വായൂ മലിനീകരണം, കേരളവും റെഡ് സോണില്‍

ഡോ. ജോസ് ജോസഫ്

ഭൂമി അതിവേഗം മനുഷ്യര്‍ക്ക് അധിവാസയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന ധാരണ ഒരു വിഭാഗം ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ പ്രബലമായിക്കൊണ്ടിരിക്കുകയാണ്. വാസയോഗ്യമല്ലാത്ത ഭൂമി എന്ന പേരില്‍ ജൂലൈ മാസം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മാലിന്യകൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ കാലാവസ്ഥ വ്യതിയാനം, കൃത്രിമ ബുദ്ധി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് അടുത്ത അഞ്ഞൂറ് വര്‍ഷത്തിനപ്പുറം മനുഷ്യരാശിക്ക് നിലനില്‍ക്കാന്‍ ആവില്ലെന്നാണ് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌സിന്റെ അഭിപ്രായം. വരും തലമുറയക്ക് വാസം സാധ്യമല്ലാത്ത വിധം അപകടകരമായി മാറിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമാണ് വായു മലിനീകരണം. ഡല്‍ഹിയും ബെയ്ജിങ്ങും മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ എല്ലാം തന്നെ രൂക്ഷമായി വായുമലിനീകരണം കൊണ്ട് ശ്വാസം മുട്ടുകയാണ്. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ മുഖാവരണം അണിഞ്ഞതുകൊണ്ടും സ്‌കൂളുകള്‍ അടച്ചിട്ടതുകൊണ്ടും ദേശിയ ശ്രദ്ധ നേടിയ ന്യൂഡല്‍ഹി മാത്രമല്ല ഇന്ത്യയില്‍ വായുമലിനീകരണ പ്രശ്നങ്ങള്‍ നേരിടുന്നത്. വിവിധ കാരണങ്ങള്‍ കൊണ്ട് ഗ്രാമപ്രദേശങ്ങള്‍ പോലും് വീര്‍പ്പു മുട്ടുകയാണ്.

പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്ന കാര്യത്തില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ സ്ഥാനം അത്രയൊന്നും മികച്ചതല്ല. ശ്വസിക്കുന്ന വായുവിന്റെ ഗുണമേന്മ അടക്കമുള്ള സൂചികകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 2016 ലെ പരിസ്ഥിതി പ്രകടന ഇന്‍ഡക്സ് ഇന്ത്യക്ക് 145-ാം റാങ്കാണ് നല്‍കിയത്. 180 രാജ്യങ്ങളെ വിലയിരുത്തിയതിനു ശേഷമായിരുന്നു ഈ റാങ്കിങ്. ആരോഗ്യവും മലിനീകരണവും സംബന്ധിച്ച ലാന്‍സെറ്റ് കമ്മീഷന്‍ 2017 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് പരിസ്ഥിതി മലിനീകരണം കാരണം ഏറ്റവും അധികം മരണം സംഭവിക്കുന്ന രാജ്യമാണ് ഇന്ത്യ. ആഗോള വ്യാപകമായി 2015ല്‍ 90 ലക്ഷം പേര്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങള്‍ കാരണം മരിച്ചപ്പോള്‍ അതില്‍ 25.1 ലക്ഷം പേരും ഇന്ത്യക്കാര്‍ ആയിരുന്നു. ഇന്ത്യയില്‍ നാലില്‍ ഒന്ന് മരണത്തിന്റെയും പിന്നിലുള്ള കാരണം പരിസ്ഥിതി മലിനീകരണം ആണ്. പൊതുധാരണയിലുള്ളതിലും അപ്പുറം ഗുരുതരമാണ് ഇന്ത്യയിലെ പരിസ്ഥിതി മലിനീകരണപ്രശ്നങ്ങള്‍.

ജലമലിനീകരണം, മണ്ണുമലിനീകരണം, തൊഴിലിടങ്ങളിലെ വിഷവസ്തുക്കളുടെ സാന്നിധ്യം, ഭക്ഷണത്തിലെ കീടനാശിനികള്‍, വായുമലിനീകരണം തുടങ്ങിയവയില്‍ വലിയ കൊലയാളി വായുമലിനീകരണമാണ്. ലോകമെമ്പാടുമായി 65 ലക്ഷം പേരാണ് 2015ല്‍ മരിച്ചത്. പുകയില ഉപയോഗം കാരണം ഒരു വര്‍ഷം മരിക്കുന്ന ആളുകളുടെ തൊട്ടടുത്ത വരും ഈ സംഖ്യ. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ പുകയില ഉപയോഗം കൊണ്ട് മരിക്കുന്നവരേക്കാള്‍ കൂടുതല്‍ ആയിരിക്കും വായുമലിനീകരണം കാരണം മരിക്കുന്നവരുടെ സംഖ്യ. ഈ ഹതഭാഗ്യരില്‍ 90 ശതമാനത്തില്‍ ഏറെയും വികസ്വര രാജ്യങ്ങളിലായിരിക്കും.

