അലസുന്ന പാക്കേജുകൾ, തളരുന്ന കർഷകർ

കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളില്‍ കര്‍ഷകരെ സഹായിക്കാനും കൃഷി പുനരുദ്ധരിക്കാനുമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടക്കിടെ പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കാറുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് വിദര്‍ഭ മോഡല്‍ പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചതോടെ എന്തിനും, ഏതിനും പ്രത്യേക പാക്കേജ് എന്ന ആവശ്യം രാജ്യമെമ്പാടും ഉയര്‍ന്നു തുടങ്ങി. 2006 ലാണ് മന്‍മോഹന്‍സിംഗ് കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ 31 ജില്ലകള്‍ക്കുവേണ്ടി വിദര്‍ഭ മോഡല്‍ പാക്കേജ് എന്നറിയപ്പെടുന്ന 1700 കോടിയുടെ പ്രത്യേക കാര്‍ഷിക പാക്കേജ് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്ത ജില്ലകളാണ് മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഈ 31 ജില്ലകള്‍. കേരളത്തില്‍ നിന്ന് വയനാട്, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളെയാണ് വിദര്‍ഭ മോഡല്‍ പാക്കേജ് നടപ്പാക്കാന്‍ തെരഞ്ഞെടുത്തത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ താത്പര്യമില്ലായ്മയും കാരണം വിദര്‍ഭ മോഡല്‍ പാക്കേജ് അമ്പേ പരാജയപ്പെട്ടു. പാക്കേജ് പ്രഖ്യാപിച്ച് ഒരു വ്യാഴവട്ടം എത്തുമ്പോഴും വിദര്‍ഭ ഇന്നും രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ തലസ്ഥാനമായി അവശേഷിക്കുന്നു. അതേസമയം, ഈ പാക്കേജ് ഉദ്യോഗസ്ഥരുടെ കരാറുകാര്‍ക്കും വന്‍ കൊയ്ത്തിനുള്ള അവസരമായി മാറി.

വിദര്‍ഭ മോഡല്‍ പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളത്തില്‍ കുട്ടനാടിനും ഇടുക്കി ജില്ലയ്ക്കും പ്രത്യേക കാര്‍ഷിക പാക്കേജുകള്‍ വേണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങി. ആദ്യം ഇടുക്കി ജില്ലക്കുകൂടി വിദര്‍ഭമോഡല്‍ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. കുട്ടനാട് വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനും പ്രദേശത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിനും വഴങ്ങി കുട്ടനാടിനും അതോടൊപ്പം ഇടുക്കി ജില്ലയ്ക്കും പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കാമെന്ന് കേന്ദ്ര ഗവണ്‍മെന്റ് സമ്മതിച്ചു. കുട്ടനാട് തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ പഠിക്കാനും പരിഹരിക്കാനും മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും 2006 നവംബറില്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനെ ( എംഎസ്എസ്ആര്‍എഫ്) കേന്ദ്ര ഗവണ്‍മെന്റ് ഏല്‍പ്പിച്ചു. കുട്ടനാട് തണ്ണീര്‍ത്തട ആവാസവ്യവസ്ഥയുടെ പാരിസ്ഥിതിക സുരക്ഷിതത്വം,കര്‍ഷകരുടെ ഉപജീവന സുരക്ഷിതത്വം, കുട്ടനാടിന്റെ സുസ്ഥിര വികസനം എന്നിവയെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായിരുന്നു കേന്ദ്ര ഗവണ്‍മെന്റ് എംഎസ്എസ്ആര്‍എഫിനോട് ആവശ്യപ്പെട്ടിരുന്നത്. കുട്ടനാട്ടുകാരനും കാര്‍ഷിക ശാസ്ത്രജ്ഞനുമായ ഡോ. എം എസ് സ്വാമിനാഥന്റെ നേതൃത്വത്തില്‍ എംഎസ്എസ്ആര്‍എഫ് നടത്തിയ പഠനറിപ്പോര്‍ട്ട് 2007 ഓഗസ്റ്റില്‍ കേന്ദ്രസർക്കാരിന് സമര്‍പ്പിച്ചു.

