ലോകത്തെ മാറ്റിമറിക്കുമോ ബിറ്റ്‌കോയിൻ ?

ജോർജ് ജോസഫ് പറവൂർ

ലോക സാമ്പത്തിക ക്രമത്തെ ഏറെ നിർണ്ണയകമായി സ്വാധീനിക്കുന്ന വൻ മാറ്റമാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സാമ്പത്തിക വാർത്താ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത് ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ കറൻസിയുടെ കഥയാണ്. വൻ തോതിൽ കുതിച്ചുയർന്ന ബിറ്റ്‌കോയിൻ മൂല്യം പിന്നീട് പ്രകടമായ ചാഞ്ചാട്ട പാതയിലായി. കുതിച്ചുയർന്ന്, 16,000 ഡോളർ കടന്ന മൂല്യം മണിക്കൂറുകൾക്കുള്ളിൽ തകർന്നടിയുന്നതും കണ്ടു. എന്ത് സംഭവിക്കുന്നു എന്ന് അന്തം വിടുകയാണ് സാധാരണക്കാർ മുതൽ സാമ്പത്തിക വിദഗ്ദർ വരെയുള്ളവർ. അമേരിക്കയിൽ ബിറ്റ്‌കോയിൻ അധിഷ്ഠിതമായ അവധി വ്യാപാരം തുടങ്ങുന്നു എന്ന വാർത്തയാണ് പൊടുന്നനെ വില കുതിക്കാൻ മുഖ്യ കാരണമായത്.

2008 ആഗസ്റ്റിലാണ് ബിറ്റ്‌കോയിൻ.ഒ ആർ ജി എന്ന ഡൊമൈൻ നിലവിൽ വരുന്നത്. 2009 ജനുവരിയിൽ ഇതിൽ ഇടപാടുകൾ സാധ്യമാക്കുന്ന നെറ്റ് വർക്ക് നിലവിൽ വന്നു. ബിറ്റ്‌കോയിൻ ഇടപാടുകൾ രേഖപ്പെടുത്തുന്ന ഒരു പബ്ലിക് ലെഡ്‌ജറാണ് ഈ വ്യാപാരത്തെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. ബ്ലോക്ക് ചെയിൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് നിയന്ത്രിക്കുന്നതിന് നിയതമായ ഒരു കേന്ദ്രീകൃത സംവിധാനമില്ല. ഉദാഹരണത്തിന് കറൻസി സമ്പ്രദായത്തിൽ എല്ലാ കാര്യങ്ങളും കേന്ദ്ര ബാങ്കുകൾ നിയന്ത്രിക്കുന്നു. എന്നാൽ ഇവിടെ അത്തരം ഒരു സംവിധാനമില്ല. ലോകത്തിന്റെ പല കോണുകളിൽ ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പറ്റം വിദഗ്ധരാണ് ലെഡ്ജർ കൈകാര്യം ചെയ്യുന്നത്. ഇവർ ബിറ്റ്കോയിനിൽ നടക്കുന്ന ഇടപാടുകൾ തത്സമയം രേഖപെടുത്തുന്നു എന്നാണ് അനുമാനം. ഒരാൾ ബിറ്റ്‌കോയിൻ വാങ്ങുമ്പോൾ അയാളുടെ പേരിൽ അത് രേഖപ്പെടുത്തുകയും വിൽക്കുമ്പോൾ ഒഴിവാക്കുകയും ചെയ്യുകയാണ് ബ്ളോക് ചെയിൻ ചെയ്യുന്നതെന്ന് ലളിതമായി പറയാം. പക്ഷെ ഇതെല്ലം സ്വകാര്യ വ്യക്തികളാണ് ചെയ്യുന്നത് എന്നതാണ് പ്രശ്നം.

ബിറ്റ്‌കോയിൻ “ഖനനം”

ഇതിനകം 16 .7 ദശലക്ഷം ബിറ്റ്കോയിനുകളാണ് ഈ നാണയ വ്യാപാരത്തിലേക്ക് റിലീസ് ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയ ബിറ്റ്‌കോയിൻ അവതരിപ്പിക്കുന്നതിന് സാങ്കേതിക ഭാഷയിൽ “മൈനിംഗ്” എന്നാണ് പറയുന്നത്. ലോകത്തെമ്പാടുമുള്ള ഒരു പറ്റം കമ്പ്യൂട്ടറുകളുടെ നെറ്റ് വർക്കാണ് അതിസങ്കീർണ്ണമായ അൽഗരിതം പ്രോബ്ബ്‌ളം സോൾവ് ചെയ്തു ബിറ്റ്‌കോയിൻ അവതരിപ്പിയ്ക്കുന്നത്. ഇതിനെയാണ് മൈനിംഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഇപ്പോൾ ലഭ്യമാവുന്ന റിപോർട്ടുകൾ പ്രകാരം ഓരോ പത്തു മിനിട്ടിലും 12 .5 ബിറ്റ്‌കോയിൻ പുതിയതായി ഇറക്കുന്നെണ്ടെന്നാണ് കണക്ക്. 21 ദശലക്ഷം കോയിനുകൾ വിപണിയിൽ എത്തുന്നതോടെ ഉത്പാദനം നിലയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2140 ആകുമ്പോഴാണത്രെ ഇത് യാഥാർഥ്യമാവുക.

മൈനിംഗ് നടത്തുന്ന കംപ്യൂട്ടറുകൾക്ക് ഇതിനായി വൻ തോതിൽ ഊർജം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോർട്ട്. ഒരു ബിറ്റ്‌കോയിൻ മൈൻ ചെയ്തെടുക്കുന്നതിനു 215 കിലോ വാട്ട് /അവർ എനർജി വേണമെന്നാണ് കണക്ക്. ഒരു ശരാശരി അമേരിക്കൻ കുടുംബം ഒരാഴ്ച ഉപയോഗിക്കുന്ന ഊർജ്ജത്തിന് തുല്യമാണ് ഇത്. ബിറ്റ്കോയിൻറെ മൂല്യം ഉയരുന്നതനുസരിച്ചു കൂടുതൽ പേർ ഉല്പാദന രംഗത്തേക്ക് എത്തുന്നു എന്നാണ് നിഗമനം.

ബിറ്റ്‌കോയിൻ വാങ്ങുന്നത് ഏറെ കൗതുകകരമാണ്. ഇതിന് അംഗീകൃത ബിറ്റ്‌കോയിൻ എക്‌സ്‌ചഞ്ചുകളുണ്ട്. ഒരു കോയിന്റെ വില അടുത്തിടെ 18,000 ഡോളർ വരെ ഉയർന്നിരുന്നു. സ്വാഭാവികമായും ഒരു കോയിൻ വാങ്ങുക എന്നത് അത്ര എളുപ്പമല്ല. ഇതിനു പരിഹാരമുണ്ട്. നിങ്ങൾക്ക് ഒരു കോയിൻ തന്നെ വാങ്ങണമെന്ന് നിർബന്ധമില്ല. ഒന്നിന്റെ വിവിധ ഭിന്നങ്ങൾ വാങ്ങാൻ കഴിയും. ഇങ്ങനെ വാങ്ങാൻ കഴിയുന്ന, ഏറ്റവും ചെറിയ അംശത്തിനു പറയുന്ന പേര്” സദോഷി” എന്നാണ്. ബിറ്റ്‌കോയിൻ ആദ്യമായി അവതരിപ്പിച്ചതായി അറിയപ്പെടുന്ന സാദോഷി നകമോട്ടോയുടെ ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയിരിക്കുന്നത്. വാസ്തവത്തിൽ ഒരാൾ ഒറ്റക്കല്ല, മറിച്ചു ഒരു കൂട്ടം വിദഗ്ദർ ചേർന്നാണ് ഇത് കണ്ടെത്തിയതെന്ന് വാദവുമുണ്ട്.

ഇനി ഒരു സാദോഷിയുടെ മൂല്യം നോക്കാം. ബിറ്റ്കോയിൻറെ മൂല്യത്തെ പത്തുലക്ഷമായി ഭാഗിച്ചാൽ അതിന്റെ 100 ഭാഗമാണ് ഒരു സാദോഷി. കൺഫ്യൂഷൻ അല്പം കൂടുന്നുണ്ട് അല്ലേ … തത്കാലം ഈ കൺഫ്യൂഷൻ ഉൾച്ചേർന്നതാണ് ബിറ്റ്‌കോയിൻ നേതൃത്വം കൊടുക്കുന്ന ഡിജിറ്റൽ ക്രിപ്റ്റോകറൻസികളുടെ ലോകം എന്ന് മനസിലാക്കുക. ഇനി ഒരു സാദോഷിയുടെ മൂല്യം എത്രയെന്നു നോക്കാം. ഇപ്പോഴത്തെ ശരാശരി മാർക്കറ്റ് വില കണക്കിലെടുക്കുമ്പോൾ 0 .0002 ഡോളറാണ് അതിന്റെ മൂല്യം. ഇത് എത്രയാണെന്ന് കണക്കു കൂട്ടി എടുത്താൽ മതി.

