'ആര്‍സെനിക്കം ആല്‍ബം' ഗവേഷണ വിവാദം, സത്യാവസ്ഥ എന്ത്? ഹോമിയോപ്പതിയെ ഭയക്കുന്നതാര്?

ഡോ. എസ്. ജി ബിജു

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മെഡിക്കല്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണ് ആര്‍സ് ആല്‍ബ്ബെന്ന ഹോമിയോപ്പതി മരുന്നിനെ കുറിച്ചുളള വാദപ്രതിവാദങ്ങള്‍. 2020 ജനുവരി 21-ന് കേന്ദ്ര ആയുഷ് വകുപ്പ് കോവിഡ് 19 മഹാമാരി പടര്‍ന്ന് പിടിക്കുന്നത് തടയുവാന്‍ ആര്‍സ് ആല്‍ബ്ബ് 30 എന്ന മരുന്ന് പ്രയോജനപ്രദമാകാം എന്ന പത്രക്കുറിപ്പ് പുറപ്പെടുവിച്ചപ്പോള്‍ മുതല്‍ ആര്‍സ് ആല്‍ബ്ബും ഹോമിയോപ്പതിയും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. 2020 ജനുവരി 30-നാണ് ഇന്ത്യയില്‍ ആദ്യമായി ഒരു കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തത്, അത് കേരളത്തിലാണ്. തുടര്‍ന്ന് കൊറോണ പ്രതിരോധ മരുന്ന് എന്ന രീതിയില്‍ മരുന്നുകള്‍ വിതരണം ചെയ്യുവാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്, രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന “”ഇമ്മ്യൂണ്‍ ബൂസ്റ്റര്‍”” മരുന്ന് എന്ന നിലയില്‍ “ആര്‍സ് ആല്‍ബ്ബ്” വിതരണം ചെയ്യുവാന്‍ ആയുഷ് വകുപ്പ് ഉത്തരവിട്ടു.

“ആര്‍സ് ആല്‍ബ്ബ്” എന്നത് ഒരു പുതിയ മരുന്നല്ല. കഴിഞ്ഞ 230 വര്‍ഷങ്ങളായി നിരവധി രോഗികളില്‍ വിവിധങ്ങളായ രോഗങ്ങള്‍ക്ക് നല്‍കി വരുന്ന ഒരു ഔഷധമാണ് ആര്‍സ് ആല്‍ബ്ബ്. ഹോമിയോപ്പതിയില്‍ അന്നും ഇന്നും രോഗലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചികില്‍സയും പ്രതിരോധവും നിശ്ചയിക്കുന്നത്. 1820-ല്‍ ലോകവ്യാപകമായുണ്ടായ സ്‌കാര്‍ലെറ്റ് ഫീവര്‍ മുതല്‍ 2017-ലെ കേരളത്തിലെ ഡെങ്കു പകര്‍ച്ചവ്യാധി വരെ നിരവധി ചെറുതും വലുതുമായ പകര്‍ച്ചവ്യാധികളെ തടയുന്നതില്‍ ഹോമിയോപ്പതി വഹിച്ച പങ്ക് ചരിത്രമാണ്. ഏഷ്യാറ്റിക് കോളറയിലും മറ്റും ഇത്തരത്തില്‍ നല്‍കിയ മരുന്നുകളുടെ ഫലപ്രാപ്തി ലോകമെമ്പാടും ഹോമിയോപ്പതിയുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