ഒരു വര്‍ഷത്തിനുശേഷം 2008 ജൂലൈയില്‍ ഡോ. എം എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചുകൊണ്ട് കേന്ദ്രഗവണ്‍മെന്റ് ഉത്തരവിറക്കി. എംഎസ്എസ്ആര്‍എഫിന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ടുള്ള വിശദമായ ഭരണാനുമതി 2008 ഒക്ടോബറിലാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. കുട്ടനാട് പാക്കേജ് 2008 മുതല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പക്കാനായിരുന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം. ധനസഹായത്തിനുവേണ്ടി നിലവിലുള്ള കേന്ദ്ര പദ്ധതികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍(ഡിപിആര്‍) തയ്യാറാക്കാനായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കൃഷി വികാസ് യോജന, വെള്ളപ്പൊക്ക നിയന്ത്രണ പരിപാടി,ആത്മ, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍,നാളികേര വികസന ബോര്‍ഡ്, വിത്ത് ഗ്രാമ പദ്ധതി, ദേശീയ തണ്ണീര്‍ത്തട പദ്ധതി, വിവിധ കേന്ദ്ര കന്നുകാലി പരിപാലന പദ്ധതികള്‍, പതിമൂന്നാം ധനകാര്യക്കമ്മീഷന്‍ ഗ്രാന്റ്, ഉള്‍നാടന്‍ മത്സ്യബന്ധന പദ്ധതികള്‍ തുടങ്ങിയ കേന്ദ്ര ഏജന്‍സികളില്‍ നിന്നായിരുന്നു കുട്ടനാട് പാക്കേജിനുള്ള കേന്ദ്ര സഹായം കണ്ടെത്തേണ്ടിയിരുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയും വിശദമായ പദ്ധതിറിപ്പോര്‍ട്ടുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് തയ്യാറാക്കി നല്‍കുന്നതിലുണ്ടായ അനാവശ്യമായ കാലതാമസവും കാരണം പദ്ധതികളുടെ കാലാവധിയും കഴിഞ്ഞ് വീണ്ടും നാല് വര്‍ഷം കൂടിക്കഴിയുമ്പോള്‍ കുട്ടനാട് പാക്കേജ് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നടപ്പാക്കിയതാകട്ടെ ഭാഗികമായി ഏതാനും പദ്ധതികള്‍ മാത്രവും. വീണ്ടുവിചാരമില്ലാതെ നടപ്പാക്കിയ ചില പദ്ധതികള്‍ വിപരീതഫലം സൃഷ്ടിക്കുകയും ചെയ്തു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച്കിടക്കുന്ന കുട്ടനാട് ഒരിക്കല്‍ കേരളത്തിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന പ്രദേശമാണ്. പമ്പ, അച്ചന്‍കോവില്‍,മണിമല, മീനച്ചില്‍ എന്നീ നാല് നദികള്‍ കുട്ടനാടന്‍ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയിലേക്ക് ഒഴുകി എത്തുന്നു. അതീവ ലോലമായ പാരിസ്ഥിതിക ആവാസ വ്യവസ്ഥയാണ് കുട്ടനാടിന്റേത്. യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ 1971 ല്‍ ഇറാക്കിലെ രാംസര്‍ എന്ന സ്ഥലത്തുവച്ച് തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായി ഒപ്പു വച്ച രാജ്യാന്തര കരാറാണ് റാംസർ കൺവെൻഷൻ. ലോകമൊട്ടാകെ സംരക്ഷണം ആവശ്യമുള്ള 1702 തണ്ണീര്‍ത്തടങ്ങളെ രാംസര്‍ സൈറ്റുകളായി കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 25 എണ്ണം ഇന്ത്യയിലാണ്. കുട്ടനാടും പൊക്കാളിനിലങ്ങളും ഉള്‍പ്പെടുന്ന