ബിറ്റ്‌കോയിൻ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സാധിക്കുകയില്ല. ചില ഓൺലൈൻ വ്യാപാര ശ്രംഖലകൾ ഉത്പന്നങ്ങൾ വാങ്ങാൻ ഇത് സ്വീകരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് അത്ര പ്രയോഗികമാണെന്ന് പറയാൻ കഴിയില്ല. മാത്രവുമല്ല, ഇത് നോട്ട്, നാണയം എന്നിവ പോലെ ഫിസിക്കൽ ആയി കൈകാര്യം ചെയ്യാൻ സാധിക്കുകയുമില്ല.

ബിറ്റ്കോയിൻറെ വരവ്

2009 ലാണ് ആദ്യമായി ബിറ്റ്‌കോയിൻ വരുന്നത്. ആദ്യമൊക്കെ ഇത് തീർത്തും അവഗണിക്കപ്പെടുകയായിരിന്നു. എന്നാൽ 2013 നു ശേഷം അതിശയിപ്പിക്കുന്ന മാറ്റമാണ് ക്രിപ്റ്റോകറൻസി വിപണിയിൽ കണ്ടത്. 2017 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മൂല്യത്തിൽ 1400 ശതമാനം വളർച്ചയാണ് ഉണ്ടയത്. അതായതു 2013 ൽ 1000 ഡോളർ മുടക്കി ബിറ്റ്‌കോയിൻ വാങ്ങിയ ആൾക്ക് ഇപ്പോൾ ലഭിക്കുന്ന മൂല്യമെത്രയാണെന്നറിയണ്ടേ – ഏകദേശം 12 കോടി ഡോളർ. ഇന്ത്യൻ കറൻസിയിൽ ഒരു കോടി എൺപത്തിഅയ്യായിരം രൂപയാണ് ഒരു ബിറ്റ്കോയിൻറെ മൂല്യം. അതുകൊണ്ട് ബിറ്റ്‌കോയിൻ ഊഹക്കച്ചവത്തിനുള്ള ഒരു മാർഗമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ കൂടുതൽ കൗതുകം തോന്നുന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. അത് ഈ നാണയ വ്യവസ്ഥയുടെ സുരക്ഷിതത്വത്തെ കുറിച്ച് ഒട്ടേറെ ആശങ്കകൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ 980,000 ബിറ്റ്കോയിനുകൾ കളവു പോയതായ വാർത്തയാണ് ആശങ്ക ശക്തമാക്കുന്നത്. നെറ്റ് വർക്കിൽ കടന്നു കയറുന്ന ഹാക്കർമാരും ഇൻസൈഡർ ട്രേഡർമാരുമാണ് ഈ മോഷണത്തിന് പിന്നിൽ.

ആരുടെ ശിൽപ്പചാതുരി

ഇനി ആരാണ് ബിറ്റ്‌കോയിൻ കൊണ്ടുവന്നത് എന്നാണ്. നേരത്തെ പറഞ്ഞത് പോലെ സദോഷി നകാമോട്ടോയുടെ പേരാണ് പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ നകാമോട്ടോ എന്ന വ്യക്തി ഉണ്ടോ എന്ന കാര്യം പോലും സുനിശ്ചിതമല്ല. ആസ്ട്രേലിയൻ കംപ്യൂട്ടർ വിദഗ്ദൻ ക്രെയ്ഗ് റൈറ്റ് പറയുന്നത് ഇത് ഒരു കൂട്ടം ആളുകളാണ് എന്നാണ്. ഈ സമൂഹത്തിന് പൊതുവിൽ പറയുന്ന പേരാണ് സാദോഷി നകാമോട്ടോ എന്നത്. നകാമോട്ടോ എന്നത് ഒരു വ്യാജപേരാണ്‌ എന്ന പ്രചാരണവും ശക്തമാണ്. ഇത് ഉണ്ടാക്കിയവർ തങ്ങളുടെ പേര് വെളിപ്പെടുത്താതെ പകരം ഉപയോഗിച്ച പേരാണ് ഇതെന്നുമാണ് റിപ്പോർട്ട്. അന്തരിച്ച കംപ്യൂട്ടർ വിദഗ്ദൻ ഹാൾ ഫിന്നിയുടെ പേരും ബിറ്റ്കോയിൻറെ ഉത്ഭവവുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുണ്ട്. നിക്ക് സാബോ, എലോൺ മസ്ക് തുടങ്ങുയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുടെങ്കിലും അവർ ഇത് നിഷേധിക്കുകയാണ്. വാസ്തവത്തിൽ അടിമുടി ദുരൂഹമാണ് ഇതിന്റെ ഉത്ഭവവും തുടർന്നുള്ള സ്വപ്നതുല്യമായ മുന്നേറ്റവും.

