സർക്കാരിന്റെ കോവിഡ് പാക്കേജിനെ വെല്ലുവിളിച്ച് സ്‍മാർട്ട് സിറ്റി; മുഖ്യ ബിസിനസ് ഭൂമികച്ചവടമെന്നും വിശദീകരണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഐ.ടി കമ്പനികൾക്ക് വാടകയിനത്തിൽ സർക്കാർ അനുവദിച്ച ഇളവ് അട്ടിമറിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി അടിസ്ഥാന സൗകര്യ കമ്പനിയായ സ്മാർട്ട് സിറ്റി കൊച്ചി.

സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഐ.ടി സ്ഥാപനങ്ങൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ വാടകയിനത്തിൽ പ്രഖ്യാപിച്ച ഇളവ് നൽകാൻ തങ്ങൾ ബാദ്ധ്യസ്ഥരല്ലെന്ന വിചിത്ര വാദം നിരത്തിയാണ്, വാടക നിർബന്ധമായും നൽകണമെന്ന് സ്മാർട്ട് സിറ്റി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിന് വ്യക്തമായ ഓഹരി പങ്കാളിത്തമുള്ള, മുഖ്യമന്ത്രി ചെയർമാനായ കമ്പനിയാണ് സർക്കാരിനെയും ജനങ്ങളെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടിക്ക് മുതിർന്നിരിക്കുന്നത്. ഒന്നര ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് വാടകയിനത്തിൽ കമ്പനികൾ നൽകേണ്ടത്. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇതിനു നിർവ്വാഹമില്ലെന്നതാണ് വസ്തുത. ഗവണ്മെന്റ് തീരുമാനം, സ്മാർട്ട് സിറ്റി അധികൃതർ അട്ടിമറിക്കുന്നതിനെതിരെ നാല് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തെ വാടക പൂർണമായും ഒഴിവാക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. മുഖ്യമന്ത്രി ഇടപെട്ടിട്ടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും സ്‍മാർട്ട് സിറ്റി അധികൃതർ തയ്യാറായിട്ടില്ല.

തങ്ങളുടേത് ഇന്ത്യൻ കമ്പനി നിയമപ്രകാരം സ്ഥാപിതമായിരിക്കുന്ന ഒരു സ്വകാര്യ സ്ഥാപനമാണെന്നും റിയൽ എസ്റ്റേറ്റ് ബിസിനസാണ് കമ്പനിയുടെ മുഖ്യ ബിസിനസെന്നുമാണ് 21 ഐ ടി കമ്പനികൾക്ക് നൽകിയിരിക്കുന്ന മറുപടിയിൽ കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

അതുകൊണ്ട് സ്മാർട്ട് സിറ്റിയും ഐ ടി കമ്പനികളും തമ്മിലുള്ള കരാർ പാലിക്കണമെന്നുമാണ് സി ഇ ഒ മനോജ് നായർ മെയ് 18- നു നൽകിയിരിക്കുന്ന കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കമ്പനികൾ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് കേരള സർക്കാർ ഐ ടി ഇൻഫ്രാസ്ട്രക്ച്ചർ വികസനം ലക്ഷ്യമാക്കി, ദുബായിലെ ടീകോം എന്ന കമ്പനിയുമായി ചേർന്ന് 2007 മെയിൽ രൂപീകരിച്ച സ്മാർട്ട് സിറ്റി ഒരു സ്വകാര്യ കമ്പനിയാണെന്ന വിചിത്രമായ ഈ വാദം ഉന്നയിച്ചിരിക്കുന്നത്.

അഞ്ചു പേജ് വരുന്ന മറുപടിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനെ കുറിച്ച് ഏറെ പ്രതിപാദിക്കുമ്പോൾ ഐ ടി മേഖലയിലെ അടിസ്ഥാനസൗകര്യം എന്ന തങ്ങളുടെ സ്ഥാപനോദ്ദേശത്തെ കുറിച്ച് ഒരിടത്തും കാര്യമായി ഒന്നും പരാമർശിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.

ഐ ടി അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്പരിചയമില്ലാത്ത സ്മാർട്ട് സിറ്റി ഒരു റിയൽ എസ്റ്റേറ്റ് കമ്പനി മാത്രമാണെന്ന വിമർശനം കരാർ ഒപ്പിടുന്ന വേളയിൽ തന്നെ പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. ഇത് വ്യക്തമായി സാധൂകരിക്കുന്ന ഒരു മറുപടിയാണ് ഇപ്പോൾ സി ഇ ഒ നൽകിയിരിക്കുന്നത്.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾക്ക് സ്‍മാർട്ട് സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് കേരള സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഒരു തീരുമാനവും ഇനിയും ഉണ്ടാകാത്തതിൽ ഇവിടത്തെ കമ്പനികളും ജീവനക്കാരും ഒരുപോലെ ആശങ്കയിലാണ്.

പല കമ്പനികളുടെയും വിദേശ ഓർഡറുകൾ കാൻസലാവുകയോ, തത്കാലത്തേക്ക് മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീമമായ വാടക കൂടി നൽകേണ്ട അവസ്ഥയുണ്ടായാൽ ബഹുഭൂരിപക്ഷം കമ്പനികളും പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഒരു പ്രമുഖ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ പറഞ്ഞു.

ഏപ്രിൽ 27- നു പുറപ്പെടുവിച്ച സർക്കാരിന്റെ നിർദേശം സർക്കാർ ഉടമസ്ഥയിലുള്ള ഐ ടി സ്ഥാപങ്ങൾക്കും ഐ ടി പാർക്കുകൾക്കും മാത്രം ബാധകമായ ഒന്നാണ്. അതുകൊണ്ട് പൂർണമായും സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് സിറ്റി [ കൊച്ചി] ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന തങ്ങളുടെ കമ്പനിക്ക് ഈ സർക്കാർ ഉത്തരവ് ബാധകമല്ലെന്നാണ് ഒരു ഐ ടി കമ്പനിക്ക് നൽകിയിരിക്കുന്ന മറുപടിയിൽ സ്മാർട്ട് സിറ്റി സി ഇ ഒ വ്യക്തമാക്കിയിരിക്കുന്നത്.

ഈ കമ്പനിക്ക് നൽകിയിരിക്കുന്ന മറുപടിയുടെ രണ്ടാം പേജിൽ വിചിത്രമായ മറ്റൊരു വസ്തുത കൂടിയുണ്ട്. കേരള സർക്കാരും രാഷ്ട്രീയ പാർട്ടികളും ജനങ്ങളും മനസിലാക്കേണ്ട നിർണായകമായ ഒന്നാണ് അത്. സ്മാർട്ട് സിറ്റിയിൽ കേരള സർക്കാരിനോ , ഗവണ്മെന്റ് ഐ ടി പാർക്കുകകൾക്കോ ഒരു തരത്തിലുള്ള ഉടമസ്ഥാവകാശവുമില്ലെന്നാണ് അസന്നിഗ്ധമായി കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കേരള സർക്കാരിൽ നിന്നും ഒരു രീതിയിലുമുള്ള സാമ്പത്തിക സഹായവും തങ്ങൾക്ക് ലഭിക്കുന്നില്ല. അടുത്തകാലത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ തങ്ങളുടേത് പോലുള്ള കമ്പനികൾക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരത്തിലുള്ള വിചിത്രമായ ന്യായീകരങ്ങളാൽ സമ്പന്നമാണ് സി ഇ ഒ നൽകിയിരിക്കുന്ന മറുപടി.

പുല്ലുവിലയുള്ള ഫ്രെയിംവർക്ക് എഗ്രിമെന്റ്, നോക്കുകുത്തിയായി സർക്കാർ

2007 മെയ് 13- നാണ് സംസ്ഥാനത്തിന്റെ വ്യവസായ രംഗത്തെ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിച്ച ഫ്രെയിം വർക്ക് എഗ്രിമെന്റ് സംസ്ഥാന സർക്കാരും ഇൻഫോ പാർക്സ് കേരളയും ദുബായിലെ ടീകോം ഇൻവെസ്റ്റ്‌മെൻസും സ്മാർട്ട് സിറ്റി കൊച്ചിയും തമ്മിൽ ഒപ്പിടുന്നത്.

ഈ അഗ്രിമെന്റിൽ 5 .5 എന്ന ഭാഗത്ത് കാലാകാലങ്ങളിൽ കേരള സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ വിധത്തിലുള്ള അനുകൂല്യങ്ങൾക്കും ഇളവുകൾക്കും സ്മാർട്ട് സിറ്റിയിൽ പ്രവൃത്തിക്കുന്ന കമ്പനികൾക്കും അർഹതയുണ്ടായിരിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ വളരെ വിചിത്രമായ ഒരു വിശദീകരണമാണ് ഇക്കാര്യത്തിൽ സ്‍മാർട്ട് സിറ്റി സി ഇ ഒ മനോജ് നായർ നൽകിയിരിക്കുന്നത്.

ആറ് കാര്യങ്ങൾക്ക് മാത്രമാണ് ഇത് ബാധകമാവുക എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ദീർഘകാല പാട്ടത്തിന് ഭൂമി ലഭ്യമാക്കുക, സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് , ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങൾ, മെഷിനുകൾ, കാപ്പിറ്റൽ ഉത്പന്നങ്ങൾ തുടങ്ങിയവയുടെ പ്രവേശന നികുതി ഒഴിവാക്കൽ, സബ്‌സിഡി നിരക്കിൽ വൈദ്യുതി നൽകൽ, സിംഗിൾ വിൻഡോ ക്ലിയറൻസ്, തൊഴിൽ നിയമങ്ങൾ ഉദാരമാക്കൽ എന്നിവയാണ് ആ ആറ് കാര്യങ്ങൾ എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

അതായത്, വാടക ഒഴിവാക്കൽ പോലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല എന്നതാണ് കോവിഡ് പോലുള്ള ഒരു മഹാമാരിയുടെ കാലത്ത് സർക്കാർ പ്രഖ്യാപിച്ച അർഹതപ്പെട്ട ആനുകൂല്യം കമ്പനികൾക്ക് നിഷേധിക്കുന്നതിന് കാരണമായി ഉയർത്തുന്ന എതിർവാദം.

സ്മാർട്ട് സിറ്റി എന്നാൽ ഐ ടി അടിസ്ഥാനമായ ഒരു ടൗൺഷിപ്പ് ആയിരിക്കുമെന്ന് ഫ്രെയിം വർക്ക് എഗ്രിമെന്റിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുമ്പോഴാണ് ഭൂമി കച്ചവടമാണ് സ്‍മാർട്ട് സിറ്റിയുടെ ദൗത്യമെന്ന് കമ്പനി ഇപ്പോൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഇത് എഗ്രിമെന്റിന്റെ നഗ്നമായ ലംഘനവും ഇതിലെ ഒന്നാം കക്ഷിയായ സർക്കാരിനോടുള്ള വെല്ലുവിളിയുമാണെന്നത് വ്യക്തമാവുകയാണ്. സ്മാർട്ട് സിറ്റിയുടെ പ്രവർത്തനത്തിനായി പ്രത്യേകം രൂപീകരിക്കുന്ന സ്‌പെഷ്യൽ പർപ്പസ് വെഹിക്കിളിൽ [ എസ് പി വി ] സർക്കാരിന് 16 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും എന്ന് വ്യക്തമാക്കുന്നുണ്ട്.

അങ്ങനെയുള്ള ഒരു കമ്പനിയെയാണ് പൂർണമായും സ്വകര്യ കമ്പനിയാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. അതിനർത്ഥം 2007- ൽ ഒപ്പു വെച്ച ഫ്രെയിം വർക്ക് എഗ്രിമെന്റിന് അത് എഴുതിയിരിക്കുന്ന സ്റ്റാമ്പ് പേപ്പറിന്റെ പോലും വിലയില്ലെന്നാണ്. സർക്കാർ നോമിനികളായ രണ്ടു ഉയർന്ന ഉദ്യോഗസ്ഥർ ഇതിന്റെ ഡയറക്ടർ ബോർഡിൽ ഉണ്ടായിരിക്കും. സി ഇ ഒയുടെ മറുപടി സാമാന്യയുക്തിക്ക് പോലും നിരക്കുന്നതല്ല എന്നതാണ് വിചിത്രം. കാരണം, പൂർണമായും സ്വകാര്യ ഉടമസ്ഥയിലുള്ള ഒരു കമ്പനിയിൽ എങ്ങനെയാണ് രണ്ടു സർക്കാർ ഉദ്യോഗസ്ഥർ ബോർഡിൽ ഉണ്ടാവുക ?

പത്തു വർഷത്തിനുള്ളിൽ 90,000 തൊഴിൽ അവസരങ്ങൾ സ്‍മാർട്ട് സിറ്റിയിൽ ഉണ്ടാകണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. ഒപ്പം 88 ലക്ഷം ചതുരശ്ര അടി സ്ഥലം ഡെവലപ്പ് ചെയ്ത് അതിൽ 62 ലക്ഷം ചതുരശ്ര അടി ഐ ഐ അധിഷ്ഠിത ആവശ്യങ്ങൾക്ക് മാത്രമായി വികസിപ്പിക്കണമെന്നും കരാർ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ 13 വർഷം പിന്നിടുമ്പോൾ ഇതിന്റെ പത്തിലൊന്ന് തൊഴിലവസരങ്ങൾ പോലും ഇവിടെ ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം.

അതിനിടയിലാണ് കേരളത്തെ പരിഹസിക്കുന്ന വിധത്തിൽ സ്‍മാർട്ട് സിറ്റി അധികൃതർ നൽകുന്ന ഇത്തരത്തിലുള്ള വിചിത്രമായ മറുപടികൾ. പദ്ധതിക്കായി കാക്കനാട്, പുത്തൻകുരിശ്, വില്ലേജുകളിലായി മൊത്തം 246 ഏക്കർ ഭൂമിയാണ് അന്ന് സർക്കാർ ഏറ്റെടുത്ത് 99 വർഷത്തെ പാട്ട വ്യവസ്ഥയിൽ സ്മാർട്ട് സിറ്റിക്ക് കൈമാറിയത്. കേന്ദ്ര സർക്കാർ ഈ ഭൂമിക്ക് പ്രത്യേക സാമ്പത്തിക മേഖല എന്ന പദവിയും അനുവദിച്ച് നൽകി. ഇതിനു പുറമെ കുന്നത്തുനാട്, പുത്തൻകുരിശ് പഞ്ചായത്തുകളിലായി 167 ഏക്കർ കൂടി ഏറ്റെടുത്ത് നൽകി. ഈ ഭൂമിയെല്ലാം ഒരു സ്വാകാര്യ കമ്പനിയുടേതാണെന്നും തങ്ങൾക്ക് ഭൂമികച്ചവടമാണ് പ്രധാന ബിസിനസെന്നും സ്മാർട്ട് സിറ്റി കൊച്ചി എന്ന കമ്പനി പ്രഖ്യാപിക്കുമ്പോൾ അത് കേരള ജനതയോടുള്ള വ്യക്തമായ വെല്ലുവിളിയായി മാറുകയാണ്.

ഇവിടെ വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങളും ഉയരുകയാണ്. എന്താണ് സ്മാർട്ട് സിറ്റി പദ്ധതി ? 2007- ൽ ഒപ്പിട്ട ഫ്രെയിം വർക്ക് എഗ്രിമെന്റിന് എന്ത് വിലയുണ്ട് ? സ്‍മാർട്ട് സിറ്റി കമ്പനിയിൽ സംസ്ഥാന സർക്കാരിന് എന്തെങ്കിലും ?അവകാശമുണ്ടോ ? ഉണ്ടെങ്കിൽ തങ്ങളുടേത് ഒരു സ്വകാര്യ കമ്പനിയാണെന്ന് പറയാൻ ഇവർക്കെങ്ങനെ ധൈര്യം വന്നു ? 90,000 തൊഴിലവസരങ്ങളിൽ എത്രയെണ്ണം ഉണ്ടായി ? എത്ര ചതുരശ്ര അടി സ്ഥലം ഇവർ വികസിപ്പിച്ചു ? കരാർ പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കാതിരുന്നിട്ടും ഇവർക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതെന്താണ് ? കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ഇളവ് പോലും അനുവദിക്കാതെ വെല്ലുവിളിക്കുന്ന കമ്പനിക്കെതിരെ എന്ത് നടപടിയുണ്ടായി ? ഇത്തരം നിർണായകമായ നിരവധി ചോദ്യങ്ങൾക്ക് മറുപടി സംസ്ഥാന ജനതക്ക് ലഭിക്കേണ്ടതുണ്ട്.

Latest Stories

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ

രാത്രിയില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യും, തുടര്‍ന്ന് ലൈംഗിക പീഡനം; എതിര്‍ത്താല്‍ മരണം ഉറപ്പ്, ഒന്നര വര്‍ഷത്തിനിടെ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