ഫാദര്‍ സ്റ്റാന്‍ സ്വാമി: ഹിന്ദുത്വ ഭരണകൂട ഭീകരതയുടെ ഇര

എന്‍. കെ ഭൂപേഷ്

“എന്നെ എട്ടുമാസം മുമ്പാണ് ഇവിടേക്ക് കൊണ്ടുവന്നത്. തലോജയിലേക്ക് വരുമ്പോള്‍ എന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇപ്പോള്‍ നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയാണ്. വല്ലാതെ സഹിക്കുന്നു. ചിലപ്പോള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്” കഴിഞ്ഞ മെയ് മാസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി പറഞ്ഞതാണിത്. അദ്ദേഹം ആശങ്കപ്പെട്ടതു പോലെ സംഭവിച്ചു. അദ്ദേഹം മരിച്ചതറിഞ്ഞ് ബോംബെ ഹൈക്കോടതിയും ഞെട്ടി. മാസങ്ങളെടുത്ത് ജാമ്യാപേക്ഷ കൈകാര്യം ചെയ്ത വിചാരണ കോടതിയും ചിലപ്പോള്‍ ഞെട്ടിക്കാണും. രാഷ്ട്രീയ വിമതരെ ഭീകരവിരുദ്ധ നിയമങ്ങള്‍ ചുമത്തി ജയിലിലിടുകയും ജാമ്യം പോലും കിട്ടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്ന സര്‍ക്കാരുകളും അതിന്റെ ഭാഗമായവരും ഞെട്ടുന്നുണ്ട്, സ്റ്റാന്‍ സ്വാമിയുടെ ഭരണകൂട കൊലപാതകത്തില്‍.

സംശയത്തിന്റെയും രാഷ്ട്രീയ വിരോധത്തിന്റെയും പേരില്‍ ആളുകളെ തടവിലിടുകയും വര്‍ഷങ്ങളോളം വിചാരണ പോലും ഇല്ലാതെ ജയിലിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. ആ സംവിധാനത്തെ രാഷ്ട്രീയമായി വിചാരണ ചെയ്യാന്‍ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തയ്യാറാണോ എന്നതാണ് മുഖ്യ പ്രശ്‌നം. അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയുമായ പ്രായോഗിക രാഷ്ട്രീയം പയറ്റുന്നവര്‍ക്ക് അതിന് സാധിക്കുമോ എന്നതാണ് ചോദ്യം.

സ്റ്റാന്‍ സ്വാമിയെ ജയിലിലടയ്ക്കുകയും അദ്ദേഹത്തിന്റെ മരണം ഉറപ്പാക്കുകയും ചെയ്ത ഹിന്ദുത്വ ഭരണകൂടം മാത്രമല്ല, എല്ലാ എതിര്‍പ്പുകളെയും ഭീകരവാദ ചാപ്പകുത്തി കൈകാര്യം ചെയ്യുന്നവരുടെ, ചിലപ്പോള്‍ മാത്രമുള്ള ധാര്‍മ്മിക രോഷപ്രകടനവും ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. 84 വയസ്സുള്ള ഒരു ആത്മീയാന്വേഷകന്റെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളെ പോലും ഭയക്കുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെയാണ് ഏറ്റവും വലിയ ജനാധിപത്യം എന്ന വ്യാജാഭിമാനം കൊണ്ട് ഇന്ത്യ എന്ന രാജ്യം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ ഈ വയോധികന് വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പോലും ആഴ്ചകള്‍ വൈകിച്ച സംവിധാനമാണ് ഇന്ത്യയുടേത്. സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോ വേണമോ എന്ന കാര്യത്തില്‍ മറുപടി നല്‍കാന്‍ ജഡ്ജി 20 ദിവസമാണ് പ്രോസിക്യൂഷന് അനുവദിച്ചത് ! ഇതാണ് നമ്മുടെ സംവിധാനത്തിന്റെ മാനവികത.

സ്റ്റാന്‍ സ്വാമിയുടെ തടവിലെ മരണം പെട്ടെന്ന് സംഭവിച്ചതല്ലെന്ന വാസ്തവമാണ് തിരിച്ചറിയേണ്ടത്. അദ്ദേഹത്തെ തടവറയിലേക്ക് തള്ളിയ ഭിമാ കോറെഗാവ് കേസ് തന്നെ ഒരു രാഷ്ട്രീയ ആയുധമാക്കി ഭരണകൂടം മാറ്റുകയാണ് ചെയ്തത് എന്ന സംശയം ബലപ്പെടുത്തുന്ന കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നത്. ഇന്ത്യയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭരണകൂട ഭീകര നിയമങ്ങളെ കുറിച്ചും അതിന് ഇരയാക്കപ്പെടുന്നവരെ കുറിച്ചും പറയാതെ സ്റ്റാന്‍ സ്വാമിയുടെ മരണത്തിലുള്ള ക്ഷോഭിക്കല്‍ അരാഷ്ട്രീയ വികാരപ്രകടനം മാത്രമായി മാറും.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്റ്റാന്‍ സ്വാമി അറസ്റ്റ് ചെയ്യപ്പെടുന്നത്. ഭിമ കൊറെഗാവ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മാവോയിസ്റ്റ് ബന്ധം പതിവുപോലെ ആരോപിക്കപ്പെട്ടു. 16 പേരാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാക്കപ്പെട്ടത്. സുധാ ഭരദ്വാജ്, ആനന്ദ് തെല്‍തുംദെ, സുരേന്ദ്ര ഗാഡ്‌ലിംങ്, റോണ വില്‍സണ്‍, ഹാനി ബാബു, ഗൗതം നവ്‌ലാക്ക, മഹേഷ് റൗട്ട്, സോമ സെന്‍ തുടങ്ങി വിവിധ മേഖലകളില്‍ വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ തിരഞ്ഞുപിടിച്ച് തടവറയിലാക്കുകായിരുന്നു. ഇവരുടെയൊക്കെയും സുതാര്യമായ പൊതുപ്രവര്‍ത്തനവും അക്കാദമിക ജീവിതവും ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് വലിയ വെല്ലുവിളിയാണെന്നായിരുന്നു അധികാരികളുടെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അത്തരം ആരോപണങ്ങളും അറസ്റ്റുമെല്ലാം സ്വാഭാവികവത്കരിക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രയോഗമാണ് ഹിന്ദുത്വം ഇന്ത്യയ്ക്ക് മേല്‍ നടത്തി കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ അവരൊക്കെ ഇപ്പോഴും ജയിലില്‍ തുടരുന്നു

ഭിമാ കൊറെഗാവ് സംഭവം സംഘ്പരിവാരം ഒരു രാഷ്ട്രീയ അവസരമാക്കി മാറ്റുകയായിരുന്നു എന്നതിന്റെ നിരവധി സൂചനകള്‍ ഇതിനകം വെളിച്ചത്ത് വന്നിട്ടുണ്ട്. ഭിമാ കൊറേഗാവ് സംഭവത്തിന്റെ 200-ാം വാര്‍ഷികത്തിന് ശേഷം നടന്ന അനുസ്മരണത്തിന് ശേഷം കലാപം ഉണ്ടാക്കിയത് സംഘ്പരിവാര്‍ അനുകൂലികളാണെന്ന തുടക്കത്തിലെ അന്വേഷണത്തെ വഴിതിരിച്ച് വിട്ടുകൊണ്ടാണ്, ഇന്ത്യയിലെ ആര്‍എസ്എസ് വിരോധികളായ, ബുദ്ധിജീവികളെയും ആക്റ്റിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. എങ്ങനെയാണ് ഭരണകൂടത്തിന് അനഭിമതരായവരെ കേസില്‍ കുടുക്കിയതെന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇതിനകം പുറത്തായിട്ടുണ്ട്. ചില നിര്‍ണായക രേഖകള്‍ ഇവരുടെ കംപ്യൂട്ടറുകളില്‍ നിന്നും മറ്റുമായി കണ്ടെടുത്തുവെന്നാണ് അന്വേഷണ സംഘം നിരന്തരം പറഞ്ഞത്.

അറസ്റ്റിലായ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് കണ്ടെത്തിയതായി പറയുന്ന “അപകടകരമായ” രേഖകള്‍ അദ്ദേഹം അറിയാതെ, അതില്‍ നിക്ഷേപിച്ചതാണെന്നാണ് അമേരിക്ക ആസ്ഥാനമായ ആര്‍സനല്‍ കണ്‍സല്‍ട്ടിംഗ് ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്തിയത്. ഒരു പ്രത്യേക സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കംപ്യൂട്ടറില്‍ അദ്ദേഹം അറിയാതെ രേഖകള്‍ നിക്ഷേപിക്കുകയും പിന്നീട് അതേ രേഖകളുടെ പേരില്‍ റോണ വില്‍സനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടത്. ഈ വസ്തുത പുറത്തുവന്നിട്ടും ഇപ്പോഴും റോണ വില്‍സണ്‍ ജയിലില്‍ തുടരുകയാണ്. പുതിയ തെളിവുകള്‍ പരിശോധിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യന്‍ നീതിന്യായ ഭരണ സംവിധാനങ്ങള്‍ക്ക് തോന്നിയിട്ടേയില്ല. അങ്ങനെയാണ് നീതി ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടെയിരിക്കുന്നത്. ഭിമ കൊറെഗാവ് സംഭവം പലരേയും തടങ്കലിലിടാനുള്ള അവസരമാക്കി ഭരണകൂടം മാറ്റുകയാണെന്ന് സംശയമാണ് ഇതിലൂടെയൊക്കെ ബലപ്പെടുന്നത്. ജര്‍മ്മനയിലെ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്താനുള്ള അവസരമാക്കിയെടുത്ത ഹിറ്റ്‌ലറുടെ രീതിയാണ് ഭിമ കൊറെഗാവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ ഭരണകൂടത്തിന്റേതെന്ന് വേണം സംശയിക്കാന്‍.

പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകളാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു തന്റെ ഫാസിസ്റ്റ് പ്രയോഗം ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ശക്തമാക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റുകളായിരുന്നില്ലെന്നും അത് നാസികള്‍ തന്നെ നടത്തിയതാണെന്നുമുള്ള ചരിത്രവസ്തുതകള്‍ പിന്നീട് പുറത്തുവന്നു. അതായത് ഒരു അവസരം കൃത്രിമമായി ഫാസിസ്റ്റ് ഭരണകൂടം സൃഷ്ടിക്കുകയായിരുന്നു. ജര്‍മ്മനിയിലെ പാര്‍ലമെന്റ് തീവെപ്പ് സംഭവത്തെ ജര്‍മ്മന്‍ ഫാസിസ്റ്റുകള്‍ ഉപയോഗിച്ചതു പോലെ, ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസം ഭിമാ കൊറെഗാവ് സംഭവത്തെ ഉപയോഗിക്കുകയാണെന്ന സംശയം നേരത്തെ തന്നെ പലരും ഉന്നയിച്ചിട്ടുള്ളതാണ്. ആ പ്രയോഗമാണ് അതാണ് വിമോചന ദൈവശാസ്ത്രത്തിന്റെ പാതയിലൂടെ സഞ്ചരിച്ച വയോധികനായ ഒരു ആത്മീയാന്വേഷകന് വയലന്റായ ഒരു മരണത്തിലേക്ക് തള്ളിയിട്ടത്.

ഇന്ത്യയിലെ സിവില്‍ രാഷ്ട്രീയ സമൂഹങ്ങള്‍ ഭരണകൂട അതിക്രമങ്ങളോട് എത്ര സ്വാഭാവികമാണ് പൊരുത്തപ്പെടുന്നത് എന്നതിന്റെ കൂടി ഉദാഹരണമാണ് ഭിമാ കൊറെഗാവ് കേസ്. രണ്ട് വര്‍ഷത്തിലേറെയായി ഇതുമായി ബന്ധപ്പെട്ട പലരും തടവിലാക്കപ്പെട്ടിട്ടെങ്കിലും ഇടതുപാര്‍ട്ടികളും ചില ദളിത് സംഘടനകളുമല്ലാതെ ഇതേക്കുറിച്ചൊന്നും കാര്യമായി വേവലാതിപെട്ടേയില്ല. സ്റ്റാന്‍ സ്വാമി ആശുപത്രിയില്‍ മരിച്ചുവെന്ന് തലക്കെട്ടിട്ടും, മരണത്തിന് കാരണമായ രാഷ്ട്രീയ പ്രയോഗങ്ങളെ മറച്ച് പിടിച്ച് എഡിറ്റോറിയലെഴുതുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഈ നിസ്സംഗതയുടെയും കാപട്യത്തിന്റെയും മറ്റൊരു മുഖമാണ് പ്രകടിപ്പിക്കുന്നത്.

കേരളത്തിലെ അവസ്ഥ നോക്കിയാലും കാണാം ഈ രാഷ്ട്രീയ കാപട്യം. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 145 പേര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തപ്പെട്ടത്. യുഎപിഎ നിയമത്തെ എതിര്‍ക്കുന്നുവെന്ന് പറയുന്ന ഒരു പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രയോഗമാണിത്. ഇത്രമാത്രം കേസുകളില്‍ യുഎപിഎ ചുമത്തപ്പെടാന്‍ മാത്രമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് എപ്പോഴാണ് നടന്നതെന്ന ചോദ്യത്തിന് മാത്രം ഭരണകര്‍ത്താക്കള്‍ക്കും മറുപടിയില്ല. 145 കേസുകളില്‍ ആകെ എട്ടെണ്ണത്തിന് മാത്രമാണ് പ്രോസിക്യൂഷന്‍ അനുമതി കിട്ടിയത് എന്നറിയുമ്പോഴാണ് ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വം പ്രതികൂട്ടില്‍ നില്‍ക്കുന്നത്. കാരണം പൊലീസ് തങ്ങളുടെതായ യുക്തിക്കനുസരിച്ച് ആളുകള്‍ക്കെതിരെ യുഎപിഎ ചുമത്തുകയാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്രയും അധികാരം മാത്രം പോരാ മഹാരാഷ്ട്ര മാതൃകയില്‍ ഭീകരതയ്‌ക്കെതിരെ നിയമം വേണമെന്നാണ് വിരമിച്ച പൊലീസ് മേധാവി ശിപാര്‍ശ ചെയ്തത്. പൊലീസ് കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീറിയല്‍ അധികാരങ്ങള്‍ നല്‍കാനുള്ള ആലോചനയും ഉണ്ടെന്നാണ് സൂചന.

