സംഘികാലം നിര്‍മ്മിച്ചെടുത്ത നുണകളുടെ റിപ്പബ്‌ളിക്

സംഘികാലം ഇന്ത്യയെ നുണകളുടെ റിപ്പബ്ലിക്കായി മാറ്റിയിരിക്കുന്നു. ഏത് നിമിഷവും വീശിയടിക്കാവുന്ന നുണകളുടെ കൊടുങ്കാറ്റില്‍ ആശയ ദൃഢതയില്ലാത്ത രാഷ്ട്രീയ ബോധ്യങ്ങളും ദുര്‍ബല ജനാധിപത്യവും തകര്‍ന്നടിയുന്നു. നുണകളുടെ സാമ്രാജ്യം ശക്തിപ്രാപിക്കുന്നു. ഇന്ത്യയുടെ സാമ്പത്തികാവസ്ഥയെ സംബന്ധിച്ച്, വികസനത്തെ കുറിച്ച്, ദാരിദ്ര്യത്തെയും തൊഴിലിനെയും കുറിച്ച്, ചരിത്രം വിശ്വാസം എന്നിവയെ സംബന്ധിച്ച്, ഇതര മതവിശ്വാസികളെക്കുറിച്ച് നിരന്തരമായ നുണകള്‍ ഓരോ നിമിഷവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നുണകളില്‍ കെട്ടിപ്പൊക്കിയ ഒരു സാങ്കല്പിക ഇന്ത്യയിലാണ് ഇന്ന് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. നുണകള്‍ക്ക് പിന്നിലെ വസ്തുതകള്‍ അന്വേഷിച്ചുപോകുന്നവരുടെ, വിളിച്ചുപറയുന്നവരുടെ സ്ഥാനം എവിടെയെന്ന് ഭരണകൂടം കാണിച്ചുതരുന്നു. സഞ്ജീവ് ഭട്ട് മുതല്‍ മഹുവ മൊയ്ത്രവരെയുള്ളവര്‍ക്ക് അവരുടെ ജീവിതവും പദവികളും നഷ്ടമാകുന്നത് കാണുന്നു. ഫാസിസത്തിന്റെ ഫാക്ടറികളില്‍ ഉത്പാദിപ്പിച്ചെടുക്കുന്ന നുണകള്‍ രാജ്യത്തിന്റെ സമസ്ത മേഖലകളെയും വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്.

സംഘപരിവാറിന്റെ കാവി രാഷ്ട്രീയ പരീക്ഷണശാലയായി ഗുജറാത്ത് സംസ്ഥാനം തിരഞ്ഞെടുക്കപ്പെടുകയും 2002ലെ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് നടത്തിയ നുണപ്രചരണങ്ങള്‍ വിജയിക്കുകയും ചെയ്തപ്പോള്‍ നരേന്ദ്ര മോദി എന്ന നേതാവ് ഇന്ത്യയില്‍ ഉദയംകൊണ്ടു. ‘സത്യാനന്തരകാലം’ (പോസ്റ്റ് ട്രൂത്ത് ഈറ) എന്ന് ഇന്ന് പരക്കെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ സംജ്ഞയുടെ ആദ്യരൂപം ഏറ്റവും ആസൂത്രിത രൂപത്തില്‍ പ്രയോഗത്തില്‍ വരുത്തുന്നത് ഇക്കാലത്തായിരുന്നു. മനുഷ്യരുടെ വൈകാരിക ചോദനകളെ രാഷ്ട്രീയാധികാരം നേടാനുള്ള ഉപകരണമായി മാറ്റിക്കൊണ്ട് അവര്‍ നടത്തിയ നുണപ്രചരണങ്ങള്‍ക്ക് നല്‍കേണ്ടിവന്നത് ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളായിരുന്നു. കൊല്ലപ്പെട്ടവര്‍… അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍… ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍… നുണകളുടെ മലവെള്ളപ്പാച്ചിലില്‍ ജീവിതത്തിന്റെ ഗതിതന്നെ മാറിപ്പോയവര്‍ ലക്ഷക്കണക്കിന് വരും.

ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി അധികാരത്തില്‍ എത്തിക്കഴിഞ്ഞ ഏതാനും നാള്‍ക്കകം തന്നെ അഹമ്മദാബാദില്‍ നിന്ന് കര്‍ണ്ണാവടിയിലേക്കുള്ള ദൂരം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. ഗെറ്റോകളുടെ നഗരമായി അഹമ്മദാബാദ് മാറിക്കഴിഞ്ഞിരുന്നു. ദളിതുകളും മുസ്ലിംങ്ങളും നഗരത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റപ്പെട്ടുകഴിഞ്ഞിരുന്നു.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത് ഏതാണ്ട് ഒരു ദശകം പൂര്‍ത്തിയാക്കാനിരിക്കെ ലോക സാമ്പത്തിക ഫോറം 2024ലെ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നു. ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതനുസരിച്ച്, ആഗോള വ്യാജ വാര്‍ത്താ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ട് വ്യാജ വാര്‍ത്തകളുടെ പെരുമഴ തന്നെ സൃഷ്ടിക്കാന്‍ സംഘപരിവാരങ്ങള്‍ കോപ്പുകൂട്ടുകയാണ്. സര്‍ക്കാര്‍ വിലാസം വിദഗ്ധര്‍, മാധ്യമങ്ങള്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉപയോഗപ്പെടുത്തി നടത്തുന്ന നുണ പ്രചരണങ്ങള്‍ക്കിടയില്‍ സത്യമേത്, വ്യാജമേത് എന്ന് തിരിച്ചറിയാനാകാതെ പൊതുജനങ്ങള്‍ കുടുങ്ങിപ്പോകുന്നു. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുംമുമ്പ് ഒരു ഫാസിസ്റ്റ് ഉപകരണമെന്ന നിലയില്‍ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും ഉപയോഗപ്പെടുത്തപ്പെട്ടതിന്റെ ചരിത്രം ചെറിതായൊന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു.

ഫാസിസ്റ്റ് ഇറ്റലിയും നാസി ജര്‍മ്മനിയും ഇന്ത്യയിലെ കാവി ഫാസിസത്തിന് എക്കാലവും ഊര്‍ജ്ജം പകര്‍ന്നവയായിരുന്നുവെന്ന് നമുക്കറിയാം. നുണകളുടെ റിപ്പബ്ലിക് സൃഷ്ടിക്കുന്നതിലും ഫാസിസ്റ്റ് ഇറ്റലിയുടെ വഴികള്‍ തന്നെയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. വിവരങ്ങള്‍ ആസൂത്രിതമായ രീതിയില്‍ നിയന്ത്രിക്കുകയും കൈകാര്യം ചെയ്യുന്നതിലൂടെയും രാഷ്ട്രീയ ഭരണം ഉറപ്പിച്ചുനിര്‍ത്താമെന്ന് തിരിച്ചറിഞ്ഞ് വ്യാജ വിവരങ്ങളുടെ പെരുമഴ സൃഷ്ടിച്ച ഇറ്റാലിയന്‍ ഫാസിസ്റ്റ് രാഷ്ട്രീയ നേതാവ് ബെനിറ്റോ മുസ്സോളിനി ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു എന്നത് രസകരമായ അറിവാണ്. ഭരണത്തിലിരുന്ന കാലയളവില്‍ സ്വതന്ത്ര മാധ്യമങ്ങളെയും നിര്‍ഭയരായ പത്രപ്രവര്‍ത്തകരെയും ഒന്നൊന്നായി നശിപ്പിക്കാന്‍ മുസ്സോളിനിക്ക് മടിയേതുമില്ലായിരുന്നു.

കൃത്യമായ വിശദാംശങ്ങളോടും ആവൃത്തിയോടും കൂടി, ദേശീയതയെ സംബന്ധിച്ച്, രാഷ്ട്ര പൂരോഗതിയെ സംബന്ധിച്ച്, ന്യൂനപക്ഷങ്ങളെക്കുറിച്ച്, ഇതര രാഷ്ട്രീയ ബോധ്യങ്ങളെക്കുറിച്ച് നുണകളുടെ ഘോഷയാത്രതന്നെ സൃഷ്ടിക്കാന്‍ മുസ്സോളിനിക്ക് സാധിച്ചു. കുപ്രസിദ്ധമായ MinCulPop (Ministry of Popular Culture) അഥവാ ‘ജനകീയ സാംസ്‌കാരിക മന്ത്രാലയ’ത്തിലൂടെ ‘വെലൈന്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന മാധ്യമങ്ങള്‍ക്ക് വ്യാജവാര്‍ത്തകള്‍ എത്തിച്ചുകൊടുക്കാന്‍ ഫാസിസ്റ്റ് ഭരണകൂടവും പാര്‍ട്ടിയും നിരന്തരം പ്രയത്‌നിച്ചു.

പദപ്രയോഗങ്ങളുടെ തിരഞ്ഞെടുപ്പ്, ഭാഷാശൈലി- എന്തിന് മാധ്യമങ്ങളുടെ ‘സ്റ്റൈല്‍ബുക്ക് പോലും- എന്നിവ എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലടക്കം പ്രത്യേക ശ്രദ്ധതന്നെ ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടം നല്‍കുകയുണ്ടായി. (അയോധ്യയില്‍ പള്ളി പൊളിച്ചപ്പോഴും ക്ഷേത്രം ഉദ്ഘാടനം ചെയ്തപ്പോഴും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ സാമ്പിളുകള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും). ഇതിലൂടെ, കൃത്യതയോടെ പൊലിപ്പിച്ചെടുത്ത, യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധംപോലുമില്ലാത്ത, ഒരു സാങ്കല്പിക ഇറ്റലിയെ സൃഷ്ടിച്ചെടുക്കാന്‍ മുസ്സോളിനിക്ക് സാധിച്ചു. സാമാന്യബോധത്തിനും യുക്തിക്കും നിരക്കാത്ത നുണകള്‍ മാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു പൊതുബോധത്തിലേക്ക് നുഴഞ്ഞുകയറാന്‍ അവര്‍ക്ക് സാധിച്ചത്. ഈ നുണപ്രചരണങ്ങളുടെ ഇരകളായി മാറ്റപ്പെട്ടവര്‍പോലും അവ ഏറ്റുപിടിക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുകയുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം.

വ്യാജ വാര്‍ത്തകള്‍ വെറുതെ സംഭവിക്കുന്നതല്ലെന്നും അവ സംഘടിത ശ്രമത്തിന്റെ ഭാഗമായി ഉരുവെടുക്കുന്നതാണെന്നും തിരിച്ചറിയുമ്പോഴേക്കും അമ്പരപ്പിക്കുന്ന വേഗതയില്‍ ആ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞിരിക്കും. ഒരു സര്‍ക്കാരിന്റെ അല്ലെങ്കില്‍ ഭരണപക്ഷത്തിന്റെ കാഴ്ചപ്പാടുകളെയോ പ്രവര്‍ത്തനങ്ങളെയോ സഹായിക്കുന്നതിനായി മാത്രം സൃഷ്ടിക്കപ്പെടുന്നവയല്ല. മറിച്ച്, ദുരൂഹവും സന്ദേഹവും നിറഞ്ഞ ഒരു വാര്‍ത്താ അന്തരീക്ഷം നിര്‍മ്മിച്ചെടുക്കുക എന്നതാണ് അവയുടെ ദൗത്യം. സമസ്ത മേഖലകളിലും സംശയത്തിന്റെ, വിശ്വാസമില്ലായ്മയുടെ, അസത്യത്തിന്റെ അന്തരീക്ഷം വളര്‍ത്തിയെടുക്കുകയും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് വളരാനും മുന്നോട്ടുപോകാനും ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് അതിന്റെ കര്‍ത്തവ്യം. ഫാസിസത്തിന് വസ്തുതാപരമായ വിവരങ്ങളോട് യാതൊരു പരിഗണനയും
ഇല്ലെന്ന് പോപ്പുലിസത്തെയും ഫാസിസത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന ഫെഡറിക്കോ ഫിന്‍ഷെല്‍സ്റ്റീന്‍ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഫാസിസ്റ്റ്
ലൈസ്’ല്‍ (2020) വിശദീകരിക്കുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തെ സത്യത്തില്‍ നിന്ന് വേര്‍പെടുത്തുന്ന രീതിയെ ഫിന്‍ഷെല്‍സ്റ്റീന്‍ തന്റെ പുസ്തകത്തില്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. വസ്തുതകളെ, സ്വതന്ത്ര അന്വേഷണങ്ങളെ എങ്ങിനെ ഫാസിസം
ഇല്ലായ്മ ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു. നേതാവിന്റെ വാക്കുകള്‍ക്കപ്പുറത്ത് സത്യത്തെ അന്വേഷിക്കാന്‍ ധൈര്യം കാണിക്കാത്ത
വലിയൊരു അനുയായി വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ ഫാസിസത്തിന് സാധിക്കുന്നു. മുകള്‍ത്തട്ടില്‍ നിയമവിധേയമാക്കപ്പെടുന്ന ഫാസിസം അതിന്റെ എല്ലാ ക്രൂരതകളോടും പ്രകടിതമാകുന്നമാകുന്നത് കീഴ്ത്തട്ടില്‍ നിന്നാകുന്നതങ്ങിനെയാണെന്ന് ഫിന്‍ഷെല്‍സ്റ്റിന്‍ വ്യക്തമാക്കുന്നു.

രാജ്യം അതിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഒരു രാഷ്ട്രമെന്ന നിലയില്‍ നാം നേടിയെടുത്ത മൂല്യങ്ങളൊക്കെയും കാവി രാഷ്ട്രീയത്തിന്റെ നുണപ്രചരണങ്ങളില്‍ കുത്തിയൊലിച്ചുപോവുകയാണെന്ന് നാം കാണുന്നു. സ്വതന്ത്രമെന്ന് നാം കരുതിപ്പോന്നവയൊക്കെയും മുട്ടുകാലില്‍ ഇഴയുന്ന കാഴ്ചകളാണ് എങ്ങും. സംഘപരിവാറിന്റെ നുണ ഫാക്ടറികളില്‍ നിരന്തരമായി ഉത്പാദിപ്പിക്കപ്പെടുന്ന നുണകളെ പ്രതിരോധിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥകളിലേക്ക് ജനാധിപത്യ ഇന്ത്യ നിപതിക്കുന്നു. പക്ഷേ, ഒരു ജനത
എന്ന നിലയില്‍ നമുക്ക് പ്രതിരോധിച്ചേ മതിയാകൂ. കാവി രാഷ്ട്രീയം വരച്ചുകാട്ടുന്ന കൃത്രിമ ഇന്ത്യയുടെ ചിത്രങ്ങള്‍ക്ക് പിന്നിലുള്ള യഥാര്‍ത്ഥ ഇന്ത്യയെ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ പ്രധാനമാണ്. അതിനുള്ള ശ്രമങ്ങളായിരിക്കും വരാനിരിക്കുന്ന കുറിപ്പുകളില്‍.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