മേഘങ്ങള്‍ മാറി നിന്നു; ഇന്ത്യ-പാക് മത്സരം തുടങ്ങി

ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് മത്സരം മാഞ്ചസ്റ്ററിലെ എമിറേറ്റ്സ് ഓള്‍ഡ് ട്രാഫോഡ് സ്റ്റേഡിയത്തില്‍ തുടങ്ങി. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാനു പകരം വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടുന്നത്. താരം തന്നെയാവും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകേഷ് രാഹുല്‍ ഓപ്പണറുടെ റോളിലേക്ക് എത്തും. ആറോവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 32 റണ്‍സെടുത്തിട്ടുണ്ട്.

പരിക്കേറ്റ ഓപ്പണര്‍ ശിഖാര്‍ ധവാനു പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓപ്പണറായി രോഹിത് ശര്‍മയ്ക്കൊപ്പം കെ.എല്‍ രാഹുല്‍ കളത്തിലിറങ്ങി. രണ്ട് സ്പിന്നര്‍മാരാണ് പാക് ഇലവനിലുള്ളത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, എം.എസ് ധോനി, കേദാര്‍ ജാധവ്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ.

ടീം പാകിസ്താന്‍: ഇമാം-ഉള്‍-ഹഖ്, ഫഖര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഷൊയിബ് മാലിക്, ഇമദ് വസീം, ഷദാബ് ഖാന്‍, ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍.

ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തിയ ഇന്ത്യക്കു മൂന്നുമത്സരങ്ങളില്‍ നിന്നായി ഇപ്പോള്‍ അഞ്ച് പോയിന്റുണ്ട്. ന്യൂസിലാന്‍ഡിനെതിരായ മൂന്നാംമത്സരം മഴയില്‍ നഷ്ടപ്പെട്ടിരുന്നു.