ടോക്കിയോ ഒളിമ്പിക്‌സില്‍ രവി കുമാര്‍ ദാഹിയയിലൂടെ ഇന്ത്യയുടെ ആറാം മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഫൈനലില്‍ എത്തിയാണ് രവി ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ചത്. കലാശപ്പോരില്‍ പരാജയപ്പെട്ടാലും രവി കുമാറിന് വെള്ളി മെഡല്‍ സ്വന്തമാകും.
സെമിയില്‍ കടുത്ത മത്സരമാണ് രവി കുമാറിന് കസാക്കിസ്ഥാന്റെ നൂറിസ്ലാം സന്‍യേവില്‍ നിന്ന് നേരിടേണ്ടി വന്നത്. തോല്‍വി ഉറപ്പിച്ചു നിന്ന ഘട്ടത്തില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ താരം ഫൈനല്‍ ഉറപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന് സന്‍യേവിന്റെ പല്ല് ഉപയോഗിച്ചുള്ള ആക്രമണത്തെയും രവി കുമാറിന് ചെറുക്കേണ്ടി വന്നു.
പോരാട്ടത്തിനിടയില്‍ രവി കുമാറിന്റെ കയ്യില്‍ കസാഖ് താരം കടിക്കുകയായിരുന്നു. താരത്തിന്റെ കടിയുടെ പാട് രവിയുടെ കൈയില്‍ പതിഞ്ഞു. എന്നാല്‍ മത്സരത്തിനിടയിലും ശേഷവും ഇന്ത്യന്‍ താരം ഈ കടി പ്രയോഗത്തെ കുറിച്ച് റഫറിയോട് സൂചിപ്പിച്ചിരുന്നില്ല. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ നിന്നുമാണ് ആരാധകര്‍ ഈ സംഭവം മനസിലാക്കിയത്.
മത്സരത്തില്‍ 5-9 എന്ന സ്‌കോറിന് സനയേവ് മുന്നിട്ട് നിന്നതാണ്. എന്നാല്‍ അവസാന നിമിഷം രവി കുമാര്‍ സനയേവിനെ മലര്‍ത്തിയടിച്ചു. കെ.ഡി യാദവ്, സുശില്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവര്‍ക്കുശേഷം ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ഇന്ത്യന്‍ ഗുസ്തി താരമാണ് രവി കുമാര്‍.