അർണബിന്റെ റിപ്പബ്ലിക്കുമായുള്ള യുദ്ധം; സ്വയം നശീകരണത്തിന്റെ ബട്ടൺ അമർത്തിയ മാധ്യമങ്ങൾ

ടെലിവിഷൻ ന്യൂസ് ചാനലുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ ഒരു വശത്ത് അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കും, മറുവശത്ത് ബാക്കി ചാനലുകളും തമ്മിൽ ഉണ്ടായ വൃത്തികെട്ട കലഹമാണ് ഈ ലേഖനത്തിന് പ്രേരണയായിരിക്കുന്നത്.

വളരെയധികം ചാനലുകളും, അതിലെ ശക്തരായ അവതാരകരും (തങ്ങൾക്കുള്ള പിന്തുണയേക്കാൾ വലിയ അഹംബോധം വച്ച് പുലർത്തുന്നവർ), ഒരു പ്രശ്‌നത്തെ പൊതുവായ ഒന്നായി കണക്കാക്കുന്നത് ഒരു തരത്തിൽ സന്തോഷകരമായ ഒരു വിരോധാഭാസമാണ്. അർണബ് ഗോസ്വാമി ഭിന്നിപ്പുണ്ടാക്കുന്ന ആളാണെന്ന് നമുക്കറിയാം. എന്നാൽ, അയാൾ പൊതുവായ ഭീഷണിയായി മാറിയപ്പോൾ കടുത്ത എതിരാളികളെ പോലും ഒന്നിപ്പിക്കാനും അദ്ദേഹത്തിന് കഴിയുമെന്ന് ഇപ്പോൾ നമുക്കറിയാം.

കള്ളം പറയുകയോ സത്യം പറയുകയോ ചെയ്യുന്നത് ആരാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. ഒരു വ്യക്തിയിലോ നേതാവിലോ വിശ്വസിച്ചുകഴിഞ്ഞാൽ പിന്നെ, അയാൾ പറയുന്നതെല്ലാം ശരിയാണെന്നും മറുഭാഗം പറയുന്നതെല്ലാം തെറ്റാണെന്നും ആളുകൾ വിശ്വസിക്കുന്ന, അന്യോന്യവിരോധത്തിന്റെ ഈ കാലത്ത് അത് ഒരു പാഴ് വേലയാണ്.

ഡൊണാൾഡ് ട്രംപ് മുതൽ നരേന്ദ്ര മോദി വരെ, അർണബ് ഗോസ്വാമി മുതൽ രവിഷ് കുമാർ വരെ, ഈ പ്രതിഭാസം ആണ് ഇവിടം ഭരിക്കുന്നത്. പ്രപഞ്ചത്തിന്റെ ആധിപന്മാരാണെന്നു സ്വയം വിശ്വസിക്കുന്നവർ പരസ്‌പരം പോരടിക്കട്ടെ എന്ന് വേണമെങ്കിൽ വിചാരിക്കാം. നിർഭാഗ്യവശാൽ, നമ്മൾക്ക് ഇതിനോട് അത്ര നിസ്സംഗത പുലർത്താൻ കഴിയില്ല.

എന്തുകൊണ്ടാണ് നമ്മൾക്ക് നിസ്സംഗത പുലർത്താൻ കഴിയാത്തത് എന്ന് വിശദീകരിക്കാൻ, ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഹോളിവുഡിലെ വമ്പൻ യുദ്ധ സിനിമകളുടെ കാലത്ത് നിന്നുള്ള ഒരു കെട്ടുകഥ. ഒരു നിർമ്മാതാവ് തന്റെ ചിത്രത്തിലെ യുദ്ധ രംഗങ്ങൾക്കായി എക്സ്ട്രാ നടീനടന്മാരുടെ എക്കാലത്തെയും വലിയ ഒരു നിര തന്നെ കൊണ്ട് വരുന്നു, ഏറ്റവും തന്‍മയത്വമായ യുദ്ധ രംഗങ്ങൾ വെള്ളിത്തിരയിൽ എത്തിച്ച നിർമ്മാതാവ് എന്ന നിലയിൽ അദ്ദേഹത്തെ എല്ലാവരും പ്രശംസിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.

കാര്യം ഒക്കെ ഗംഭീരം തന്നെ, എന്നാൽ ഇവർക്കെല്ലാം എങ്ങനെ ശമ്പളം നൽകും, ഇതിനായി താൻ പണം ചിലവഴിക്കാൻ പോകുന്നില്ല എന്ന് പ്രൊഡ്യൂസറോഡ് ഫിനാൻസിയർ പറയുന്നു. എന്നാൽ ഒരു പ്രശ്‌നവുമില്ല എന്നാണ് മറുപടിയായി നിർമ്മാതാവ് പറഞ്ഞത്. അയാൾ തുടർന്ന് വിശദീകരിച്ചു: അവസാന രംഗത്തിൽ, എക്സ്ട്രാ ആർട്ടിസ്റ്റുകൾക്ക് യഥാർത്ഥ ആയുധങ്ങൾ നൽകും, അങ്ങനെ എല്ലാവരും പരസ്പരം കൊല്ലും. രംഗങ്ങൾ എല്ലാം യാഥാർത്ഥ്യത്തെ വെല്ലുന്നവയായിരിക്കും, പക്ഷെ പണം വാങ്ങാൻ ആരും ജീവനോടെ അവശേഷിക്കുകയുമില്ല.

ഇന്നത്തെ നമ്മുടെ വാർത്താമാധ്യമങ്ങളുടെ സ്ഥിതിയും ഈ കഥയും തമ്മിൽ എന്തെങ്കിലും സാമ്യത നിങ്ങൾ കാണുന്നുണ്ടോ? ഏറ്റവും ശക്തരും ജനപ്രിയരും മികച്ചവരും മോശക്കാരും ഒക്കെ ആയ നാമെല്ലാവരും ഇപ്പോൾ യഥാർത്ഥ ആയുധങ്ങളുമായി ഭ്രാന്തമായ ഒരു യുദ്ധ രംഗത്ത് അകപ്പെട്ടിരിക്കുകയാണ്. നമ്മൾ പരസ്പരം പഴിചാരുകയും ശപിക്കുകയും തെറിവിളിക്കുകയുമൊക്കെ ചെയ്യുന്നു.

ഇത് കുറച്ച് കാലമായി തുടരുന്നു, കാരണം നിങ്ങളേക്കാൾ മുമ്പേ ഒരു വാർത്ത പുറത്തിവിട്ട എതിരാളിയായ മാധ്യമ സ്ഥാപനത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം, ആ വാർത്ത വ്യാജമാണെന്നും ദുരുദ്ദേശത്തോടെ ഉള്ളതാണെന്നും അതിശയോക്തി കലർന്നതാണെന്നും സ്ഥാപിക്കുക എന്നതാണ്. അല്ലെങ്കിൽ, നിങ്ങൾ ആ വാർത്ത മോഷ്ടിച്ച് ‘എക്‌സ്‌ക്ലൂസീവ്’ ടാഗ് വച്ച് നിങ്ങളുടേതാണെന്ന് പറഞ്ഞ് കൊടുക്കുക. നേരെമറിച്ച് ആരുടെയെങ്കിലും എക്സ്ക്ലൂസിവ് വാർത്തക്ക് ഫോളോ അപ് വാർത്ത കൊടുക്കുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നാണ് ഇവർ കരുതുന്നത്.

നമ്മൾ സംസാരിക്കുന്നത് ടെലിവിഷൻ ചാനലുകളെക്കുറിച്ച്‌ മാത്രമല്ല. ഈ വൈറസ് കോവിഡ് -19 പോലെ തന്നെ ഒരു പകർച്ചവ്യാധിയാണ്, മാത്രമല്ല ഇതിനെതിരെ ആരും മാസ്ക് ധരിക്കുകയോ ശുചിത്വം പാലിക്കുകയോ ചെയ്യുന്നില്ല എന്നതാണ് പ്രശ്നം. ടെലിവിഷനാണ് ഏറ്റവും പ്രകടമായി ഇത് ചെയ്യുന്നത്. സ്റ്റുഡിയോകളുടെയും, ന്യൂസ് റൂമുകളുടെയും തമ്മിലുള്ള വിദ്വേഷം, റേറ്റിംഗുകളുടെ വ്യാജവും അതിശയോക്തിപരവുമായ അവകാശവാദങ്ങൾ, എക്സ്ക്ലൂസീവ്, സൂപ്പർ എക്സ്ക്ലൂസീവ്, ഏറ്റവും പുതിയ “സ്ഫോടനാത്മക എക്സ്ക്ലൂസീവ്” എല്ലാം നമ്മുടെ മുന്നിലുണ്ട്.

എതിരാളികളായ ചാനലുകളുടെ റിപ്പോർട്ടർമാരും ക്യാമറമാൻമാരും കയ്യാങ്കളിയിൽ ഏർപ്പെടുന്നത് കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം മുഴുവൻ കാണുകയാണ്. സ്റ്റുഡിയോ അവതാരകർ‌ എതിരാളികളായ ചാനലുകളുടെ റിപ്പോർ‌ട്ടർ‌മാർക്കെതിരെ, അവർ സ്ത്രീകളാണോ എന്നുപോലും പരിഗണിക്കാതെ‌ അപകടകരമായ പ്രചാരണങ്ങൾ‌ നടത്തുന്നു.

എന്തിനാണ് ഇതിൽ ഇത്ര വിഷമിക്കുന്നത്, എന്ന് നിങ്ങൾ ചോദിച്ചേക്കാം. സിനിമയിലെ യുദ്ധ ചിത്രീകരണത്തിനായി ആയിരക്കണക്കിന് എക്സ്ട്രാ ആർട്ടിസ്റ്റുകൾക്ക് യഥാർത്ഥ ആയുധങ്ങൾ നൽകിയ നിർമ്മാതാവിന്റെ കഥയിലെ പോലെ, എല്ലാവരും പരസ്പരം കൊല്ലട്ടെ. നമുക്ക് ഈ കാഴ്ച പോപ്‌കോൺ കൊറിച്ചുകൊണ്ട് ആസ്വദിക്കാം എന്ന് നിങ്ങൾ പറഞ്ഞേക്കാം, എന്നാൽ അതിനും ഉത്തരമുണ്ട്.

ഒന്നാമതായി, മാധ്യമ രംഗത്തെ ഒരു ചെറിയ വിഭാഗം ആളുകളുടെയെങ്കിലും കാഴ്ചപ്പാടിൽ, ഇത് കുറച്ച് മാധ്യമതൊഴിലാളികൾ തമ്മിൽ പോരടിക്കുകയും ബാക്കിയുള്ളവർ അത് കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന പോലെ നിസ്സാരമായി കാണാൻ കഴിയുന്ന ഒന്നല്ല. വാർത്താ മാധ്യമങ്ങൾ എന്നത് ഒരു സ്ഥാപനമാണ്, കുറച്ച് മണിക്കൂറിനുള്ളിൽ അവസാനിക്കുന്ന ഒരു പരിപാടിയല്ല. രണ്ടാമതായി, വിവിധ മീഡിയ ബ്രോഡ്കാസ്റ്റർമാരുടെ അസോസിയേഷനുകൾ മുതൽ മറ്റ് സൊസൈറ്റികൾ, ‘ക്ലബ്ബുകൾ’, പത്രപ്രവർത്തകർ നടത്തുന്ന ഭവന നിർമ്മാണ സഹകരണസംഘങ്ങൾ എന്നിവ വരെയുള്ള എല്ലാ മാധ്യമ സ്ഥാപനങ്ങളുടെയും അവസ്ഥ നിങ്ങൾ നോക്കുകയാണെങ്കിൽ, അവർ പരസ്പരം പോരടിക്കുന്നവരാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. ഈ യുദ്ധം വലിയ തോതിൽ ഉള്ള ഒന്നാണ്, സഹോദര്യത്തിൽ കഴിയേണ്ടവർ തമ്മിൽ ഉള്ളത്. ഇതിൽ എല്ലാവരും നാശം അനുഭവിക്കേണ്ടി വരുന്ന എക്സ്ട്രാകളാണ്.

മൂന്നാമതായി, ആരാണ് നമുക്ക് ഈ ആയുധങ്ങൾ നൽകിയതെന്ന് ചിന്തിക്കുക. രക്തരൂക്ഷിതമായ ഈ “സിനിമയുടെ” നിർമ്മാതാക്കൾ മധ്യമ സ്ഥാപനങ്ങളുടെ ഉടമകളാണ്, അവർ വിപണിയെ ലക്ഷ്യം വച്ച് മാത്രമല്ല നയിക്കപ്പെടുന്നത്, ചുരുക്കം ചിലർ അങ്ങനെ ആയിരിക്കാം. എന്നാൽ മാധ്യമത്തിന്റെ ശക്തി ഉപയോഗിച്ച് മറ്റ് പല മാർഗ്ഗങ്ങളിലൂടെയും ധനസമ്പാദിക്കാം.

അതുകൊണ്ടാണ് വലിയ ധനികരും മറ്റ് മേഖലകളിൽ താൽപ്പര്യവുമുള്ളവരുമായ പലരും മീഡിയ കമ്പനികൾ വിലക്ക് വാങ്ങുന്നത്. അവ വളരെ ചെറിയ വിലയ്ക്ക് ലഭിക്കുന്നു, സമൂഹത്തിൽ നിങ്ങൾക്ക് ഒരു പദവി ഉണ്ടാകുന്നു, നിങ്ങളുടെ വാർഷിക പരിപാടിയിൽ പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ സ്വീകരിക്കാനും കാണാനും കഴിയും, സോഫയിൽ അവരുടെ അടുത്തായി ഇരിക്കാനും സാധിക്കുന്നു. നിങ്ങളുടെ മറ്റ് ബിസിനസുകൾക്ക് ഉപകാരപ്പെടുന്ന മന്ത്രിമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ തുടങ്ങിയവർ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങുന്നു.

നിങ്ങൾക്ക് വലിയ സ്വാധീന ശക്തി ഉണ്ടാകുന്നു. മീഡിയ കമ്പനിയിൽ നിന്നുള്ള സാമ്പത്തിക ലാഭത്തേക്കാൾ വളരെ പ്രധാനമാണ് ഇത്. പിന്നീട്, ഒരു ഷോപ്പിംഗ് മാളിനോ റെസിഡൻഷ്യൽ കോളനിക്കോ ഭൂവിനിയോഗത്തിനുള്ള അനുമതി, അണക്കെട്ട് പണിയുന്നതിനുള്ള കരാർ, ഖനന ലൈസൻസുകൾ എന്നിവയെല്ലാം ചെറിയ ഉദാഹരണങ്ങൾ.

സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളും മുതിർന്ന പത്രപ്രവർത്തകരും തങ്ങളെ അധികാര രാഷ്ട്രീയത്തിലെ പ്രധാനികളായി കാണുന്നു. അവർ വേഗത്തിൽ ഒരു പക്ഷം തിരഞ്ഞെടുക്കുന്നു, എപ്പോഴും ഇത് വിജയിക്കുന്ന പക്ഷമായിരിക്കും. ഒരു ടെലിവിഷൻ ചാനലിന്റെ റേറ്റിംഗുകൾ വ്യാജമാണെന്ന് പൊലീസും എതിരാളികളായ മാധ്യമങ്ങളും ആരോപിക്കുമ്പോൾ ചാനൽ സമ്മർദ്ദത്തിൽ ആവുന്നു, എന്നാൽ മണിക്കൂറുകൾക്കുള്ളിൽ, ചാനലിനെ പിന്തുണച്ച് കൊണ്ട് രാജ്യത്തെ പ്രബലമായ ഭരണകക്ഷിയുടെ അധ്യക്ഷന്റെയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനകൾ പ്രത്യക്ഷപ്പെടുമ്പോൾ, യഥാർത്ഥത്തിൽ എന്താണ് അപകടത്തിലായിരിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും.

മാധ്യമങ്ങൾ അധികാര സ്ഥാപനങ്ങളെ ചോദ്യം ചെയ്യണം എന്ന നമ്മുടെ പഴയ ധാരണയേക്കാൾ ശക്തമാണ്, ഇന്ന് അതിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള പ്രലോഭനം. ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. അസന്തുഷ്ടനായ മന്ത്രിയിൽ നിന്നും ഒരു ഫോൺ കോൾ, അല്ലെങ്കിൽ ചിലപ്പോൾ പരിഹാസം, അഭിമുഖം തരാതിരിക്കുക തുടങ്ങി അധികാരസ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ പണ്ട് നമ്മൾ നേരിട്ടിരുന്ന അനന്തരഫലങ്ങൾ അല്ല ഇന്നുള്ളത്. പത്രപ്രവർത്തനത്തിനുള്ള സ്വാതന്ത്ര്യം തന്നെ പൂർണ്ണമായും ഇല്ലാതാക്കുക, അല്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ വക തിരച്ചിൽ എന്നിവയൊക്കെ ആയിരിക്കും ഇന്ന് നേരിടേണ്ടി വരുക. ഒരു മാധ്യമ സ്ഥാപനത്തെ വേട്ടയാടിയാൽ മറ്റ് സ്ഥാപനങ്ങൾ അതിനെ ചോദ്യം ചെയ്യാൻ പോകുന്നില്ല എന്ന് മാത്രമല്ല, അവർ വേട്ടയാടലിന്റെ ഭാഗമാകുകയും ചെയ്യുമെന്ന് അധികാരത്തിൽ ഇരിക്കുന്നവർക്ക് ഇന്നറിയാം.

സാമ്പത്തിക നേട്ടത്താലോ അധികാരത്താലോ പ്രചോദിതരായ ഉടമകളാണ് (ഉടമ-എഡിറ്റർമാർ ഉൾപ്പെടെ), നേരത്തെ പറഞ്ഞതു പോലെ രംഗത്ത് ഉള്ളവർക്ക്‌ യഥാർത്ഥ ആയുധങ്ങൾ നൽകുന്നത്. എല്ലായിപ്പോഴും എന്ന പോലെ സർക്കാർ ഇതിന്റെയെല്ലാം യഥാർത്ഥ ഗുണഭോക്താവാകുന്നു.

സാമ്പത്തിക തകർച്ചയുടെ, പിരിച്ചുവിടലിന്റെയും വേതനം വെട്ടികുറയ്ക്കലിന്റെയും ഈ കാലത്ത്, വാർത്താമാധ്യമങ്ങൾ കൂടുതൽ ദുർബലമാകുമ്പോൾ, മാധ്യമ ഉടമസ്ഥരും പത്രപ്രവർത്തകരും ആരുമായി അടുക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ മൂല്യം നിർണയിക്കപ്പെടുന്നത്. കുഴപ്പങ്ങളിൽ നിന്ന് ജാമ്യം നേടുന്നതിന് അവർ ഭരണകൂടത്തെ കൂടുതൽ ആശ്രയിക്കുന്നു. ഇതിന്റെ ഭാഗമായി എതിരാളിയായ മാധ്യമ സ്ഥാപനത്തിനെതിരെ തിരിയുന്നു. ഇത് മാധ്യമ രംഗത്തിന്റെ തന്നെ നാശത്തിലേക്ക് നമ്മെ തള്ളിവിടുന്നു.

സുപ്രീം കോടതി മുതൽ കേന്ദ്രസർക്കാർ വരെ എല്ലാവരും മാധ്യമങ്ങളെ ‘നിയന്ത്രിക്കാൻ’ ആഗ്രഹിക്കുന്ന നിർഭാഗ്യകരമായ ഒരു സാഹചര്യമാണ് ഇന്ന് നമുക്കുള്ളത്. സാധാരണ ജനതക്ക് ഇതെല്ലാം മടുത്തിരിക്കുന്നു, അവർ നമ്മളെ നോക്കി അടക്കിച്ചിരിക്കുകയാണ്. തീർച്ചയായും, അലോസരപ്പെടുത്തുന്ന പുതിയ ഡിജിറ്റൽ മീഡിയയെ ആദ്യം കൈകാര്യം ചെയ്യാൻ കേന്ദ്രം താൽപ്പര്യപ്പെടുന്നു. സുപ്രീം കോടതിയിൽ, മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പ്രമുഖ അംഗങ്ങളുടെ കമ്മിറ്റികൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു, കാരണം സ്വയം നിയന്ത്രണം പ്രാവർത്തികമാകുന്നില്ല. മാധ്യമങ്ങൾ പരസ്പരം രൂക്ഷമായ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അത് എങ്ങനെ സാധിക്കും?

ഒരു ഭരണകൂടത്തിന് മാധ്യമ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താൻ അനുയോജ്യമായ ഒരു സാഹചര്യമാണിത്. ഏതാണ്ട് നാല് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ സർക്കാരാണ് ഇപ്പോഴുള്ളത്, അവർ എന്തിന് ഇത്തരമൊരു അവസരം നഷ്ടപ്പെടുത്തണം? നല്ല ഉദ്ദേശ്യത്തോടെയാണെന്ന ഭാവത്തിൽ‌ വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിനായി അവർ കാര്യങ്ങൾ നീക്കും. നിയന്ത്രണങ്ങൾ ഒന്നുമില്ലെങ്കിൽ നിങ്ങളുടെ സ്ഥാപനങ്ങൾ വിഭജിക്കപ്പെടുകയോ വിട്ടുവീഴ്ച ചെയ്യപ്പെടുകയോ ചെയ്യുന്നു, നിങ്ങൾ പരസ്പരം പോരടിക്കുന്നു. ഞങ്ങൾക്ക് മറ്റ് എന്തുചെയ്യാൻ കഴിയും എന്ന് സർക്കാർ പറയും.

മാധ്യമങ്ങൾ സ്വയം നശീകരണത്തിന്റെ ബട്ടൺ അമർത്തിയിരിക്കുന്നു. ഉപദേശം നൽകുന്നതിനായി മുതിർന്നവർ ആരുമില്ല. പ്രണബ് മുഖർജിയോ, ഭീഷ്മ പിതാമഹനോ, ജഡ്ജിയോ റഫറിയോ ഇല്ല, വിസിൽ അടിക്കാനും ആരും ഇല്ല.

(ശേഖർ ഗുപ്‌തയുടെ “ദി പ്രിന്റ്” പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