ചൈനയുടെ ആധിപത്യം

പല സാമ്പത്തിക കാര്യങ്ങളിലും എന്ന പോലെ ഇവിടെയും മാർക്കറ്റിലെ ആധിപത്യം ചൈനക്കാർക്കാണ്. ഏതാനും വർഷം മുൻപ് വരെ മൊത്തം ബിറ്റ്കോയിൻറെ 50 ശതമാനം ചൈനക്കാരുടെ കൈവശമായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ കുറവ് വന്നിട്ടുണ്ട്. നിലവിൽ 20 ശതമാനം ബിറ്റ്‌കോയിൻ അവരുടെ കൈവശമാണ്. ചൈനയിൽ ഇതിനു വൻ തുക, കൈമാറ്റ ഫീസായി ഈടാക്കാൻ നിയമം വന്നതാണ് ഇടിവിനു കാരണമായത്.

നിലവിൽ മൈൻ ചെയ്യപ്പെട്ടിരിക്കുന്ന മൊത്തം ബിറ്റ്കോയിൻറെ മൂല്യം 28,300 കോടി ഡോളറാണ്. ഇനി ബിറ്റ്‌കോയിൻ മാത്രമാണ് ഇത്തരത്തിലുള്ളത് എന്ന് കരുതേണ്ട. ഇത്തരത്തിൽ ഏതാണ്ട് 1000 ക്രിപ്റ്റോ കറൻസികൾ രംഗത്തുണ്ട്. “എതെറിയമാണ്” തൊട്ടടുത്തു നില്കുന്നത്. ഏറെ രസകരമായ വസ്തുത നിലവിൽ ഇറങ്ങിയിട്ടുള്ള ബിറ്റ്കോയിൻറെ മൂന്നിൽ ഒരു ഭാഗം 1000 പേരുടെ കൈകളിൽ ആണെന്നതാണ്. ഇവരുടെ കൈവശമുള്ള ബിറ്റ്കോയിൻറെ മൂല്യം 8700 കോടി യു. എസ് ഡോളറാണ്.

ഇതിന്റെ പ്രോസസിംഗ് ഫീ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഗണ്യമായ തോതിൽ ഉയർന്നിട്ടുണ്ട്. ഓരോ ബിറ്റ്കോയിൻ ഇടപാട് നടത്തിന്നതിനു 7 .30 ഡോളർ ചെലവ് വരുന്നുണ്ടെന്നാണ് കണക്ക്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇത് വെറും 30 സെന്റ് മാത്രമായിരുന്നു.
ഇതിന്റെ നിയമപരമായ നിലനിൽപ്പ് മറ്റൊരു പ്രധാന വൈതരണിയാണ്. ലോകത്തെ മിക്ക രാജ്യങ്ങളും ക്രിപ്റ്റോകറൻസിക്ക് അംഗീകാരം നൽകിയിട്ടില്ല. ഇന്ത്യ ഇക്കാര്യത്തിൽ കടുത്ത മുന്നറിയിപ്പ് തന്നെ നൽകിയിട്ടുണ്ട്. ജോസഫ് സ്റ്റിഗ്ലിസിനെ പോലുള്ള പല സാമ്പത്തിക വിദഗ്ധരും ഇത് ലോക സാമ്പത്തിക ക്രമത്തെ തകർക്കുമെന്ന് ആശങ്കപെടുന്നുണ്ട്. ഇത് നിരോധിക്കണമെന്ന അഭിപ്രായക്കാരാണ് അവർ. ബൊളിവിയ, ഇക്വഡോർ, കിർഗിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ ബിറ്റ്‌കോയിൻ ഇടപാടുകൾ നിരോധിച്ചിട്ടുണ്ട്. എല്ലാ ക്രിപ്റ്റോകറൻസികളുടെയും മൊത്തം മൂല്യം 32500 കോടി ഡോളർ പിന്നിടുന്ന വർത്തയോടെയാണ് 2017 പിന്നിടുന്നത്. ഈ വർഷത്തെ ചരിത്രം അടയാളപ്പെടുത്തുക ക്രിപ്റ്റോകറന്സിയുടെ ആധിപത്യത്തിന് തുടക്കം കുറിച്ച വർഷം എന്നായിരിക്കും. 2018 ഇതിന്റെ വലിയ മുന്നേറ്റത്തിനുള്ള വർഷം ആയിരിക്കുമെന്ന വിലയിരുത്തലും സജീവമാണ്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്