൾ ടിവിക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പ്രഗ്നാനന്ദയുടെ മാതാപിതാക്കൾ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടെയാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചതും ചേച്ചിയോടൊപ്പം നേരംപോക്കിന് പ്രഗ്നാനന്ദ ചെസ് കളിച്ചു തുടങ്ങുന്നതും.
ചെസിൽ പ്രഗ്നാനന്ദയുടെ താത്പര്യം കണ്ടതോടെയാണ് ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ചെസ്സ് കളിക്കുന്നത് പ്രഗ്നാനന്ദയ്ക്ക് ഒരു ഹോബി മാത്രമായിരുന്നു. പ്രഗ്ഗു എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ഈ താരം 2016-ൽ തന്റെ പത്താം വയസ്സിലാണ് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര മാസ്റ്ററായി മാറിയത് എന്നതും ശ്രദ്ധേയം. ചെസിലെ സൂപ്പർതാരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദും പി. ഹരികൃഷ്ണയും നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു.
പ്രഗ്നാനന്ദയോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു മുഖമാണ് പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. ഓരോ മത്സരങ്ങളിൽ നിഴൽ പോലെ കൂടെയുണ്ടാകുന്ന അമ്മയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലടക്കമുള്ളവർ ഏറ്റെടുത്തിരുന്നു. അഭിമാനപൂർവം മകനെ നോക്കി നിൽക്കുന്ന നാഗലക്ഷ്മിയുടെ ചിത്രങ്ങൾ ആരുടെയും മനസ് തണുപ്പിക്കുന്നവയാണ്. മത്സരവേദികളിൽ മകനു കൂട്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെ പിന്തുണ പ്രഗ്നാനന്ദയ്ക്ക് കരുത്ത് പകർന്നിരുന്നു എന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയായിരുന്നു വിദേശപര്യടനങ്ങളിൽ മകനോടൊപ്പം പോകാറുള്ളത്.
രമേഷ് ബാബുവും നാഗലക്ഷമിയും മക്കളുടെ ഉയരങ്ങളിൽ അഭിമാനം കൊള്ളുകയാണ്. ഒരു സാധാരണ കായിക മത്സരമായി മാത്രം ആദ്യം കണ്ടിരുന്ന രമേഷ് മറ്റു പലരും പറഞ്ഞറിഞ്ഞാണ് മകന്റെ നേട്ടങ്ങളുടെ വലുപ്പം മനസിലാകുന്നത്. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണ് വേണ്ടതെന്നാണ് രമേഷ് ചോദിക്കുന്നത്. പ്രഗ്ഗ മിടുക്കനാണ് എന്നും നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ടെന്നും ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ് എന്നുമാണ് രമേഷ് പറയുന്നത്.
വിജയം കൊണ്ടോ തോൽവി കൊണ്ടോ ഒരിക്കലും തളരുന്നില്ല എന്നതാണ് പ്രഗ്നാനന്ദയുടെ ഏറ്റവും വലിയ ശക്തി. എക്കാലത്തെയും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്മാസ്റ്ററാണ് പ്രഗ്നാനന്ദ. ആർ. ബി രമേഷാണ് പ്രഗ്നാനന്ദയുടെ പരിശീലകൻ. ചെസ്സ് കൂടാതെ സൈക്ലിങ്, ക്രിക്കറ്റ് എന്നിവയെല്ലാം പ്രഗ്നാനന്ദയ്ക്ക് ഇഷ്ടമാണ്. ടേബിൾ ടെന്നീസാണ് മറ്റൊരു ഇഷ്ട വിനോദം. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. 2005 ൽ നോക്കൗട്ട് രീതിയിലേക്ക് മാറിയ ശേഷം ഫൈനലിലെത്തിയ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. ഇതിഹാസങ്ങളായ ബോബി ഫിഷറിനും മാഗനസ് കാൾസനും ശേഷം ലോകകപ്പ് ഫൈനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ.