കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനിടെ സ്റ്റേഡിയം വിട്ടു പുറത്തുപോയതോടെ ഒളിംപിക്സ് വെങ്കല ജേതാവായ ബോക്സർ ലവ്‌ലിന ബോർഗോഹെയ്ൻ വിവാദക്കുരുക്കിൽ. ഉദ്ഘാടനച്ചടങ്ങ് തീരുന്നതിന് മുമ്പേ തന്നെ സ്റ്റേഡിയം വിടാൻ ശ്രമിച്ച ലവ്‌ലിനയും ബോക്സിങ് താരം മുഹമ്മദ് ഹസമുദ്ദീനുമാണ് കുടുക്കിൽ പെട്ടിരിക്കുന്നത്.
പണി കിട്ടിയത് പിന്നെയാണ്, സ്റ്റേഡിയത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച താരങ്ങൾക്ക് ടാക്സി കിട്ടിയില്ല. ഇതോടെ ഒരു മണിക്കൂർ താരങ്ങൾ പുറത്ത് തന്നെ നിന്നു. തന്റെ അറിവോടെയല്ല താരങ്ങൾ സ്റ്റേഡിയം വിട്ടതെന്ന് ഇന്ത്യൻ സംഘത്തലവൻ രാജേഷ് ഭണ്ഡാരി പറഞ്ഞു.
താരങ്ങൾ രണ്ട് പേരും അവർക്ക് പരിശീലനം ഉള്ളതിനാലാണ് മടങ്ങിയതെന്നാണ് പറയുന്നത്. എന്തിരുന്നാലും ടാക്സി കിട്ടാതെ വന്നതോടെ ഇരുവർക്കും ടീം അംഗങ്ങൾ യാത്ര ചെയ്ത ബസിനെ തന്നെ ആശ്രയിക്കേണ്ടതായി വന്നു.
കർശനമായ നിർദേശങ്ങൾ ഉള്ളപ്പോൾ താരങ്ങൾ നടത്തിയത് നിയമലംഘനമാണെന്ന് അധികൃതർ പറയുന്നു, ശിക്ഷ നടപടികൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.