2014 ലാണ് ഡല്‍ഹിയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാനനഗരമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രധാന മത്സരം ജി.ഡി.പി. വളര്‍ച്ചയിലല്ല. അത് കൂടുതല്‍ മലിനീകരിക്കുന്നത് ആരെന്നതിലാണ്. എന്നാല്‍ അടുത്ത കാലത്തു ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനെ പിന്തള്ളി ന്യൂഡല്‍ഹി വായുമലിനീകരണത്തില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട് 20 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയിലാണെന്നത് നമുക്ക് അഭിമാനിക്കാന്‍ തെല്ലും വക നല്‍കുന്നില്ല. ചൈന അടുത്ത കാലത്തു മലിനീകരണനിയന്ത്രണത്തിനു കടുത്ത നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യ അത് അറിഞ്ഞ മട്ടേയില്ല. 2014ല്‍ ലോകത്തിലെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശനമായി ലോകാരോഗ്യ സംഘടന വായുമലിനീകരണത്തെ പ്രഖ്യാപിച്ചതിനു ശേഷം വികസിത രാജ്യങ്ങളില്‍ വായുമലിനീകരണം കുറക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉദാരമായ വ്യവസ്ഥകള്‍ നടപ്പാക്കി ഇന്ത്യയില്‍ വായുമലിനീകരണത്തിനു കൂടുതല്‍ അവസരം ഒരുക്കുന്നു. അനിയന്ത്രിതമായി പെരുകുന്ന വാഹനങ്ങള്‍ ആണ് ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന്.

2017 നവംബറില്‍ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായിരുന്നു ന്യൂഡല്‍ഹിയും സമീപത്തുള്ള തലസ്ഥാന നഗര പ്രദേശങ്ങളും നവംബര്‍ 8നു ന്യൂഡല്‍ഹിയിലെ യു.എസ്. എംബസി എയര്‍ ക്വാളിറ്റി ഇന്ഡക്സില് 10:10 എന്ന സൂചിക രേഖപ്പെടുത്തി. ഒരു ദിവസം 50 സിഗരറ്റ് തുടര്‍ച്ചയായി വലിക്കുന്നതിനു തുല്യമായിരുന്നു നവംബര്‍ 8 നു ന്യൂഡല്‍ഹിയിലെ വായുമലിനീകരണം. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദിവസവും 30 സിഗരറ്റില്‍ ഏറെ വലിച്ചാലുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ക് തുല്യമായ വായുമലിനീകരണമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഡല്‍ഹി നേരിട്ടുകൊണ്ടിരിക്കുന്നത്.

വായുമലിനീകരണം ഒരു ഇന്ത്യക്കാരന്റെ പ്രതീക്ഷിക്കുന്ന ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നും 3.4 വര്‍ഷം കൊണ്ട് വെട്ടികുറക്കുമെന്നു ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഒരു ചെയിന്‍ പുകവലിക്കാരന്‍ നേരിടുന്നതിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ചില നഗരങ്ങളില്‍ വായുമലിനീകരണം കാരണം ശരാശരി ഇന്ത്യക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ഇപ്പോഴുള്ള അളവിലെ വായുമലിനീകരണം തുടര്‍ന്നാല്‍ പ്രതീക്ഷിക്കുന്ന ആയുര്‍ദൈര്‍ഘ്യത്തില്‍ 6.3 വര്‍ഷം കുറവുണ്ടാകും. അന്തരീക്ഷവായുവില്‍ സൂക്ഷ്മ പൊടി ശകലങ്ങളുടെ അളവില്‍ 10 മൈക്രോ ഗ്രാമിന്റെ വര്‍ദ്ധനവ് ഉണ്ടായാല്‍ യൂറോപ്പില്‍ ഒരാള്‍ക്കു പ്രതീക്ഷിക്കാവുന്ന ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്നും 9-11 വര്‍ഷത്തെ കുറവ് ഉണ്ടാകുമെന്നു ഡെന്മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ അടുത്ത കാലത്തു കണ്ടെത്തി. വിഷപ്പുക കലര്‍ന്ന വായു ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ അപകടകരമായിരിക്കും. ഗര്‍ഭിണികള്‍ ഓസോണ്‍ വായു ശ്വസിച്ചാല്‍ കുട്ടികള്‍ക്കു ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത പത്തിരട്ടിയായി കൂടുമെന്നു അടുത്ത കാലത്തു നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. തീരെ പ്രായം കുറഞ്ഞ കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ വായുമലിനീകരണം ദോഷകരമായി ബാധിക്കുമെന്നു “വായുവിലെ അപായം” എന്ന പേരില്‍ 2017 ഡിസംബറില്‍ യൂണിസെഫ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു പ്രദേശത്തെ അന്തരീക്ഷവായുവില്‍ കുടുങ്ങിക്കിടക്കുന്ന മാലിന്യങ്ങളുടെ തോത് അളക്കുന്ന സൂചികയാണ് വായുഗുണമേന്മാ ഇന്‍ഡക്സ് അഥവാ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ). 2015 ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം വായുഗുണമേന്മയെ പൂജ്യം മുതല്‍ 500 വരെയുള്ള സൂചികയായി തരം തിരിച്ചിരിക്കുന്നു. പൂജ്യം മുതല്‍ 50 വരെയുള്ള സൂചികയാണ് നല്ല ഗുണനിലവാരത്തെ സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയിലെ വളരെ ചുരുക്കം പ്രദേശങ്ങള്‍ മാത്രമെ ഈ ഗുണമേന്മാ പരിധിയില്‍ വരുന്നുള്ളു. 51 മുതല്‍ 100 വരെ തൃപ്തികരം,101 മുതല്‍ 200 വരെ മിതമായി മലിനീകരണപ്പെട്ടത്. 201 മുതല്‍ 300 വരെ മോശം,301 മുതല്‍ 400 വരെ വളരെ മോശം, 401 മുതല്‍ 500 വരെ അതീവ ഗുരുതരം എന്നിങ്ങനെയാണ് ഗുണമേന്മാ റേഞ്ചുകള്‍. ലോകാരോഗ്യസംഘടന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയവ പിന്തുടരുന്ന എക്യുഐ കുറെക്കൂടി കര്‍ശനമാണ്. ലോകാരോഗ്യസംഘടനയുടെ എക്യുഐ 400ല്‍ കൂടിയാല്‍ അത്യന്തം അപകടകരമായ സ്ഥിതിയാണ്. ഓരോ റേഞ്ചിനും വിവിധ കളറുകള്‍ നല്‍കി ഓരോന്നും എത്ര മാത്രം അപകടകാരിയാണെന്ന് സൂചിപ്പിക്കുന്നു.

