അഡ്വ. ജയശങ്കര്‍
സുപ്രീം കോടതിയില്‍ ജഡ്ജിമാര്‍ തമ്മില്‍ നിലനിന്നിരുന്ന ശീതസമരം ഇപ്പോള്‍ എല്ലാ സീമകളും ലംഘിച്ച് പരസ്യമായിരിക്കുകയാണ്. ശീതസമരം വളരെ വര്‍ഷങ്ങളായി തന്നെ ഉണ്ടായിരുന്നതാണ്. ഇത്രയും കാലം ഇത് കാര്‍പ്പെറ്റിനടിയില്‍ തളളിയിരിക്കുകയായിരുന്നു. ഇപ്പോള്‍ വിഭാഗീയത പരസ്യമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ചീഫ് ജസ്റ്റിസിനെതിരായി മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തുവരികയും കോടതി ബഹിഷ്‌കരിച്ച് പ്രവൃത്തി സമയത്തില്‍ തന്നെ പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുകയും ചെയ്തു. അവര്‍ പ്രത്യക്ഷത്തില്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചില്ലെങ്കിലും നീതിന്യായ വ്യവസ്ഥയുടെ പോരായ്മകള്‍ തുറന്നുകാട്ടി. നമ്മുടെ ജനാധിപത്യസംവിധാനം നിലനിര്‍ത്തുന്നതില്‍ ജുഡീഷ്യറി ഒരു അടിസ്ഥാന ഘടകമാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും നിലനില്‍പും സുപ്രധാനമാണ്.
അഭിപ്രായ വ്യത്യാസം ചീഫ് ജസ്റ്റിസുമായി ന്യായാധിപന്‍മാര്‍ സംസാരിച്ചു. പക്ഷെ അദ്ദേഹം വഴങ്ങുന്നില്ല. അസാധാരണമായ സാഹചര്യമാണിത്. ഇതിന് മുമ്പ് ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിട്ടില്ല.അസാധരണമെന്ന് അറിഞ്ഞുകൊണ്ടാണ് അവര്‍ വാര്‍ത്താസമ്മേളനം വിളിച്ചതും. അതുകൊണ്ടുതന്നെയാണ് അവര്‍ ഈ നടപടിയെ സാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ നടപടി എന്നു പറഞ്ഞതും. എന്നാല്‍ അസാധാരണമായ സാഹചര്യം എന്തെന്ന് അവര്‍ വ്യക്തമാക്കിയില്ല. ഏഴ് പേജുള്ള കത്ത് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം എന്താണെന്നും വ്യക്തമാക്കുന്നില്ല.
ചില ബഞ്ചിനെ കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്യുന്നതില്‍ സംഭവിക്കുന്ന അപാകതകള്‍, കേട്ടുകൊണ്ടിരിക്കുന്ന കേസുകള്‍ ഒരു ജഡ്ജിയില്‍ നിന്നും മറ്റൊരു ജഡ്ജിക്ക് നല്‍കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവ മാത്രമാണ് അവര്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇതൊന്നും അസാധാരണമായ സംഭവമാണെന്ന് പറയാന്‍ കഴിയില്ല. ഇതൊക്കെ മുമ്പും നടന്നിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയിരുന്നില്ല. പ്രധാന കാര്യമെന്തെന്നാല്‍ ചീഫ് ജസ്റ്റിസിനെതിരെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്ജിമാര്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്നതാണ്. അതിന്റെയും വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അവര്‍ തയ്യാറായിട്ടില്ല.സൂചനകള്‍ മാത്രമെ അവര്‍ നല്‍കുന്നുള്ളു. വളരെക്കാലമായി ഉണ്ടായിരുന്ന പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നു. പുക മാറി തീ ആളിക്കത്തിയിരിയിരിക്കുന്നു ഇപ്പോള്‍.
ഇത്രയും നാള്‍ സുപ്രീംകോടതി എന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസുണ്ടായിരുന്ന സംവിധാനമായിരുന്നു. അവരുടെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാന്‍ നീതിന്യായ വ്യവസ്ഥയുടെ പരമോന്നത പീഠമായ സുപ്രീംകോടതിയുണ്ടാവുമെന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. സുപ്രീംകോടതിയുടെ ധാര്‍മ്മിക അടിത്തറയ്ക്ക് വിള്ളല്‍ വീണിരിക്കുന്നു. സുപ്രീംകോടതി എന്ന സംവിധാനം ഒരു അടഞ്ഞ വ്യവസ്ഥയാണ്. അവിടെ എന്തുനടക്കുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. വിവരാവകാശം പ്രകാരം രേഖ ലഭിക്കുന്നതുവരെ ആരും സുപ്രീം കോടതിയിലെ കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നുമില്ല. ജഡ്ജിമാരുടെ വിധികള്‍ മാത്രമെ നമ്മള്‍ അറിയുന്നുള്ളു. അവരുടെ വിചാരങ്ങള്‍ എന്തൊക്കെയാണെന്നോ, ചിന്തകള്‍ എന്തൊക്കെയാണെന്നോ നമുക്ക് അറിയാനാവില്ല.
വ്യവസ്ഥിതി ജീര്‍ണിച്ചിരിക്കുന്നു. അപചയം സംഭവിച്ചിരിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് സ്പഷ്ടമായിരിക്കുന്നു. ജനാധിപത്യത്തിന്റെ തൂണാണ് ജുഡീഷ്യറി. അവിടെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നുവെന്നാണ് ധാരണ. എന്നാലങ്ങനെയല്ല, അവിടെ പലതും ചീഞ്ഞ് നാറുന്നുണ്ട്. ജീര്‍ണത മനസിലാക്കി ഇതെങ്ങിനെ പരിഹരിക്കും എന്നതാണ് കാര്യം. തീവണ്ടി പാളം തെറ്റി കഴിഞ്ഞു. തിരിച്ച് കേറുക എളുപ്പമല്ല.
പിന്നെ, ജഡ്ജിമാരുടെ നിയമനം,സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ചുള്ളതാണ്. അത് മൗലീകമായ വിഷയമാണ്, പരിഹരിക്കപ്പെടേണ്ടതാണ്്. ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ ഉണ്ടാക്കിയത്് അതിന് വേണ്ടിയാണ്. പാര്‍ലമെന്റ് ഐകകണ്‌ഠ്യേന പാസാക്കിയ നിയമം നാലുപേരുടെ ഭൂരിപക്ഷത്തില്‍ അട്ടിമറിയ്ക്കപ്പെട്ടു. എന്നിട്ട് അവര്‍ തന്നെ പറയുന്നു സംവിധാനം ശരിയല്ലെന്ന്. പാളം തെറ്റിയിതിനെ തിരിച്ച് പിടിക്കുക ദുഷ്‌കരമാണ്. കോടതിയുടെ കാര്യം നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നുവെന്നാണ് ജഡ്ജിമാര്‍ പറയുന്നത്. ഇത്രയും കാലം നമ്മുടെ കാര്യം കോടതി നോക്കുമെന്നാണ് കരുതിയിരുന്നത്. ഇതാണ് ഇപ്പോള്‍ പത്രക്കാരോട് നോക്കാന്‍ ജഡ്ജിമാര്‍ പറയുന്നത്.