അധികാര രാഷ്ട്രീയം അനായാസമായി സ്വാംശീകരിക്കുന്ന കാപട്യത്തിന്റെ ഉദാഹരണങ്ങളാണ് ഇത്. സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിക്കുമ്പോള്‍ തന്നെയാണ് കേരളത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വയനാട് സ്വദേശി ഇബ്രാഹിം തടവറയില്‍ കഴിയുന്നത്. വിചാരണ തടവുകാരനായി കഴിഞ്ഞ ആറ് വര്‍ഷമായി അദ്ദേഹം തടവിലാണ്. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കണമെന്ന് കേരളത്തിലെ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇബ്രാഹിം ജയിലില്‍ തന്നെ കഴിയുന്നുവെന്ന് ഉറപ്പു വരുത്തുന്നവര്‍ തന്നെയാണ് സ്റ്റാന്‍ സ്വാമിയുടെ വിയോഗത്തില്‍ ഞെട്ടുന്നത് എന്നതാണ് ഇന്ത്യന്‍ മുഖ്യധാര രാഷ്ട്രീയം കൈവരിച്ച കാപട്യം. ഫാസിസത്തിന്റെ അടിത്തറ ഉറപ്പാക്കുന്നത് ഇത്തരം അഴകൊഴമ്പന്‍ നിലപാടുകള്‍ കൂടിയാണ്.

Latest Stories

ആദ്യ ദിനം കത്തിച്ച് ബസൂക്ക, അജിത്തിന്റെ തലവര മാറ്റി ഗുഡ് ബാഡ് അഗ്ലി; ബാക്കി സിനിമകൾക്ക് എന്ത് സംഭവിച്ചു? കളക്ഷൻ റിപ്പോർട്ട് പുറത്ത് !

IPL 2025: കെഎല്‍ രാഹുലും കാന്താര സിനിമയും തമ്മിലുളള ബന്ധം, ഈ വീഡിയോ പറയും, ആ ഐക്കോണിക് സെലിബ്രേഷന് പിന്നില്‍, പൊളിച്ചെന്ന് ആരാധകര്‍

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; വീണ വിജയന് സമന്‍സ് അയയ്ക്കും

തിയേറ്ററില്‍ പരാജയമായ മലയാള ചിത്രങ്ങള്‍, 5 കോടിക്ക് മുകളില്‍ പോയില്ല! ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ച് 'ഛാവ'യും

അഭിമുഖത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും; ഏറ്റമുട്ടി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

IPL 2025: ഒരോവറില്‍ അഞ്ച് സിക്‌സടിച്ചവനെയൊക്കെ എന്തിനാണ് തഴയുന്നത്, അവന് ബാറ്റിങ് പൊസിഷനില്‍ മാറ്റം കൊടുക്കണം, നിര്‍ദേശവുമായി സൗരവ് ഗാംഗുലി

പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ ഓഹരികള്‍ വിറ്റഴിക്കേണ്ട; ഓഹരികള്‍ ഈട് നല്‍കിയാല്‍ ജിയോഫിന്‍ ഒരു കോടി വരെ തരും

ജസ്റ്റിസ് ലോയയുടെ മരണം: 'ഡമോക്ലീസിന്റെ വാൾ' പോലെ മോദിയുടെയും ഷായുടെയും തലയ്ക്ക് മുകളിൽ തൂങ്ങുന്ന കേസ്, ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഇന്നും തുടരുന്ന ദുരൂഹത...

IPL 2025: കൊല്‍ക്കത്ത-ചെന്നൈ മത്സരത്തില്‍ എന്റെ ഇഷ്ട ടീം അവരാണ്, കാരണമിതാണ്, തുറന്നുപറഞ്ഞ് വീരേന്ദര്‍ സെവാഗ്‌

ചൈനയ്ക്ക് വച്ചത് ആപ്പിളിന് കൊണ്ടു; ഇന്ത്യയില്‍ തകൃതിയായി നിര്‍മ്മാണവും കയറ്റുമതിയും; ഞായറാഴ്ച പോലും അവധി ഇല്ല; ആറ് വിമാനത്തിലായി കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകള്‍