സനല്‍ കുമാര്‍ പത്മനാഭന്‍
2016 റിയോ ഒളിംപിക്‌സിന് ഇറങ്ങിത്തിരിക്കുമ്പോള്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ മെഡല്‍ സ്വപ്നങ്ങളെല്ലാം ഒരാളെ ചുറ്റിപറ്റി ആയിരുന്നു. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി ഇന്ത്യന്‍ മോഹങ്ങളെ ആകാശം കാണിച്ച ഹൈദരാബാദ്‌ന്റെ അത്ഭുത പ്രതിഭ സൈന നെഹ്‌വാളില്‍.. എന്നാല്‍ അപ്രതീക്ഷിതമായി സൈന പരുക്കേറ്റു പിന്മാറിയപ്പോള്‍ പൊടുന്നനെ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയ ഭാരമേറിയ ഇന്ത്യന്‍ മെഡല്‍ സ്വപ്നങ്ങളെയാകെ ഒരു പതര്‍ച്ചയും കൂടാതെ തന്റെ ചുമലിലേക്ക് എടുത്തു വച്ച് കൊണ്ട് ഉറച്ച കാലുകളോടെയും വിറക്കാത്ത കൈകളോടെയും കോര്‍ട്ടിലേക്ക് ഇറങ്ങി ത്രിവര്ണപതാകയില്‍ പൊതിഞ്ഞ വെള്ളി മെഡലുമായി തിരിച്ചു കയറിയ ഒരു പ്രതിഭയുണ്ട്!
തൊട്ടടുത്ത ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ കൂടി നേടി അടുപ്പിച്ചു രണ്ടു ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം, ബാഡ്മിന്റണ്‍ വേള്‍ഡ് ചാംപ്യന്‍ഷിപ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന വിശേഷണങ്ങളും സ്വന്തം പേരില്‍ ചാര്‍ത്തിയൊരു പ്രസ്ഥാനം.. പി വി സിന്ധു..
ആറാം വയസു മുതല്‍ സ്വന്തം വീടിന്റെ മച്ചിന്‍പുറങ്ങളേക്കാള്‍ ഇന്‍ഡോര്‍ സ്റ്റേടിയങ്ങളുടെ മേല്‍ക്കൂരകള്‍ കണ്ടു തുടങ്ങിയ.. പരിശീലനത്തിന് വേണ്ടി മാത്രം ദിവസവും 54 കിലോമീറ്ററുകളോളം സഞ്ചരിച്ച.. ബാഡ്മിന്റന്‍ കോര്‍ട്ടിലെ 44 അടി മണ്ണിനേക്കാള്‍ ചെറുതാണ് ഭൂമിയിലെ മറ്റെല്ലാ സ്വര്‍ഗങ്ങളും എന്ന് വിശ്വസിച്ചിരുന്ന.. പരാജയത്തിന്റെ വിങ്ങലുകളും വിജയങ്ങളുടെ ആലസ്യവും സിരകളിലെ പോരാട്ടവീര്യത്തെ ബാധിക്കാതിരിക്കാനുള്ള ഔഷധം കഠിനാധ്വാനം മാത്രമാണെന്ന് തിരിച്ചറിവുള്ള.. ഇന്ത്യയുടെ കായികചരിത്രത്തില്‍ സമാനതകളില്ലാത്ത ഉയരത്തിലേക്കു കരളുറപ്പു കൊണ്ട് നടന്നു പോയൊരാള്‍..
ഒരു മകളുടെ ജീവിതത്തിലെ ഏറ്റവും വലുത് അവളുടെ വിവാഹം ആണെന്ന് ചിന്തിക്കാതെ, പൂര്‍ണ പിന്തുണയും കൊടുത്തു അവളെ അവളുടെ സ്വപ്നങ്ങളുടെ പിറകെ അലയുവാന്‍ വിട്ട അച്ഛന്റെയും.. മകളുടെ ഉള്ളില്‍ വിരിഞ്ഞ ബാഡ്മിന്റന്‍ പൂമൊട്ടുകള്‍ വിടരും മുന്‍പേ കരിയാതിരിക്കാന്‍ അവക് വെള്ളവും വളവും കൊടുത്തു പരിപാലിക്കാനായി സ്വന്തം ജോലി ഉപേക്ഷിച്ചു അവളുടെ കൂടെ നിന്ന അമ്മയുടെയും.. പ്രചോദിപ്പിച്ചും , പരിഹസിച്ചും, അഭ്യസിപ്പിച്ചും, പ്രതിഭയെ രാകി മിനുക്കിയും അയാളെ അയാളാക്കി മാറ്റിയ ഗുരുവിന്റെയും കൈകളിലേക്ക്.. പതിനെട്ടാം വയസില്‍ അര്‍ജുന അവാര്‍ഡും , ഇരുപതാം വയസില്‍ പത്മശ്രീയും സമര്‍പ്പിച്ചു തന്നിലര്‍പ്പിച്ച വിശ്വാസം കാത്തവള്‍.
അയാള്‍ കോമണ്‍ വെല്‍ത് ഗെയിംസില്‍ സ്വര്‍ണം നേടി വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. അഭിനന്ദങ്ങള്‍…. പ്രിയ സിന്ധു.. നമ്മുടെ പെണ്‍കുട്ടികള്‍ നിങ്ങളെ കണ്ടു സ്വപ്നങ്ങള്‍ കാണട്ടെ..
കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്