“ആര്‍സ് ആല്‍ബ്ബ്” എന്താണ് എന്നും അതെങ്ങിനെ ആണ് രോഗ പ്രതിരോധത്തിന് കാരണമാകുന്നത് എന്നും ഇന്ന് ലോകമെമ്പാടുമുള്ള മില്ല്യണ്‍ കണക്കിനു ആളുകള്‍ക്ക് അറിയാം. ആദ്യസമയത്ത് ഉണ്ടാകാതിരുന്ന എതിര്‍പ്പ് മോഡേണ്‍ മെഡിസിന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐ എം എ യുടെ കേരള ഘടകത്തിലെ നേതൃത്വത്തില്‍ നിന്നും ഉയര്‍ന്നു വന്നത് എപ്പോള്‍ ആണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്ത് വരുന്ന മലയാളികള്‍ക്ക് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നു. മതിയായ ചികില്‍സയോ പ്രതിരോധമോ, പ്രതിരോധമാര്‍ഗ്ഗങ്ങളോ തേടുവാനാകാതെ വലഞ്ഞു പോയ അവര്‍ക്ക്, പ്രത്യേകിച്ചു ഗള്‍ഫ് മേഖലകളില്‍ ഉള്ളവര്‍ക്ക് ഏക ആശ്രയം ഹോമിയോപ്പതി ആയിരുന്നു. ഒരേ മുറികളില്‍ തന്നെ നിരവധി പേര്‍ കഴിയേണ്ടിവന്ന സാഹചര്യങ്ങള്‍ ഒന്നും അവര്‍ക്ക് ഒഴിവാക്കുവാനാകുമായിരുന്നില്ല. പ്രതിരോധത്തിനും ചികില്‍സക്കുമായി ഹോമിയോപ്പതി സ്വീകരിച്ച സാധാരണ ജനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അവരുടെ അനുഭവം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ഹോമിയോപതി ചികില്‍സ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും അറിയാതിരുന്നവര്‍ക്കും “ആര്‍സ് ആല്‍ബ്ബ്” കൊറോണ പ്രതിരോധിക്കും എന്ന അനുഭവം ഉണ്ടായപ്പോള്‍, കൊറോണയ്ക്കുള്ള പ്രതിരോധ മരുന്ന് എന്ന നിലയില്‍ “ആര്‍സ് ആല്‍ബ്ബ്” പ്രചരിപ്പിക്കപ്പെട്ടു. ഓര്‍മ്മിക്കുക, ഔദ്യോഗികമായി ഇമ്മ്യൂണ്‍ ബൂസ്റ്റ് ചെയ്യപ്പെടും എന്നല്ലാതെ കൊറോണയെ പ്രതിരോധിക്കും എന്നു ഹോമിയോപ്പതി വകുപ്പ് എവിടേയും ഈ നിമിഷം വരെ അവകാശപ്പെട്ടിട്ടില്ല. 100% ഒന്നും അല്ല എങ്കിലും മരുന്ന് കഴിച്ച മില്ല്യണ്‍ കണക്കിനു ആളുകളില്‍ മഹാ ഭൂരിപക്ഷത്തിനും കൊറോണ വൈറസ് ബാധ ഏറ്റില്ല എന്നതാണു അനുഭവം. ഇക്കാര്യത്തില്‍ കൃത്യമായ പഠനം നടത്തണം എന്നതാണു ഹോമിയോപ്പതി രംഗത്തുള്ളരുടെയും അഭിപ്രായം.

കേരളത്തില്‍ കൊറോണ വ്യാപകമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോള്‍ സമയോചിതമായി കേരളത്തിലെ ഹോമിയോപ്പതി വകുപ്പ് ഇടപെട്ടു ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്തു തുടങ്ങി. പത്തനംതിട്ട ജില്ലയിലാണ് ആദ്യമായി ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനാല്‍ തന്നെ അവിടെ ആയിരുന്നു ഡി എം ഓ യുടെ നേതൃത്വത്തില്‍ മരുന്ന് വിതരണം ആദ്യം ആരംഭിച്ചത്. ആലപ്പുഴയില്‍ ഹോംകൊ(HOMCO) എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിര്‍മ്മിച്ച സ്ട്രിപ്പുകളിലായാണ് മരുന്ന് വിതരണം നടത്തിയത്. 12 ലക്ഷത്തിലധികം പേര്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുകയും, ആര്‍ക്കൊക്കെ വിതരണം ചെയ്തു എന്നു കൃത്യമായ കണക്കുകളും, പേരും ഫോണ്‍ നമ്പറും സഹിതം ഡി എം ഓ ഓഫീസ് കൃത്യതയോടെ സൂക്ഷിച്ചിട്ടുണ്ട്. തുടര്‍ന്ന്് മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ തികച്ചും സൗജന്യമായി മരുന്ന് വിതരണം ചെയ്തു. ഇതോടൊപ്പം തന്നെ ഹോമിയോപ്പതി രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ക്കൂടി സൗജന്യ മരുന്ന് വിതരണം ഏറ്റെടുത്തപ്പോള്‍ പ്രതിരോധമരുന്ന് വിതരണം ഭൂരിഭാഗം ആള്‍ക്കാരിലേക്കും എത്തി എന്ന സവിശേഷമായ സാഹചര്യം കേരളത്തില്‍ ഉണ്ടായി. ഐ. എച്ച് കെ, ഐ എച്ച് എം എ, ക്യു പി എച്ച് എ , കെ ജി എച്ച് എം ഓ എ തുടങ്ങിയ സര്‍ക്കാര്‍ സ്വകാര്യ സംഘടനകള്‍ തങ്ങള്‍ നടത്തിയ മരുന്ന് വിതരണ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്. ഇതില്‍ അര്‍ക്കൊക്കെ കോവിഡ് വന്നു, എത്ര ശതമാനം പേരില്‍ ഈ മരുന്ന് ഫലപ്രദമായില്ല എന്നൊക്കെ അര്‍ക്കും പരിശോധിക്കാവുന്നതാണ്. അതിനു ശേഷം വേണം ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ ഈ മരുന്ന് ഫലപ്രദമാണോ അല്ലയോ എന്നു പ്രസ്താവന നടത്തുവാന്‍.

ആദ്യ മരുന്ന് വിതരണം ചെയത പത്തനംതിട്ടയില്‍ ഒരു കേസ് സീരീസ് സ്റ്റഡി നടത്തുവാന്‍ പത്തനംതിട്ട ഡി എം ഓ മുന്‍കൈ എടുത്തു. വലിയ ഒരു സാമ്പിളില്‍ ഒരു ആര്‍ സി റ്റി ആയിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ അന്ന് കേരളത്തില്‍ ഹോമിയോപ്പതി വകുപ്പിന് കീഴില്‍ ഒരു എത്തിക്കല്‍ കമ്മിറ്റി നിലവിലുണ്ടായിരുന്നില്ല. എത്തിക്കല്‍ കമ്മിറ്റി ക്ലിയറന്‍സിനായി നിരവധി കമ്മിറ്റികളെ സമീപിച്ചുവെങ്കിലും കമ്മിറ്റി കൂടുവാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാലും, ഹോമിയോപ്പതി ഗവേഷണത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ വിമുഖത കാട്ടിയും ഒക്കെ എല്ലാ എത്തിക്കല്‍ കമ്മിറ്റികളും ഈ ആര്‍ സി റ്റി യെ കയ്യൊഴിഞ്ഞു. ആ സാഹചര്യത്തിലാണ് കേസ് സീരീസ് സ്റ്റഡിയുമായി മുന്നോട്ട് പോകുന്നത്. നാനോ സയന്റിസ്റ്റ് ആയ ഡോ: നിര്‍മല്‍ ഘോഷ്, റിസെര്‍ച്ച് ഇന്‍ ഹോമിയോപ്പതി എന്ന റിസര്‍ച്ച് വിംഗ് ഡയറക്ടര്‍ ഡോ: എം വി. തോമസ്, പത്തനംതിട്ട ഡി എം ഓ ഡോ: ഡി ബിജുകുമാര്‍ എന്നിവരോടൊപ്പം ഇതെഴുതുന്ന ആളും കൂടി ചേര്‍ന്നാണ് ആ പഠനം നടത്തിയത്. ലാബ് ടെസ്റ്റ്കള്‍ക്കും മറ്റുമായി വരുന്ന തുക പൂര്‍ണമായും ഫണ്ട് ചെയ്തത് സഹ്യ എന്ന സ്റ്റഡി ഗ്രൂപ്പാണ്. സ്വിറ്റ്‌സര്‍ലണ്ടില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോ: പോള്‍ അടക്കമുള്ള ആളുകളുടെ സാമ്പത്തിക സഹായമല്ലാതെ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും ഒരു രൂപ പോലും ഈ കേസ് സീരീസ് സ്റ്റഡിക്കായി ചെലവഴിച്ചിട്ടില്ല. ഒരു കേസ് സീരീസ് സ്റ്റഡിക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് പഠനം നടത്തിയത്. ഹോമിയോ മരുന്നായ arsenicum alb 30cക്ക് രോഗമില്ലാത്തവരില്‍ രോഗപ്രതിരോധ ശേഷിയില്‍ എന്തെങ്കിലും മാറ്റം ഉളവാക്കുവാന്‍ പറ്റുന്നുണ്ടോ എന്നത് മാത്രമാണ് ഇവിടെ പരിശോധിച്ചത്. പഠനം വളരെ കൃത്യമായി ഇന്ത്യന്‍ population mean പരിഗണിച്ചു കൊണ്ടുതന്നെയാണ് ചെയ്തിട്ടുള്ളത്. ഇതൊരു Efficacy Study ആണ് . അതായതു ഹോമിയോ മരുന്നുകള്‍ immunological markerല്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നുണ്ടോ എന്ന് ഒരു controlled setting പഠിക്കുക. പഠനത്തിന് വേണ്ടി ഈ സാഹചര്യത്തില്‍ less economically / less time ഉപയോഗിച്ച് ചെയ്യുവാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത് ONE GROUP BEFORE / AFTER DESIGN ആണ്. ഓരോ പഠനത്തിനും അതിന്റെ സാഹചര്യങ്ങള്‍ ഉപയോഗിച്ചാണ് design തീരുമാനിക്കുന്നത്. Efficacy Study ആയതു കൊണ്ടും control ഗ്രൂപ്പിനെ വെയ്ക്കുവാന്‍ disaster സമയത്തു സാധിക്കാത്തതു കൊണ്ടും ആണ് ആ design തീരുമാനിച്ചത്. ഇതൊരു ചെറിയ പഠനമാണ്. വളരെ പ്രാഥമികമായിട്ടുള്ള ഒരു തുടക്കം. സമാന്തര ചികിത്സകള്‍ക്കു ശാസ്ത്രീയത അന്വേഷിക്കുന്നവര്‍ ഇതൊക്കെ പഠിക്കുകയാണ് വേണ്ടത്. ഹോമിയോപ്പതി മരുന്നുകള്‍ ശരീരത്തില്‍ എന്തങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്ന പ്രാഥമികമായ പഠനം മാത്രം. അതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നു തന്നെ ആണ് കണ്‍ക്ലൂഷന്‍. ഇനി കോവിഡിനെ പ്രതിരോധിക്കുമോ, സ്വയം ഉണ്ടായതാണോ അതോ മരുന്നുകള്‍ കൊണ്ട് ഉണ്ടായതാണോ എന്നൊക്കെ ഉറപ്പിക്കുന്നതിനുള്ള ആര്‍ സി റ്റി അടക്കം വലിയ സാമ്പിള്‍കളില്‍ പഠനഗവേഷണങ്ങളും വേണം എന്നു തന്നെ ആണ് ഈ പഠനം നിര്‍ദേശിച്ചിട്ടുള്ളത്.

