ആരാധകരെ സാക്ഷിയാക്കി തന്റെ ഗ്രാന്‍ഡ് സ്‌ലാം കരിയര്‍ അവസാനിച്ചുവെന്ന് പറയവേ വികാരമടക്കാനാകാതെ വിതുമ്പിക്കരഞ്ഞ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ‘എന്റെ മകന്റെ മുന്നില്‍ വെച്ച് ഒരു ഗ്രാന്‍ഡ്സ്‌ലാം ഫൈനല്‍ കളിക്കാനാകുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും ഇപ്പോള്‍ താന്‍ കരഞ്ഞാല്‍, അത് തന്റെ സന്തോഷക്കണ്ണീരാണെന്നും ദുഃഖം കൊണ്ടുള്ളതല്ലെന്നും സാനിയ പറഞ്ഞു.
‘രോഹന്‍ ബോപ്പണ്ണയാണ് എന്റെ ആദ്യത്തെ മിക്സഡ് ഡബിള്‍സ് പാര്‍ട്ട്ണര്‍. അന്ന് എനിക്ക് 14 വയസ്സായിരുന്നു പ്രായം. രോഹന് 20. ഇപ്പോള്‍ തങ്ങള്‍ക്ക് 36 ഉം 42 മായി. ഇപ്പോഴും തങ്ങള്‍ കളിക്കുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. എന്റെ അവസാന ഗ്രാന്‍സ്ലാം മത്സരത്തില്‍ പാര്‍ട്ട്ണറായി കളിക്കാന്‍ രോഹനേക്കാള്‍ മികച്ചൊരു താരമില്ല.
എന്റെ പ്രൊഫഷണല്‍ കരിയറിന് തുടക്കമിടുന്നത് മെല്‍ബണില്‍ വെച്ചാണ്. എന്റെ ഗ്രാന്‍സ്ലാം മത്സര കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിനേക്കാള്‍ മികച്ച വേദി കിട്ടുമെന്ന് കരുതുന്നില്ല- സാനിയ പറഞ്ഞു.
കിരീട നേട്ടത്തോടെ ഗ്രാന്‍ഡ്‌സ്?ലാം കരിയര്‍ പൂര്‍ത്തിയാക്കാന്‍ ഉറച്ച് മെല്‍ബണിലേക്ക് തന്റെ ആദ്യ പ്രൊഫഷനല്‍ ടെന്നീസ് പങ്കാളിയായ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്‌സഡ് ഡബിള്‍സിലിറങ്ങിയ സാനിയയ്ക്ക് പക്ഷേ വിജയം നേടാനായില്ല. ലൂയിസ സ്റ്റെഫാനി റാഫേല്‍ മാറ്റോസ് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയയുടെയും രോഹന്റെയും തോല്‍വി.
ആറ് ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങളാണ് സാനിയയുടെ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കൈയിലുള്ള സമ്പാദ്യം.