സാന്‍ കൈലാസ്
രണ്ടാംവട്ടവും തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന്, കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുമെന്ന് ബോധ്യമായതോടെ കോണ്‍ഗ്രസിലെ വഴിമുടക്കികളായ “വൃദ്ധനേതൃത്വം” അദ്ധ്യക്ഷന്‍ രാഹുലിന് പിന്നാലെ. എല്ലാവര്‍ക്കും ആവശ്യം ഒന്നുമാത്രം രാജി തീരുമാനം പിന്‍വലിച്ച് പദവിയില്‍ തുടരണം. അഹമദ് പട്ടേല്‍, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെ കൂടാതെ രാജ്യത്തെ സകല പിസിസി അദ്ധ്യക്ഷന്‍മാരും ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതി.
ആത്മാര്‍ത്ഥതയില്ലാത്ത നേതാക്കളുമായി ഇനി അധികം നാള്‍ മുന്നോട്ട് പോകാനാവില്ലെന്നും ഇവര്‍ക്കെല്ലാം സ്വന്തം താത്പര്യങ്ങളാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മുന്‍ ധനമന്ത്രി പി. ചിദംബരം തുടങ്ങിയവരെ ചൂണ്ടിക്കാട്ടി രാഹുല്‍ നേരിട്ട് വിമര്‍ശിച്ചിരുന്നു. തന്റെ സഹോദരനെ തിരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് തളളിയിട്ട് നേതാക്കള്‍ സ്വന്തം കാര്യം നോക്കാനിറങ്ങിയെന്ന് പ്രിയങ്ക ഗാന്ധിയും പ്രവര്‍ത്തക സമിതി യോഗത്തില്‍ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. കാര്യങ്ങള്‍ ഇങ്ങിനെ മുന്നോട്ട് പോകില്ലെന്നും അതുകൊണ്ട് താന്‍ സ്ഥാനമൊഴിയുന്നുവെന്നുമാണ് രാഹുല്‍ ആവര്‍ത്തിച്ച് പറയുന്നത്. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ വരുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്ന് രാഹുല്‍ പറയുന്നതും കാലുവാരികളായ നേതാക്കളെ ഉദ്ദേശിച്ച് തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം റഫാല്‍ അടക്കമുള്ള പല വിഷയങ്ങളിലും മോദിയെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ തുടര്‍പ്രചാരണത്തിന് സംസ്ഥാനങ്ങളില്‍ നേതാക്കളില്ലാത്ത അവസ്ഥയായിരുന്നു.
അധികാരം കിട്ടിയാല്‍ ഗാന്ധികുടുംബത്തോടൊപ്പം ഒട്ടിനിന്ന് മന്ത്രിയാവാനും മറ്റും തിരക്ക് കൂട്ടുന്ന മുതിര്‍ന്ന നേതാക്കളെല്ലാം കൂട്ടത്തോടെ പിന്‍വലിയുകയായിരുന്നു. പതിനഞ്ച് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയില്‍ നിന്ന് ഒരു വിധം പിടിച്ചെടുത്ത മധ്യപ്രദേശില്‍ അധികാരം കിട്ടിയതോടെ സംസ്ഥാന നേതാക്കളുടെ അടി മൂത്തത് രാഹുല്‍ ഗാന്ധിയെ അന്ന് വല്ലാതെ വിഷമിപ്പിച്ചിരുന്നു. ദേശീയ തിരഞ്ഞെടുപ്പിന്റെ കാര്യം പറഞ്ഞാണ് പിന്നീട് ഒത്തുതീര്‍പ്പെന്ന നിലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ലിമെന്ററി കാര്യമന്ത്രിയുമായ കമല്‍നാഥിനെ ഭരണച്ചുമതല ഏല്‍പ്പിച്ചത്. മോദിക്കെതിരെ ഒരു സീറ്റെങ്കിലും സമാഹരിക്കുന്നതിന് പകരം മകന്‍ നകുല്‍ നാഥിന് സീറ്റ് ലഭിക്കുന്നതിനും പിന്നീട് ജയിപ്പിക്കുന്നതിലും മാത്രമായിരുന്ന ഇദ്ദേഹത്തിന്റെ ശ്രദ്ധ. ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ മണ്ഡലത്തില്‍ പോയി എന്നുള്ളതൊഴിച്ചാല്‍ കാര്യമായി ഒന്നും ചെയ്തില്ല.
രാജസ്ഥാനിലെ അശോക് ഗെലോട്ടും ഇതേ അവസ്ഥ തന്നെയാണ് പിന്തുടര്‍ന്നത്.ഇതിനിടയിലാണ് കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേതാക്കള്‍ കൂട്ടത്തോടെ ബിജെപി പാളയത്തിലെത്തുന്നത്. ഇതും സംസ്ഥാന നേതാക്കള്‍ക്കിടയിലെ പോരു കൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി വിലയിരുത്തുന്നു. കഴിഞ്ഞ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ സംഭവിച്ചതും ഇതുതന്നെ. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കളം പാകപ്പെട്ടിട്ടും നേതാക്കള്‍ക്കിടയിലെ പടലപിണക്കങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും മൂലം ആ ടെമ്പോ നില നിര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രം ആകുന്നില്ല.