ഈ ചെറിയ ഒരു പഠനം പോലും എത്രമാത്രം അസഹിഷ്ണുതയോടെയാണ് ഹോമിയോപ്പതിയെ എതിര്‍ക്കുന്നവര്‍ സ്വീകരിക്കുന്നത് എന്നതാണു പൊതു സമൂഹം വിലയിരുത്തേണ്ടത്. ഇനി പഠനമേ പാടില്ല എന്നാണ് ഒരു ഐ എം എ നേതാവിന്റെ പ്രതികരണം. അപ്പോള്‍ ഇത്തരം പഠനങ്ങളെയും ഗവേഷണങ്ങളെയും നാളിതു വരെ പേടിച്ചിരുന്നത് ഹോമിയോപ്പതി രംഗത്തുള്ളവര്‍ അല്ല മറിച്ചു വിരുദ്ധര്‍ ആയിരുന്നു എന്നതിന് വേറെ തെളിവു വേണോ???

ഹോമിയോപ്പതിയെ മുന്‍വിധികളോടെ വിമര്‍ശിക്കുന്നവരുടെ മലക്കം മറിച്ചിലുകളും ഒരു പഠന വിഷയമാക്കേണ്ട കാര്യമാണ്. ആദ്യം പറഞ്ഞു, അര്‍സ് ആല്‍ബ്ബില്‍ ഒന്നുമില്ല പച്ചവെള്ളം മാത്രം എന്നു. അപ്പോഴാണ് അനുഭവസ്ഥര്‍ അനുഭവ സാക്ഷ്യങ്ങള്‍ നിരത്തി ആ വാദം പൊള്ളയാണെന്ന് തെളിയിച്ചത്. പന്തളം, ഇടപ്പാള്‍ മുനിസിപ്പാലിറ്റികള്‍ അടക്കം ഇത്തരം സാക്ഷ്യപത്രങ്ങളുമായി മുന്നോട്ടുവന്നു. അപ്പോള്‍ പറഞ്ഞു ആര്‍സനിക് വിഷമാണ് കഴിക്കരുത് എന്നു. 30 ആവര്‍ത്തിപ്പില്‍ മരുന്നിന്റെ അംശമേയില്ല എന്നു മുന്‍പ് വിമര്‍ശകര്‍ തന്നെ പറഞ്ഞ പ്രസ്താവനകളുമായി പൊതുജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരം വിമര്‍ശകരെ കൈകാര്യം ചെയ്തപ്പോള്‍ പിന്നേയും മലക്കം മറിഞ്ഞു. അനുഭവം പോരാ പഠനം വേണമെന്നായി. അപ്പോള്‍ ആണ് പത്തനംതിട്ടയിലെ പഠന റിപ്പോര്‍ട്ട് വരുന്നത്. അതിനെതിരെ 10 വിമര്‍ശനങ്ങളുമായി വീണ്ടും മലക്കം മറിഞ്ഞപ്പോള്‍ 10 ല്‍ 10 നും മറുപടി നല്‍കിക്കൊണ്ട് പഠനം നടത്തിയവര്‍ തന്നെ രംഗത്ത് വന്നു. അപ്പോള്‍ ലാബ് റിസല്‍റ്റുകള്‍ ഫെയ്ക്കായി നിര്‍മ്മിച്ചതാണ് എന്ന വിചിത്രവാദവുമായി ദുര്‍ബലമായ പ്രതിരോധത്തിലേക്ക് വിമര്‍ശകര്‍ പിന്‍വാങ്ങി.. മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍മാര്‍ മാത്രം ഉടമസ്ഥരായുള്ള പത്തനതിട്ടയിലെ ആശുപത്രിയുടെ കീഴിലുള്ള ലാബില്‍ സാമ്പിള്‍ ശേഖരിച്ചു ഡല്‍ഹിയിലുള്ള എന്ന എന്‍ എ ബി എല്‍ അക്രഡിറ്റേഷനുള്ള ലാബിലാണ് പരിശോധകള്‍ നടത്തിയത് എന്നും, സാമ്പിളുകള്‍ മൈനസ് 20 ല്‍ സൂക്ഷിച്ചിട്ടുണ്ട് വേണമെങ്കില്‍ അര്‍ക്കും പരിശോധിക്കാം എന്നും ആയപ്പോള്‍ വെറും പഠനം പോരാ ആര്‍ സി റ്റി തന്നെ വേണമെന്നായി. അതിനും തയ്യാറാകണെന്നും അതുതന്നെയാണു ഹോമിയോപ്പതി രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നതെന്നും ഏത് പഠനത്തിനും തയ്യാറാണ് എന്നുമറിയിച്ചപ്പോള്‍ ശാസ്ത്രീയ വാദികള്‍ ബാറ്റണ്‍ മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍മാരുടെ സംഘടനയ്ക്ക് കൈമാറി. ഇപ്പോള്‍ ഐ എം എ വൈസ് പ്രസിഡണ്ട് പറയുന്നു, പൊതു ഫണ്ടില്‍ നിന്നും തുക ചെലവഴിച്ചു പഠനം നടത്തിയാല്‍ മോഡേണ്‍ മെഡിസിന്‍ പാപ്പരായി പോകും എന്നു! സമാന്യ ബുദ്ധിയുള്ളവര്‍ ചിന്തിച്ച് നോക്കിയാല്‍ മനസ്സിലാകും ആരാണ് പഠനങ്ങളെ പേടിക്കുന്നതെന്ന്. നിലവില്‍ ഒരു പൈസ പോലും ഹോമിയോപ്പതി ഗവേഷണങ്ങള്‍ക്കായി ചെലവഴിക്കാതെ ഇടങ്കോലിടുന്നവര്‍ ആരെന്നു ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമാണ്.

