2014ല്‍ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നീസ് താരം മരിയ ഷറപ്പോവ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് നേരിട്ട വിമര്‍ശനം ചെറുതൊന്നുമല്ല. ഇപ്പോഴിതാ ആ പൊങ്കാലയ്ക്ക് കൂട്ടമാപ്പു പറച്ചിലുമായി ഷറപ്പോവയുടെ സോഷ്യല്‍ മീഡിയയ പേജുകള്‍ കീഴടക്കിയിരിക്കുകയാണ് മലയാളികള്‍.
കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ നിലപാടാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. അന്നത്തെ സംഭവത്തില്‍ ഷറപ്പോവയോട് മാപ്പ് പറയുന്ന മലയാളികള്‍, സച്ചിന്റെ ഔദ്യോഗിക പേജിലെ കമന്റ് ബോക്‌സില്‍ വിയോജിപ്പും അമര്‍ഷവും കുത്തി നിറയ്ക്കുകയാണ്.
രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും ഇന്ത്യയുടെ പരമാധികാരം ആര്‍ക്കു മുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്നും പറഞ്ഞു കൊണ്ടായിരുന്നു റിഹാന്ന കര്‍ഷകരെ പിന്തുണച്ചതിനെതിരെ സച്ചിന്റെ ട്വീറ്റ്. “ഇന്ത്യയുടെ പരമാധികാരം ആര്‍ക്കു മുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തു നിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം”, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ അമേരിക്കന്‍ പൊലീസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വര്‍ഗീയതക്കെതിരെ അമേരിക്കയില്‍ വലിയ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരുന്നു. രാജ്യത്തിന് പുറമെ നിന്നുള്ളവരുടെ അഭിപ്രായം നിയന്ത്രിക്കാന്‍ പറഞ്ഞ സച്ചിന്‍ എന്തിനാണ് അമേരിക്കയിലെ വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തിയതെന്നാണ് ചോദ്യമുയരുന്നത്.
പോപ്പ ഗായിക റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്, യു.എസില്‍ നിന്നും, യു.കെയില്‍ നിന്നുമുള്ള നിരവധി രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍ എന്നിവര്‍ കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതോടെ ‘ഇന്ത്യ എഗെയ്‌ന്സ്റ്റ് പ്രൊപ്പഗണ്ട’ തലക്കെട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ കാമ്പയ്ന്‍ ഒരുക്കിയിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ വിമര്‍ശനവുമായി ഇന്ത്യയിലെ സിനിമാ ക്രിക്കറ്റ് മേഖലയിലുള്ളവര്‍ രംഗത്തെത്തുകയായിരുന്നു.
കര്‍ഷകരുടെ വിഷയത്തില്‍ എന്തുകൊണ്ടാണു നമ്മള്‍ ചര്‍ച്ച നടത്താത്തതെന്നായിരുന്നു റിഹാനയുടെ ട്വിറ്ററിലെ ചോദ്യം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളും പോപ് ഗായിക ഷെയര്‍ ചെയ്തിട്ടുണ്ട്.