Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPORTS NEWS

മോസ്കോവിൽ ടീമുകളെ കാത്തിരിക്കുന്നത് 6 കിലോ സ്വർണ്ണ കപ്പ് മാത്രമല്ല !

, 6:26 pm

ലോകകപ്പ് നേടുന്ന ടീമിന് സമ്മാനമായി എന്താണ് ലഭിക്കുക ? സ്വാഭാവികമായ ഉത്തരം ഫിഫ സ്വർണ്ണ കപ്പ് എന്നായിരിക്കും. എന്നാൽ സ്വർണ്ണ കപ്പ് മാത്രമല്ല,  ജേതാക്കളെ കാത്തിരിക്കുന്നത്. വമ്പൻ പണക്കിഴിയും അവരെ കാത്തിരിക്കുന്നുണ്ട്. ജേതാക്കൾക്ക് മാത്രമല്ല, മറ്റു സ്ഥാനങ്ങളിൽ എത്തുന്നവർക്കുമുണ്ട് സമ്മാനപൊതികൾ. മോസ്‌കോ ലോകകപ്പിൽ ക്യാഷ് പ്രൈസായി മൊത്തം വിതരണം ചെയ്യുന്നത് 5300 കോടി രൂപയാണ്.

കപ്പിൽ മുത്തമിടുന്നവർക്ക് പണമായി ലഭിക്കുക 255 കോടി രൂപയാണ്. കഴിഞ്ഞ ലോകകപ്പിൽ ഇത് 230 കോടി രൂപയായിരുന്നു. 188 കോടിയാണ് രണ്ടാം സ്ഥാനക്കാർക്ക് കിട്ടുക.
മൂന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത് 161 കോടിയും നാലാം സ്ഥാനക്കാർക്ക് 147 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ക്വർട്ടർ ഫൈനലിസ്റ്റുകളെ കാത്തിരിക്കുന്നത് 107 കോടി വീതമാണ്. രണ്ടാം റൗണ്ടിൽ പുറത്തു പോകേണ്ടി വരുന്ന എട്ടു ടീമുകൾക്ക് 80 കോടി രൂപ വീതവും ലഭിക്കുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്ന ടീമുകൾക്ക് 54 കോടി വീതമാണ് നൽകുന്നത്. ഇതിനെല്ലാം പുറമെ പങ്കെടുക്കുന്ന 32 ടീമുകൾക്കും ടൂർണമെന്റിന് ഒരുങ്ങുന്നതിനുള്ള പണക്കിഴിയായി പത്തു കോടി രൂപ വീതവും ഫിഫ നൽകും.

മൊത്തം സമ്മാന തുകയിൽ 2680 കോടി രൂപയാണ് പങ്കെടുക്കുന്ന 32 ടീമുകൾക്കുമായി വീതിച്ചു നൽകുക . ഓരോ രാജ്യവും നേടുന്ന സ്ഥാനത്തിനനുസരിച്ചായിരിക്കും അവർക്ക് ലഭിക്കുന്ന സമ്മാന തുക. 2014 ൽ നടന്ന ബ്രസീൽ വേൾഡ് കപ്പിനെക്കാൾ വളരെ ഉയർന്ന തുകയാണ് ഇക്കുറി ക്യാഷ് പ്രൈസായി വിതരണം ചെയ്യുന്നത്. ബ്രസീൽ ലോകകപ്പിലെ മൊത്തം സമ്മാന തുക 3860 കോടി രൂപയായിരുന്നു.

പ്രൊഫെഷണൽ ഫുട്ബോൾ ക്ലബുകൾക്കും ലോകകപ്പ് ചാകര കോളാണ്. രാജ്യങ്ങൾക്ക് വേണ്ടി കളിയ്ക്കാൻ തങ്ങളുടെ കളിക്കാരെ വിട്ടുനല്കുന്നതിനു നഷ്ട പരിഹാരമായി 1400 കോടി രൂപ വീതിച്ചു നൽകും. ക്ലബ് ബെനിഫിറ്റ് പ്രോഗ്രാം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിനു പുറമെ ക്ലബ് പ്രൊട്ടക്‌ഷൻ പ്രോഗ്രാം എന്ന വകുപ്പിലും ക്ലബുകൾക്ക് ‘ചില്ലറ’ തടയും. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ക്ലബ് കളിക്കാർക്ക് പരിക്കേറ്റാൽ നൽകുന്ന നഷ്ടപരിഹാരമാണ് ഇത്. ഈ ഇനത്തിൽ 899 കോടിയാണ് നൽകുക.

1982 ലെ വേൾഡ് കപ്പിൽ സമ്മാന തുക 134 കോടി മാത്രമായിരുന്നു. എന്നാൽ 2006 ആയപ്പോൾ ഇത് 1890 കോടിയിലേക്ക് ഉയർന്നു. 2010 ൽ 2747 കോടിയായിരുന്നത് ഇപ്പോൾ ഇരട്ടിയോളം വർധിച്ചിരിക്കുന്നു. അതായത് 1982 നെ അപേക്ഷിച്ച് 40 ഇരട്ടിയായി സമ്മാനത്തുക ഉയർന്നിരിക്കുന്നു എന്നർത്ഥം.

Advertisement