ഈ അവസരത്തില്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്ക് ചില കാര്യങ്ങള്‍ക്കൂടി കൊണ്ടുവന്നു കൊണ്ടു ഈ ലേഖനം അവസാനിപ്പിച്ചു കൊള്ളാം. സ. ഊ. (സദാ) നം. 443/ 2019/ആയുഷ് ഉത്തരവ് നമ്പറായി 9/08/2019 തിയതി പ്രകാരം ഹോമിയോപ്പതി വിദ്യാഭ്യാസ രംഗത്തെ ഗവേഷണത്തിനായി സര്‍ക്കാര്‍ 85 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത ഏറെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തി സംശയ ദൂരീകരണത്തിനായുള്ള ഗവേഷണങ്ങള്‍ നടത്തുവാന്‍ ഈ ഫണ്ട് കൊണ്ട് സാധിക്കുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ NIIST National Institute for Interdisciplinary Science and Technology, Thiruvananthapuram യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന CSIR (Council of Scientific and Industrial Research ) യുമായി തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ധാരണാപത്രം ഒപ്പ് വെയ്ക്കുകയും ചെയ്തു. ഹോമിയോപ്പതിയുടെ ശാസ്ത്രീയത സംബന്ധിച്ച സംശയങ്ങള്‍ക്ക് ദൂരീകരണം നല്‍കുവാനുതകുന്ന ആധികാരികമായ പഠനങ്ങള്‍ നടക്കേണ്ടിയിരുന്ന ഈ ഗവേഷണ പദ്ധതിയെ തുരങ്കം വെയ്ക്കുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. 2.5 ലക്ഷം രൂപ ഹോംകൊ യ്ക്കു ഡ്രഗ് സ്റ്റാന്‍ഡേര്‍ഡും റഫറന്‍സും നിര്‍മ്മിക്കുന്നതിലേയ്ക്ക് നല്‍കി 4.75 ലക്ഷം CSIR NIISTമായി ചേര്‍ന്ന് ഹോമിയോ മരുന്നുകളുടെ ഫൈറ്റോ പ്രൊഫൈലിംഗ് നടത്തുവാന്‍ കൈ മാറി. ഗവേഷണഉപകരണങ്ങള്‍ വാങ്ങേണ്ട ബാക്കി തുക HLL നു നല്‍കാതെ മരവിപ്പിച്ചു. ഈ ഫണ്ട് മരവിപ്പിച്ചു കൊണ്ട് 77.75 ലക്ഷം രൂപയും സര്‍ക്കാരിലേക്ക് തിരികെ അടക്കുന്ന രീതിയില്‍ ആ ഗവേഷണപദ്ധതിയെ അട്ടിമറിച്ചത് ആരാണ്?

തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കല്‍ കോളജ് ഇന്നൊരു കോവിഡ് ചികില്‍സാ (സി എഫ് എല്‍ ടി സി)കേന്ദ്രമാണ്. അവിടെ ചികില്‍സിക്കുന്ന രോഗികള്‍ക്ക് പ്രത്യേകിച്ചു മരുന്നുകള്‍ ഒന്നും നല്‍കുന്നതുമില്ല. അതേപോലെ കോട്ടയം സച്ചിവോത്തമപുറത്തു പ്രവര്‍ത്തിക്കുന്ന നാഷണല്‍ മെന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്നൊരു സി എഫ് എല്‍ ടി സി ആണ്. അവിടെയും ഹോമിയോപ്പതി മരുന്നുകള്‍ നല്‍കുവാന്‍ സംവിധാനമില്ല. രണ്ടു സ്ഥാപനങ്ങളിലുമായി അഡ്മിറ്റു ചെയ്തിരുന്ന 200-ലധികം രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടാണ് ഈ കെട്ടിടങ്ങള്‍ ഏറ്റെടുത്തത്. ക്യാന്‍സര്‍ മുതല്‍ ഷിസോഫ്രീനിയ വരെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിച്ചിരുന്ന ആ രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്തു പകരം കോവിഡ് രോഗികളെ അഡ്മിറ്റു ചെയ്യുമ്പോള്‍ അവര്‍ക്ക് ചികില്‍സ ലഭിക്കുവാനുള്ള അവകാശമില്ലേ? അവരെ ചികില്‍സിക്കുവാന്‍ ഉള്ള അവകാശം എങ്കിലും അതേ സ്ഥാപനത്തില്‍ ഉള്ള ഡോക്റ്റര്‍മാര്‍ക്കും ഇല്ലേ? ഡല്‍ഹിയിലും മുംബെയിലും ഒക്കെ ധാരാളം കോവിഡ് രോഗികള്‍ ഹോമിയോപ്പതി ചികില്‍സ കൊണ്ട് അതിവേഗം സുഖം പ്രാപിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റു ചെയ്ത മുഴുവന്‍ രോഗികള്‍ക്കും ഹോമിയോപ്പതി ചികില്‍സ നല്കുകയും അവര്‍ അതിവേഗം സുഖം പ്രാപിക്കുകയും ചെയ്തതിന്റെ രേഖകള്‍ ലഭ്യമാണ്. ഇവിടെ എന്തുകൊണ്ട് അതിനുള്ള വഴി തുറക്കുന്നില്ല?

ക്വാറന്റയിനില്‍ കഴിഞ്ഞവര്‍ക്ക് പാലക്കാട് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്കിയിരുന്നു. അവര്‍ക്കു പിന്നീട് കോവിഡ് രോഗം ബാധിച്ചുവോ എന്ന പഠനം നടത്തുവാനുള്ള പ്രൊപ്പോസല്‍ നല്‍കിയിട്ടു മാസം മൂന്നായി. ആയുഷ് സെക്രട്ടറിയുടെ മേശപ്പുറത്ത് ആ പ്രൊപ്പോസല്‍ കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. എന്താണ് അതിനു കാരണം ?

കേന്ദ്ര ആയുഷ് വകുപ്പ് കേരളത്തിലെ ആയുഷ് ഡയറക്റ്റര്‍ക്ക് നല്കിയ നിര്‍ദേശങ്ങള്‍ അടക്കം ഒന്‍പതിലധികം പ്രൊപ്പോസലുകളില്‍ യാതൊരു നടപടികളും സ്വീകരിക്കാതെ ഫ്രീസറില്‍ വെച്ചിരിക്കുവാനും, ആവശ്യമായ ഫണ്ട് ഗവര്‍ണ്മെന്റ് അനുവദിച്ചാലും അത് ചെലവഴിക്കാതെയിരിക്കുവാനും ഉള്ള കാരണമെന്ത്?

മേല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഒരേ ഒരു ഉത്തരം മാത്രം. ആയുഷ് സെക്രട്ടറി മോഡേണ്‍ മെഡിസിനില്‍ ബിരുദമുള്ള ഒരു ഡോക്റ്റര്‍ ആയതിനു ശേഷമാണ് ഐ എ എസ് എടുത്തത്. ഐ എം എ കേരള നേതൃത്വത്തിന്റെ ചട്ടുകമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വകുപ്പ് സെക്രട്ടറിയും മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍ ആയ ഐ എ എസുകാരനാണ്. അതില്‍ തരക്കേടില്ല, പക്ഷേ ആയുഷ് സെക്രട്ടറിയായി മോഡേണ്‍ മെഡിസിന്‍ ഡോക്റ്ററെ നിയമിക്കുക എന്നാല്‍ കുറുക്കനെ കോഴിക്കൂടിന്റെ കാവല്‍ ഏല്‍പ്പിക്കും പോലെ തന്നെ അല്ലേ? 11.57 ലക്ഷം ക്വാളിഫൈഡ് മോഡേണ്‍ മെഡിസിന്‍ ഡോക്റ്റര്‍മാര്‍ ഉണ്ട് ഇന്ത്യയില്‍, അതിലെ 10% താഴെ അംഗങ്ങള്‍ മാത്രമുള്ള ഐ എം എ യുടെ ഒരു ഘടകം മാത്രമായ കേരള ഘടകത്തിന് ഇത്തരത്തില്‍ പ്രതികരിക്കുവാനും പുച്ഛിക്കുവാനുമുള്ള ധൈര്യവും മുകളില്‍ പറഞ്ഞ കാര്യം തന്നെ. അവര്‍ പറയുമ്പോലെയെ തത്കാലം ഇവിടെ കാര്യങ്ങള്‍ നടക്കൂ എന്നൊരഹങ്കാരം തന്നെ. എല്ലാറ്റിനും മേല്‍ ഈ സംസ്ഥാനത്തെ ജനങ്ങളും ഗവര്‍ണ്മെന്റും ഒക്കെ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഏറെ വൈകും. പഠനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് കുറച്ചുകാലത്തേയ്ക്ക് തടഞ്ഞു വെയ്ക്കുവാന്‍ അവര്‍ക്ക് കഴിയുമായിരിക്കും. ഹോമിയോ വിരുദ്ധരുടെ അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങള്‍ വളരെ വലിയ ഒരു മാറ്റം പൊതു സമൂഹത്തിലും ഹോമിയോപ്പതി സമൂഹത്തിലും ഉളവാക്കിയിട്ടുണ്ട്. ഹോമിയോപ്പതി രംഗത്തെ എല്ലാ വിഭാഗം ചികില്‍സകരും, മറ്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ഇപ്പോള്‍ ഒറ്റക്കെട്ടാണ്. പൊതു സമൂഹത്തിന്റെ വളരെ വലിയ ഒരു പിന്തുണ ഹോമിയോപ്പതി സമൂഹത്തിനു ലഭിച്ചും തുടങ്ങിയിരിക്കുന്നു. ഇത് ലോകവ്യാപകമായി ലഭിക്കുവാനും, ഗവേഷണങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുവാനും, കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലും, സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്തിന് കീഴിലുമായി 2 എത്തിക്കല്‍ കമ്മിറ്റികള്‍ കേരളത്തില്‍ നിലവില്‍ വന്നു കഴിഞ്ഞു. അതിനെല്ലാം ഉതകുന്ന വിധം സാഹചര്യങ്ങള്‍ ഉയര്‍ന്നു വന്നത് ചില നേതാക്കളുടെയും കപട ശാസ്ത്രീയ വാദികളുടെയും ഗവേഷണ വിരുദ്ധ നിലപാടുകളും, ഹോമിയോപ്പതി വിരുദ്ധ നിലപാടുകളും തന്നെയാണ്. ഹോമിയോപ്പതി രംഗത്ത് ഇനി മുന്നോട്ട് ഗവേഷണങ്ങളുടെ കാലമാണ്. ഉയര്‍ത്തിയ യാതൊരു വെല്ലുവിളികള്‍ക്കും മുന്നില്‍ ഹോമിയോപ്പതി സമൂഹം ഇന്നേ വരെ തളര്‍ന്നിട്ടില്ല. പിന്തിരിഞ്ഞു നോക്കുമ്പോള്‍ വളര്‍ച്ചയുടെ നാഴിക കല്ലുകള്‍ ഏറെയാണ് . അവയൊക്കെ പാകുവാനുള്ള അവസരം നല്‍കിയത് ഇത്തരം എതിര്‍പ്പുകള്‍ തന്നെ യാണ്. അതിനാല്‍ മുന്നോട്ട് ഉള്ള പ്രയാണം ഏറെ വേഗത്തിലും കരുത്തോടെയുമായിരിക്കും എന്നതും ഉറപ്പാണ്.

(2017-ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഹോമിയോപ്പതി സ്വകാര്യ ചികിത്സകനുളള അവാര്‍ഡ് ജേതാവാണ് ലേഖകന്‍. അഭിപ്രായം വ്യക്തിപരം)

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു