ഒളിംപിക്സില്‍ അരങ്ങേറി ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു ആദ്യ സ്വര്‍ണത്തിനായി ഫിലിപ്പൈന്‍സ് എന്ന ദ്വീപ് രാജ്യത്തിന്. ഒടുവില്‍ ഹിഡിലി ദിയാസിലൂടെ അവര്‍ അത് നേടിയെടുത്തു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ദിയാസിന് വന്‍ സമ്മാനവും ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
വനിതകളുടെ (55 കിലോഗ്രാം) ഭാരോദ്വഹനത്തില്‍ ചൈനയുടെ ലോക റെക്കോഡുകാരി ലിയാവോ ക്വുയിനെ അട്ടിമറിച്ചാണ് ദിയാസിന്റെ സുവര്‍ണനേട്ടം. കോവിഡ് കാരണം മലേഷ്യയില്‍ അഭയാര്‍ത്ഥിയായിക്കഴിയുന്ന എയര്‍ഫോഴ്സ് ജീവനക്കാരിയായ ദിയാസ് അവിടെ നിന്നാണ് ടോക്യോയിലെത്തിയത്.
നൂറു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണം സമ്മാനിച്ച ദിയാസിന് 33 മില്യണ്‍ പെസോസ് (അഞ്ച് കോടിയോളം രൂപ) ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് അവര്‍ക്ക് വീടും വച്ചുനല്‍കും.
Read more
റിയോയിലും ദിയാസ് വെള്ളി മെഡല്‍ നേടിയിരുന്നു. ഇരുപത് വര്‍ഷത്തിനുശേഷം ആദ്യമായി ഫിലിപ്പൈന്‍സിന് ലഭിക്കുന്ന ഒളിംപിക്സ് മെഡലായും അതു മാറിയിരുന്നു. 1924 മുതല്‍ ഒളിംപിക്സില്‍ മത്സരിക്കുന്ന ഫിലിപ്പൈന്‍സ് ഇതുവരെ 11 മെഡലുകളാണ് ഷെല്‍ഫിലെത്തിച്ചിട്ടുള്ളത്.