വേമ്പനാട് കോള്‍ മേഖലയെ 2002 ല്‍ അന്താരാഷ്ട്ര പ്രധാന്യമുള്ള ഒരു രാംസര്‍ സൈറ്റായി പ്രഖ്യാപിച്ചു. കേരളത്തിലെ പ്രധാനനെല്‍കൃഷി മേഖലയായ ഈ രാംസര്‍ സമുച്ചയം പക്ഷികളുടെയും ജൈവവൈവിധ്യത്തിന്റയും അനന്യമായ ഒരു സങ്കേതം കൂടിയാണ്. സമുദ്രനിരപ്പിനു താഴെ തീര്‍ത്തും ദുര്‍ബ്ബലമായ ചെളിബണ്ടുകളുടെ ഉറപ്പിന്മേല്‍ പ്രളയജലത്തെയും ഉപ്പുവെള്ള കയറ്റത്തിനെയും തടഞ്ഞു നിര്‍ത്തിയാണ് കുട്ടനാട്ടിലെ നെല്‍കൃഷി. ദീര്‍ഘവീക്ഷണമില്ലാത്ത വികസനപ്രവര്‍ത്തനവും ഉത്തരവാദിത്വമില്ലാത്ത ടൂറിസവും ഊര്‍ജ്ജിതമായ രാസകൃഷിയും ഈ അപൂര്‍വ്വമായ ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ചാലുകളും സ്വാഭാവികമായ നീരൊഴുക്കുകളും പലയിടത്തും തടസ്സപ്പെട്ടു. ജലസസ്യങ്ങളെയും ചെടികളെയും നശിപ്പിച്ചുകൊണ്ട് കല്‍ഭിത്തികള്‍ കെട്ടിയുയര്‍ത്തി. മണ്ണും ജലാശയങ്ങളും വിഷം നിറഞ്ഞു. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ പാരിസ്ഥിതിക സംരക്ഷണവും കൃഷിയും അസാധ്യമായിത്തീര്‍ന്ന ഘട്ടത്തിലാണ് കുട്ടനാട് പാക്കേജിനുവേണ്ടി മുറവിളിയുയരുന്നത്. ആ പാക്കേജാണ് കേന്ദ്ര ഗവണ്‍മെന്റെ് അനുമതി കിട്ടി പത്തുവര്‍ഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.

കുട്ടനാടിന്റെ പാരിസ്ഥിതിക സുരക്ഷിതത്വത്തിനും കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനുമായി 15 കര്‍മ്മ പദ്ധതികളാണ് കുട്ടനാട് പാക്കേജില്‍ സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. ഇതില്‍ ആറ് കര്‍മ്മ പദ്ധതികള്‍ കുട്ടനാട് തണ്ണീര്‍ത്തട ആവാസ വ്യവസ്ഥയുടെ പാരസ്ഥിതിക സുരക്ഷിതത്വം ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായിരുന്നു. മലിനീകരണ നിയന്ത്രണം,ജലാശയങ്ങളിലെ പോളനിര്‍മ്മാര്‍ജ്ജനം, വേമ്പനാട് കായലിന്റെ വ്യാപ്തിക്കുറയുന്നത് തടയുകയും കായലോര മേഖലയില്‍ 4-6 മീറ്റര്‍ തീരം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുക,ഓരുജലഭീഷണിയും വെള്ളപ്പൊക്കവും തടയാനുള്ള പദ്ധതികള്‍ കായലിലെ ജൈവവൈവിധ്യ സംരക്ഷണം, ആരോഗ്യശുചിത്വ സംരക്ഷണം എന്നീ കര്‍മ്മ പദ്ധതികളായിരുന്നു പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. സുസ്ഥിരമായ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതതിനു വേണ്ടി മൂന്നു വിഭാഗങ്ങളിലായി ഒമ്പത് കര്‍മ്മപദ്ധതികള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കൃഷിഅധിഷ്ഠിത ഉപജീവന വികസനത്തിനു വേണ്ടി കുട്ടനാടിനെ രാംസര്‍ സൈറ്റ് പ്രഖ്യാപനം കൂടി കണക്കിലെടുത്ത്‌കൊണ്ട് ഒരു പ്രത്യേക കാര്‍ഷിക മേഖലയായി പ്രഖ്യാപിക്കണം. പുറംബണ്ടുകളുടെ ബലപ്പെടുത്തല്‍,വാച്ചാല്‍, മോട്ടോര്‍ത്തറ തുടങ്ങിയ വികസിപ്പിച്ച് നെല്‍കൃഷി നടത്താനുള്ള അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണം. നെല്‍കൃഷിക്ക് സമയക്രമവും വിളകലണ്ടറും