ഉത്തരേന്ത്യയില്‍ സംഘടനാസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ഈ നേതാക്കള്‍ പോലും സ്വന്തം സംസ്ഥാനങ്ങളില്‍ നിന്ന് വലിഞ്ഞത് വന്‍ പ്രതിസന്ധിയായി. അതേ സമയം ആര്‍ എസ് എസ് ഉഴുതു മറിച്ച മണ്ണില്‍ മോദിയും ഡസന്‍ കണക്കിന് നേതാക്കളും രാഹുലിനെയും ഗാന്ധി കുടുംബത്തേയും നേരിട്ടു കൊണ്ടിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ നേതാവും കോണ്‍ഗ്രസ് ഹൈക്കമാന്റിലെ മൂന്നാമനുമായ ആന്റണി പോലും സജീവമായിരുന്നില്ല. കോണ്‍ഗ്രസിന്റെ മറ്റൊരു തലമുതിര്‍ന്ന നേതാവും രാജ്യസഭാധ്യക്ഷനുമായ ഗുലാം നബി ആസാദ് പലപ്പോഴും വിട്ടു നിന്ന് പ്രതിഷേധിക്കുകയും ആയിരുന്നു. ഭൂമിയേറ്റെടുക്കല്‍ ബില്ലടക്കം കൊണ്ടുവന്ന ജനകീയ പദ്ധതികളുടെ അമരക്കാരനായിരുന്ന ജയറാം രമേശിന്റെ പേരു പോലും പ്രചാരണത്തില്‍ എവിടേയും കാണാനായില്ല. കോണ്‍ഗ്രസ് എക്‌സിസ്റ്റന്‍ഷ്യന്‍ ക്രൈസിസിലാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ജയറാം രമേശ് പക്ഷെ നിര്‍ണായ സമയത്തും ഹൈക്കമാന്റിനൊപ്പം നിന്നില്ല.
കെ. സി വേണുഗോപാലടക്കമുള്ള ആളുകളെ നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിക്കുന്നതില്‍ അതൃപ്തിയുള്ള മറ്റുള്ള സീനിയര്‍ നേതാക്കളും തിരഞ്ഞെടുപ്പില്‍ സജീവമായിരുന്നില്ല. രാജ്യം ഇത്രയേറെ പ്രതിസന്ധി നേരിടുമ്പോള്‍ സകല ഊര്‍ജ്ജവും കൈമുതലാക്കി പൊരുതേണ്ട അവസ്ഥയിലും രണ്ടാംനിര – മൂന്നാംനിര നേതാക്കള്‍ ആത്മാര്‍ത്ഥതയില്ലാതെ പ്രവര്‍ത്തിച്ചതാണ് സ്ഥിതി ഇത്ര വഷളാവാന്‍ കാരണമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
നേതാക്കള്‍ സ്വന്തം കാര്യം നോക്കി പോകുന്നത് കോണ്‍ഗ്രസില്‍ പുത്തരിയല്ല. ടു ജി അഴിമതി അടക്കമുള്ള അഴിമതികേസുകളില്‍ പെട്ട രണ്ടാം യുപിഎ അധികാരമൊഴിയും മുമ്പേ കളം വിട്ടയാളാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരം. പിന്നീട് അദ്ദേഹത്തെ കാണുന്നത് ഈ തിരഞ്ഞെടുപ്പിലാണ്. അന്ന് പാര്‍ലിമെന്ററി കാര്യമന്ത്രിയായിരുന്ന കമല്‍ നാഥ് നാടു വിട്ടു. പരിസ്ഥിതി മന്ത്രിയും മറ്റുമായിരുന്ന ജയറാം രമേശ് വിദേശ സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി. മറ്റൊരു പുലിയായ കബില്‍ സിബലാകട്ടെ കോടതിയിലേക്ക് ചേക്കേറി.
ഒരോ സംസ്ഥാനങ്ങളിലേയും തദ്ദേശ പഞ്ചായത്ത് വാര്‍ഡുകളിലടക്കം ഒരോ ദിവസവുമെന്നോണം ആര്‍ എസ് എസ് ബിജെപിയ്ക്ക് വേണ്ടി അണമുറിയാതെ പ്രവര്‍ത്തനം തുടരുമ്പോഴാണ് കോണ്‍ഗ്രസ് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ കളികളുമായി ഡല്‍ഹി പിടിക്കാന്‍ ഒരുങ്ങുന്നത്. ഇതു തന്നെയാണ് രാഹുലിന്റെ നീക്കത്തിന് പിന്നിലും. ഒന്നുകില്‍ സ്വന്തം നേട്ടത്തിനായി മാത്രം പ്രവര്‍ത്തിക്കുകുയും പാര്‍ട്ടിയില്‍ വട്ടം നില്‍ക്കുകയും ചെയ്യുന്ന കടല്‍ക്കിഴവന്‍മാരെ ഒഴിവാക്കി സംസ്ഥാനതലത്തില്‍ പാര്‍ട്ടി താത്പര്യത്തിനനുസരണമായി പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ ഉള്‍പ്പെടുത്തി കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കുക. അല്ലെങ്കില്‍ ഇട്ടെറിഞ്ഞ് പോവുക.ഇതാണ് രാഹുലിന്റെ വൈകിയെങ്കിലും ഉളള ഈ തന്ത്രത്തിന് പിന്നില്‍.