ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ കഴിഞ്ഞ ദിവസം എത്തിയിരുന്നു. സമരക്കാരെ കണ്ട് ശേഷം മാധ്യമങ്ങളോട് സംസാരിക്കാതെയാണ് ഉഷ മടങ്ങിയത്. എന്നാല്‍ തങ്ങള്‍ക്ക് ഉഷ എല്ലാവിധ സഹായവും ഉറപ്പ് നല്‍കിയതായി ടാക്കിയോ ഗെയിംസ് വെങ്കല മെഡല്‍ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു.
ആദ്യം അവര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വളരെ വിഷമം തോന്നി. എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുകയായിരുന്നെന്ന് അവര്‍ പറഞ്ഞു. താന്‍ ആദ്യം അത്ലറ്റാണെന്നും പിന്നീടാണ് അഡ്മിനിസ്‌ട്രേറ്ററെന്നും അവര്‍ പറഞ്ഞു- ബജ്‌രംഗ് പറഞ്ഞു.
ഞങ്ങള്‍ക്ക് നീതി വേണമെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. സര്‍ക്കാരുമായോ പ്രതിപക്ഷവുമായോ മറ്റാരുമായോ ഞങ്ങള്‍ക്ക് വഴക്കില്ല. ഗുസ്തിയുടെ ഉന്നമനത്തിന് വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കപ്പെടുകയും ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയും ചെയ്താല്‍ നിയമനടപടിയുണ്ടാകണം- ബജ്‌രംഗ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ താരങ്ങളുടെ സമരത്തിനെതിരെ പി.ടി ഉഷ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഗുസ്തി ഫെഡറേഷനും അതിന്റെ മേധാവിക്കുമെതിരെ തെരുവില്‍ സമരം തുടങ്ങുന്നതിന് മുന്‍പ് താരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നു. തെരുവിലെ സമരം രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.