കേരളത്തിലും അടുത്ത കാലത്തു വായുമലിനീകരണം വര്‍ധിച്ചു വരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഡിസംബര്‍ 15നു പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം വായു ഗുണമേന്മ പരിശോധന നടത്തുന്ന കേരളത്തിലെ നഗരങ്ങളില്‍ സള്‍ഫര്‍ ഡൈയോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ് എന്നീ മാലിന്യങ്ങള്‍ അപകടകരമായ പരിധി കടന്നിട്ടില്ല. എന്നാല്‍ 2016 ല്‍ പിഎം 10 വിഭാഗത്തില്‍ പെട്ട പൊടി ശകലങ്ങളുടെ സാന്ദ്രത ലോക ആരോഗ്യ സംഘടന സുരക്ഷിതമായി നിശ്ചയിട്ടുള്ള വാര്‍ഷിക ശരാശരിയായ ക്യൂബിക് മീറ്ററില്‍ 20 മൈക്രോഗ്രാം എന്ന തോതിലും മുകളിലാണ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, എന്നീ നാല് നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ മലിനീകരണം. കൊച്ചി, കൊല്ലം നഗരങ്ങള്‍ തൊട്ടു പിന്നില്‍ തന്നെയുണ്ട്. പിഎം 2.5 സൂക്ഷ്മ ശകലങ്ങളുടെ സാന്നിധ്യം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ പിഎം 10 സാന്ദ്രത കൂടുതലായതിനാല്‍ പിഎം 2.5 സാന്ദ്രതയും കൂടുതലായിരിക്കും. കേരളത്തില്‍ വര്‍ധിച്ചു വരുന്ന വാഹനങ്ങളുടെ എണ്ണമാണ് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. പ്രതിവര്‍ഷം 10 ശതമാനത്തില്‍ ഏറെയാണ് കേരളത്തില്‍ വാഹനങ്ങളുടെ എണ്ണത്തിലുള്ള പെരുപ്പം.

1990ല്‍ 5.81 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന കേരളത്തില്‍ 2017 മാര്‍ച്ചില്‍ 1.19 കോടി ആയി ഉയര്‍ന്നു. വായുവിലെ വിഷമാലിന്യങ്ങള്‍ കേരളത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുകയാണ്. രോഗാവസ്ഥ, ശാരീരിക അവശത, അകാലമരണം എന്നീ പ്രശ്‌നങ്ങള്‍ക്കും പിന്നിലുള്ള യഥാര്‍ത്ഥ കാരണം വായുമലിനീകരണമാണെന്നു പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.ഡല്‍ഹിയുടെ അവസ്ഥ വരാന്‍ കാത്തിരിക്കാതെ കേരളത്തിലും വായുമലിനീകരണം രൂക്ഷമാകാതിരിക്കാനുള്ള കര്‍മ്മ പരിപാടികള്‍ ഗവണ്മെന്റ് തയ്യാറാക്കണം.

Latest Stories

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