നിശ്ചയിക്കണം. കുട്ടനാട് മേഖലയിലെ കാര്‍ഷിക ഗവേഷണ- വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണം. നെല്ലിന്റെ താങ്ങുവില,സംഭരണം, വിപണനം എന്നിവയ്ക്ക് സംവിധാനമേര്‍പ്പെടുത്തണം. വേമ്പനാട് കായലിലെ മത്സ്യസമ്പത്ത് സംരക്ഷിച്ചും മത്സ്യബന്ധനത്തിനുള്ള അടിസ്ഥാന സൗകര്യവികസനവും മത്സ്യത്തൊഴിലാളിക്ഷേമവും ഉറപ്പാക്കി മത്സ്യം വളര്‍ത്തല്‍ അടിസ്ഥാനമാക്കിയുള്ള ഉപജീവന മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കണം. സുസ്ഥിര വികസനത്തിന്റെ ഭാഗമായി ഉത്തരവാദിത്വ ടൂറിസം വികസിപ്പിക്കണമെന്നായിരുന്നു സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 15-ാമത്തെ കർമ്മ പദ്ധതി. പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ആദ്യ കര്‍മ്മ പദ്ധതിക്ക് 335.5 കോടി രൂപയും , സുസ്ഥിര ഉപജീവന സുരക്ഷിതത്വമാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിന് 1505.25 കോടിരൂപയും ഉള്‍പ്പെടെ 15 കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 1840.75 കോടി രൂപയാണ് കുട്ടനാട് പാക്കേജിനുവേണ്ടി ഡോ.സ്വാമിനാഥന്‍ ശുപാര്‍ശ ചെയ്തത്. കുട്ടനാട്ടിന്റെ സമഗ്രമായ സാമ്പത്തിക- പാരിസ്ഥിതിക വികസനത്തിന് ഈ തുക തന്നെ അന്ന് തീര്‍ത്തും അപര്യാപ്തമായിരുന്നു.

കുട്ടനാട് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി പത്തുവര്‍ഷം പിന്നിടുമ്പോള്‍ പ്രഖ്യാപിച്ച കര്‍മ്മ പദ്ധതിയില്‍ പലതും കടലാസ്സില്‍ ഒതുങ്ങി. നടപ്പാക്കിയതാവട്ടെ ഭാഗികമായും വികലമായുമാണ് മുന്നോട്ട് പോയത്. ജലസേചനം ,കൃഷി, ഫിഷറീസ് , സോയില്‍ സര്‍വ്വെ, മൃഗസംരക്ഷണം, വനം, തദ്ദേശസ്വയംഭരണം,ആരോഗ്യം, ടൂറിസം, സാമൂഹികക്ഷേമം, എന്നീ 10 സംസ്ഥാനസര്‍ക്കാര്‍ വകുപ്പുകള്‍ക്കും 11 അനുബന്ധ ഏജന്‍സികള്‍ക്കുമായിരുന്നു പാക്കേജ് നടത്തിപ്പിന്റെ ചുമതല. സംസ്ഥാന ഗവണ്‍മെന്റ് തലത്തില്‍ മേല്‍നോട്ടത്തിന് മുഖ്യമന്ത്രി അധ്യക്ഷനായ കോര്‍ഡിനേഷന്‍ കമ്മിറ്റിയും കാര്‍ഷികോല്പാദന കമ്മീഷണര്‍ അധ്യക്ഷനായ പദ്ധതിനിര്‍വ്വണക്കമ്മിറ്റിയും ഉണ്ടായിരുന്നു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന് ഒരു പ്രൊജക്ട് ഡയറക്ടറെയും ജില്ലാ തലത്തില്‍ കളക്ടര്‍ അധ്യക്ഷനായ ജില്ലാ അവലോകനകമ്മിറ്റിയെയും നിയോഗിച്ചിരുന്നു. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ മാത്രമല്ല, വിവിധ വകുപ്പുകള്‍ തമ്മിലും ഏജന്‍സികള്‍ തമ്മിലും കുട്ടനാട് പാക്കേജിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ ഫലപ്രദമായ ഒരു ഏകോപനവും ഉണ്ടായില്ല. പ്രൊജകട് ഡയറക്ടര്‍ക്ക് വെറും കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു. പാക്കേജിലെ വിവിധ കര്‍മ്മ പദ്ധതികള്‍ കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും വിവിധ വകുപ്പുകള്‍ക്കും വിഭജിച്ചു നല്‍കിയിരിക്കുകയായിരുന്നു. പദ്ധതി നടപ്പാക്കാന്‍ ഓരോ വകുപ്പും സ്വീകരിച്ച നടപടികള്‍ മറ്റു വകുപ്പുകള്‍ അറിഞ്ഞതേയില്ല. പദ്ധതി നടത്തിപ്പിന്റെ പണം പ്രൊജക്ട് അറിയാതെ ഓരോ വകുപ്പിലും നേരിട്ട് എത്തിയതിനാല്‍ പദ്ധതികളുടെ ഏകോപനവും മേല്‍നോട്ടവും തടസ്സപ്പെട്ടു. കുട്ടനാട് പ്രോസ്‌പെരിറ്റി കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള മേല്‍നോട്ട സമിതികള്‍ യോഗം ചേർന്നതാകട്ടെ വളരെ വിരളമായി മാത്രവും. കേന്ദ്ര ഗവണ്‍മെന്റ് നിലവിലുള്ള കേന്ദ്ര പദ്ധതികളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായിട്ടാണ് കുട്ടനാട് പാക്കേജിനുള്ള ധനസഹായം അനുവദിച്ചത്. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ചിലതാകട്ടെ ഡോ.സ്വാമിനാഥന്‍ നിര്‍ദ്ദേശിച്ച കര്‍മ്മ പദ്ധതികളിലെ ശുപാര്‍ശകളുമായി ചേര്‍ന്ന് പോകാത്തവയായിരുന്നു. മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഫണ്ടുകണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതുമില്ല.

കുട്ടനാടിന്റെ പാരിസ്ഥിതിക സുരക്ഷിതത്വം ഉറപ്പാക്കുകായിരുന്നു ആദ്യത്തെ 6 കര്‍മ്മ പദ്ധതികളുടെ ലക്ഷ്യം. പാക്കേജ് തുടങ്ങി 10 വര്‍ഷമെത്തുമ്പോഴും ഇതില്‍ ഒന്നിനുപോലും ലക്ഷ്യം നിറവേറ്റാനായില്ല. വേമ്പനാട് കായലിന്റെ ശോഷണം തടഞ്ഞ് വ്യാപ്തി പുനഃസ്ഥാപിക്കാനുള്ള ഒന്നാമത്തെ കര്‍മ്മപദ്ധതിയും കർമ്മ പ്രദേശങ്ങളില്‍ ശുചിത്വപദ്ധതികള്‍ നടപ്പാക്കാനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുനുമുള്ള ആറാമത്തെ കര്‍മ്മ പദ്ധതിയും ഏറ്റെടുക്കാന്‍ ഏജന്‍സിയെപ്പോലും കണ്ടെത്താനായില്ല. ഓരുജലഭീഷണിയും വെള്ളപ്പൊക്കവും തണ്ണീർമുക്കം ബണ്ടിന്റെ മൂന്നിലൊന്നു ഭാഗത്തെ ഗട്ടറുകള്‍ പൂര്‍ത്തിയാക്കുക, തോട്ടപ്പിള്ളി സ്പില്‍വേയിലുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ ലീഡിംഗ് കനാലിന്റെ ആഴം കൂട്ടുക, ഷട്ടര്‍ സംവിധാനം നവീകരിക്കുക,ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിന് സമാന്തരമായുള്ള എസി കനാലിലെ ഇടച്ചിറകള്‍ തുറന്ന് പള്ളാത്തുരുത്തി വരെ നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയവയായിരുന്നു ഈ കര്‍മ്മപദ്ധതിയിലെ പ്രധാന പരിപാടികള്‍. പമ്പാനദിക്കുകുറുകെ കായല്‍ സി, ഡി ബ്ലോക്കുകള്‍ക്കിടെയില്‍ കെട്ടിയടച്ചിരിക്കുന്ന ബണ്ട് പൊളിച്ചു മാറ്റി നദിയുടെ ഒഴുക്ക് നേരെയാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. തണ്ണീര്‍മുക്കം ബണ്ടും തോട്ടപ്പിള്ളി ,സ്പീല്‍വേയുമായും ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഡി പി ആര്‍ യഥാസമയം തയ്യാറാക്കി കേന്ദ്ര ജലവിഭവ വകുപ്പില്‍ നിന്നും അനുമതി വാങ്ങിയെടുക്കാന്‍ സാധിച്ചില്ല. ഓരുവെള്ളം കയറുന്നത് തടുയന്നതിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമുള്ള മറ്റ് പദ്ധതികളും നടപ്പായില്ല.

പോളവാരി കുട്ടനാടന്‍ ജലാശയങ്ങളെ കളവിമുക്തമാക്കാനുള്ള പദ്ധതിയും പരാജയപ്പെട്ടു. പോള യാന്ത്രികമായി വാരി നീക്കം ചെയ്യുന്നതിനും ഇതുപയോഗിച്ച് 2000 വെർമി കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിക്ക് 2010 ഫെബ്രുവരിയില്‍ രാഷ്ട്രീയ കൃഷി വികാസ് പദ്ധതിയുടെ കീഴില്‍ അനുമതി നല്‍കിയിരുന്നു. 21.29 കോടി രൂപയായിരുന്നു അടങ്കല്‍. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നുലക്ഷം ഘനമീറ്റര്‍ സ്ഥലത്തുനിന്നും കുളവാഴ വാരി നീക്കാനായിരുന്നു കരാര്‍. എന്നാല്‍ സാവധാനത്തില്‍ മാത്രം കളനീക്കിയതിനാല്‍ നീക്കിയതിലും വേഗത്തില്‍ കള അതേ സ്ഥലത്തു വീണ്ടും വളര്‍ന്നു. കുട്ടനാട്ടിന്റെ പാരിസ്ഥിതിക സുരക്ഷക്ക് കള അതിവേഗം നീക്കാനുള്ള കര്‍മ്മപദ്ധതിയും പരാജയപ്പെട്ടു. മലിലീകരണ നിയന്ത്രണത്തിനുള്ള കര്‍മ്മ പദ്ധതിയും നടപ്പായില്ല. തണ്ണീര്‍മുക്കം ബണ്ട് നിലവില്‍ വന്നതിനുശേഷം നീരൊഴുക്ക് തടസ്സപ്പെടുത്തുകയും, കുട്ടനാടന്‍ ജലാശയങ്ങളില്‍ മലിനീകരണം രൂക്ഷമാകുകയും ചെയ്തു. വിസര്‍ജ്യവസ്തുക്കള്‍,കോളിഫോം ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മാണുക്കള്‍, രാസകീടനാശിനികള്‍,രാസവളങ്ങളുടെ അവശിഷ്ടങ്ങള്‍, മോട്ടോര്‍ ബോട്ടുകളില്‍ നിന്നുള്ള ഇന്ധനമാലിന്യങ്ങള്‍. ഘനലോഹങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം അപകടകരമായ അളവിലാണ്. പ്ലാസ്റ്റിക് മാലിന്യം പൊടിഞ്ഞുണ്ടാകുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അവശിഷ്ടം കുട്ടനാടന്‍ ജലാശയങ്ങളില്‍ അപകടകരമായ അളവിലാണെന്ന് അടുത്തകാലത്ത് നടത്തിയ ചില പഠനങ്ങള്‍ തെളിയിക്കുന്നു. മത്സ്യോത്പാദനം, ജനങ്ങളുടെ ആരോഗ്യം തുടങ്ങിയവക്കെല്ലാം കുട്ടനാട്ടിലെ നിയന്ത്രണാതീതമായ ജലമലിനീകരണം വന്‍ ഭീഷണിയാണ്. എന്നാല്‍ ഇതു തടയാനുള്ള ഒരു നടപടിയും ഇതുവരെയും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല.

നിര്‍ണ്ണായക പ്രാധ്യാന്യമുള്ള രാംസര്‍ സൈറ്റ് എന്നതുകൂടി കണക്കിലെതടുത്ത്‌കൊണ്ട് കുട്ടനാടിനെ ഒരു പ്രത്യേക കാര്‍ഷിക മേഖലയായി സംരക്ഷിച്ച് പ്രത്യേക പരിപാടികള്‍ നടപ്പാക്കാനുള്ള കര്‍മ്മപദ്ധതിയും എങ്ങുമെത്തിയില്ല. നവംബറില്‍ നട്ട് ഫെബ്രുവരിയിൽ വിളവെടുക്കാനും ഫെബ്രുവരി അവസാനത്തോട് തണ്ണീര്‍മുക്കം ബണ്ട് തുറക്കാനും സഹായിക്കുന്ന ഒരു വിളകലണ്ടറിന് രൂപം നല്‍കണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതും നടപ്പായില്ല. ഓരുജലഭീഷണി നേരിടുന്നതിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമുള്ള പദ്ധതികളും നെല്‍കൃഷി വികസനത്തിനുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികളും ജലസേചന വകുപ്പിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കുട്ടനാട് പാക്കേജിനെ വേണ്ടി അനുവദിച്ച 1840.75 കോടി രൂപയും(82 ശതമാനം) ജലസേചനവകുപ്പ് ഏറ്റെടുത്തു നടത്തേണ്ട വിവിധ പദ്ധതികള്‍ക്കായിരുന്നു.13 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ തുക. 2013 ജൂലൈയില്‍ പദ്ധതി അവസാനിക്കാറാകുമ്പോഴാണ് ജലസേചന വകുപ്പ് ഈ പ്രവൃത്തികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അപ്പോഴേക്കും എസ്റ്റിമേറ്റ് തുക 3804.65 കോടി രൂപയായി കുതിച്ചുയര്‍ന്നു. വീണ്ടും 2016 ല്‍ എസ്റ്റിമേറ്റ് പുതുക്കിയപ്പോള്‍ ഇത് 4669 കോടിരൂപയായി ഉയര്‍ന്നു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ആശ്രയിക്കുന്ന ഷെഡ്യൂള്‍ ഓഫ് റേറ്റ്‌സ് ഓരോ വര്‍ഷവും പുതുക്കുന്നതിനാല്‍ ഈ തുക വൈകുന്തോറും ഓരോ വര്‍ഷവും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കും. പുറം ബണ്ടുകൾ ശാസ്ത്രീയ ഡിസൈനില്‍ പണിയാനും ആവശ്യമായ ഇടങ്ങളില്‍ മാത്രം കരിങ്കല്‍ക്കെട്ടുപയോഗിക്കാനും അല്ലാത്ത സ്ഥലങ്ങളില്‍ മണ്‍ചിറകളായോ, ജൈവവാരണത്തോടെയോ, കയര്‍ഭൂവസ്ത്രങ്ങള്‍ ഉപയോഗിച്ച് ബലപ്പെടുത്തിയ നിര്‍മ്മിക്കാനായിരുന്നു ശുപാര്‍ശ. എന്നാല്‍ ഇതിനു വിപരീതമായി വിലകൂടിയ റീഇന്‍ഫോഴ്‌സമെന്റ് കോണ്‍ക്രീറ്റ് സിമന്റ് ഉപയോഗിച്ച് പൈല്‍ ആന്‍ഡ് സ്ലാബ് രീതിയിലാണ് പുറംബണ്ടുകള്‍ നിര്‍മ്മിച്ചത്. ഇത് ജലസസ്യങ്ങളെയും കരിമീന്‍ ഉള്‍പ്പടെയുള്ള മത്സ്യങ്ങളുടെ പ്രജനനത്തെയും ദോഷകരമായി ബാധിക്കും .കനാലിന്റെ വീതി കുറയ്ക്കാതെ വേണം പുറം ബണ്ട് ശക്തിപ്പെടുത്താനെന്ന നിര്‍ദ്ദേശവും അവഗണിച്ചു.പുറംബണ്ടുകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിലും കൂടുതല്‍ ഉയരവും നല്‍കി. മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ കുട്ടനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് വിജ്ഞാന വ്യാപന സംവിധാനങ്ങള്‍ വിപുലീകരിക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കാനായിട്ടില്ല. സംഭരിച്ച നെല്ലിന്റെ വില ഒരു മാസത്തിനകം തന്നെ നല്‍കണമെന്ന കമ്മീഷന്‍ ശുപാര്‍ശയും നടപ്പായില്ല.

ഇടുക്കിയുടെ കാര്‍ഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി 1200 കോടി രൂപയുടെ ഒരു കാര്‍ഷിക പാക്കേജ് ഡോ.സ്വാമിനാഥന്‍ തയ്യാറാക്കി നല്‍കിയിരുന്നു. 765 കോടി രൂപയായിരുന്നു കേന്ദ്ര സഹായമായി പ്രതീക്ഷിച്ചിരുന്നത്. കേന്ദ്ര ഗവണ്‍മെന്റ് ഈ പാക്കേജിന് 2008 നവംബറില്‍ അംഗീകാരം നല്‍കിയെങ്കിലും തുടര്‍ന്ന് പുരോഗതിയുണ്ടായില്ല. ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം, മൃഗസംരക്ഷണം, ഏലം, കുരുമുളക് കൃഷി പുനരുദ്ധാരണം, മണ്ണ് സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ക്കായിരിക്കും ഇടുക്കി പാക്കേജില്‍ പ്രാധാന്യം. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഉയര്‍ത്തിയ വിവാദ കോലാഹലങ്ങള്‍ക്കിടെയില്‍ ഇടുക്കിക്കാര്‍ തന്നെ ഈ പാക്കേജിനെ മറന്നു. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ കേന്ദ്രീകൃതമായി തയ്യാറാക്കിയ പദ്ധതികളുമായി നടപ്പാക്കിയ വിദര്‍ഭ മോഡല്‍ പാക്കേജും പരാജയപ്പെട്ടു. കേരളത്തില്‍ വയനാട്,കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകളില്‍ നടപ്പാക്കിയ വിദര്‍ഭ പാക്കേജിലും കര്‍ഷകരുടെ വരുമാനവര്‍ദ്ധനവിന് കാര്യമായ പരിഗണന നല്‍കിയിരുന്നില്ല. വിദര്‍ഭ മോഡല്‍ പാക്കേജ് പ്രകാരം കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിന് കേന്ദ്രമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ലക്ഷ്യം കൈവരിച്ചില്ലെന്ന് ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി പ്രധാനമന്ത്രി നിയോഗിച്ച ഒരു കമ്മിറ്റി കണ്ടെത്തിയിരുന്നു. മഴവെള്ളക്കൊയ്ത്ത്, ചെക്ക്ഡാം നിര്‍മ്മാണം, നീര്‍ത്താടാധിഷ്ഠിത വികസനം, തുടങ്ങിയവയ്ക്കുവേണ്ടി കേന്ദ്ര ഗവണ്‍മെന്റ് പാക്കേജില്‍ അനുവദിച്ച തുക കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വിനിയോഗിച്ചില്ല. കര്‍ഷര്‍ക്ക് അത്യുത്പാദനശേഷിയുള്ള പശുക്കളെ വാങ്ങി നല്‍കിയിതായിരുന്നു വിദര്‍ഭ മോഡല്‍ പാക്കേജിലെ ഏറ്റവും ആകര്‍ഷണീയമായ ഘടകം. എന്നാല്‍ അതുപോലും കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താനായില്ല.

കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍ മിക്കതും പ്രത്യേക കാര്‍ഷിക പാക്കേജുകള്‍ പരിഗണിക്കുന്നേയില്ല. കേന്ദ്രത്തിന്റെയോ, സംസ്ഥാനങ്ങളുടെയോ ഒരു പാക്കേജും കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ പരിഗണിക്കുന്നുമില്ല. അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കാനുദ്ദേശിച്ചിരുന്ന പാക്കേജുകള്‍ പലപ്പോഴും മൂന്നും നാലും ഗവണ്‍മെന്റുകളുടെ കാലാവധികള്‍ കഴിഞ്ഞാലും പൂര്‍ത്തിയാകാതെ അനന്തമായി നീണ്ടുപോകുന്നു. ഇതോടെ പാക്കേജുകളുടെ നേട്ടമാരുടേതെന്നും,കോട്ടമാരുടേതെന്നും എന്നതിനെച്ചൊല്ലി മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലും ഉടലെടുക്കുന്ന കലഹങ്ങള്‍. ഇടവഴിയില്‍ ഇട്ടിട്ടുപോയ കുട്ടനാട് പാക്കേജും വളരാതെ മുരടിച്ചുപോയ ഇടുക്കി പാക്കേജും പാഴായിപ്പോയ വിദര്‍ഭ മോഡല്‍ പാക്കേജുമെല്ലാം നോക്കി കര്‍ഷകര്‍ പ്രത്യാശ നശിച്ച് മൂകസാക്ഷികളായി മാറിനില്‍ക്കുന്നു. പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാരും കരാറുകാരുമാണ് പ്രത്യേക കാര്‍ഷിക പാക്കേജുകളിലൂടെ ആത്യന്തിക ഗുണഭോക്താക്കള്‍. പദ്ധതികള്‍ പാതിവഴിയില്‍ മുടങ്ങുന്നതോടെ അവരുടെ നേട്ടം എപ്പോഴും ഇരട്ടിച്ചുകൊണ്ടേയിരിക്കുന്നു.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര