Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റയലിൽ വീണ്ടും വിനീഷ്യസ് തരംഗം, നേടിയത് തകർപ്പൻ ഓവർഹെഡ് കിക്ക് ഗോൾ

, 4:46 pm

റയൽ മാഡ്രിഡിന്റെ ഫസ്റ്റ് ടീമിൽ നിന്നും തന്നെ തഴയുന്നതിന് തകർപ്പൻ മറുപടി നൽകി ബ്രസീലിന്റെ കൗമാര താരം വിനീഷ്യസ് ജൂനിയർ. റയൽ മാഡ്രിഡിന്റെ ട്രയിനിംഗിനിടെ അത്ഭുത ഗോൾ നേടിയാണ് വിനീഷ്യസ് സീനിയർ ടീമിൽ തനിക്ക് ഇടം നേടാൻ അർഹതയുണ്ടെന്നു തെളിയിച്ചത്. മാഴ്സലോയുടെ ക്രോസ് നെഞ്ചിൽ സ്വീകരിച്ച് അതിമനോഹരമായി നിയന്ത്രിച്ച ശേഷം ഒരു അക്രോബാറ്റിക് കിക്കിലൂടെ താരം അതു വലക്കകത്താക്കുകയായിരുന്നു. വെറും പതിനെട്ടു വയസു മാത്രം പ്രായമുള്ള താരം റയലിലെ മറ്റു താരങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് ട്രയിനിംഗിൽ കാഴ്ച വെക്കുന്നത്. എന്നാൽ റയലിനു വേണ്ടി ഇതു വരെ ഒരു പ്രധാന മത്സരത്തിൽ പോലും താരം കളത്തിലിറങ്ങിയിട്ടില്ല.

പ്രീ സീസൺ മത്സരങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ച വിനീഷ്യസിനെ റയൽ പരിശീലകൻ ലൊപടൂയി റയലിന്റെ യൂത്ത് ടീമിലേക്ക് അയക്കുകയായിരുന്നു. യൂത്ത് ടീമിനു വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ അത്ലറ്റികോ മാഡ്രിഡിനെതിരെ താരമാവാൻ ബ്രസീലിയൻ താരത്തിനു കഴിഞ്ഞു. ബോക്സിനു പുറത്തു നിന്നുള്ള ഒരു ഗംഭീര ഷോട്ടിൽ നിന്നുള്ള ഗോളുൾപ്പെടെ രണ്ടു തവണയാണ് റയലിനു വേണ്ടി താരം വല കുലുക്കിയത്. മത്സരം സമനിലയിലാവാൻ സഹായിച്ചതും വിനീഷ്യസിന്റെ പ്രകടനമായിരുന്നു. മത്സരത്തിനിടെ അത്ലറ്റികോ ക്യാപ്റ്റൻ വിനീഷ്യസിന്റെ തലയിൽ കടിച്ചതും വിവാദമായിരുന്നു. പിന്നീട് താരം ഇക്കാര്യത്തിൽ ക്ഷമാപണം നടത്തുകയുമുണ്ടായി.

ഫ്ളമങ്ങോയിൽ നിന്നും 45 ദശലക്ഷം യൂറോയുടെ ട്രാൻസ്ഫറിലാണ് വിനീഷ്യസ് റയലിലെത്തുന്നത്. റയലിൽ അവസരങ്ങൾ കുറയുന്നതു കാരണം താരം തന്റെ മുൻ ക്ലബായ ഫ്ളമങ്ങോയിലേക്കു തിരിച്ചു പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ വിനീഷ്യസ് സീനിയർ ടീമിൽ ഇടം നേടാൻ കഴിവുള്ള താരമാണെന്നാണ് പരിശീലകൻ ലൊപടൂയി പറയുന്നത്. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതു കൊണ്ട് അടുത്തു തന്നെ താരം റയലിന്റെ സീനിയർ ടീമിൽ ഇടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement