കർഷക സമരകാലത്തെ സാദാ ബജറ്റ്

ഡോ. ജോസ് ജോസഫ്

കോവിഡ് മഹാമാരിയുടെ അസാധാരണ കാലത്ത് ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച സാദാ ബജറ്റിൽ കർഷകർക്കു വേണ്ടി അസാധാരണമായി ഒന്നുമില്ല. കർഷക സമരത്തിനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടുകളുടെ ന്യായീകരണമാണ് കർഷിക പദ്ധതികളെ കുറിച്ചുള്ള ബജറ്റിലെ പ്രഖ്യാപനങ്ങൾ.

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കൽ, കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നീ പതിവു പല്ലവികൾ ഈ ബജറ്റിലും ആവർത്തിച്ചിരിക്കുന്നു. കേന്ദ്രത്തിൻ്റെ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കോർപ്പറേറ്റ് – സ്വകാര്യ മേഖലാ നിക്ഷേപം ആകർഷിക്കാനാണെന്നായിരുന്നു ന്യായീകരണം. എന്നാൽ ഇതിനു വേണ്ടി ഈ ബജറ്റിൽ പണം കണ്ടെത്തിയിരിക്കുന്നതോ?

കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ് എന്ന പേരിൽ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി ഒരു പുതിയ നികുതി തന്നെ പാവപ്പെട്ട ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് ധനമന്ത്രി . സാധാരണക്കാർക്ക് ഭാരമില്ലാതെ നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. എക്സൈസ് ഡ്യൂട്ടി കുറച്ച് പെട്രോളിന് രണ്ടര രൂപയും ഡീസലിന് നാലു രൂപയുമാണ് പുതിയ സെസ്. എന്നാൽ കാലക്രമത്തിൽ ഇത് സാധാരണക്കാർക്ക് അധികഭാരമായി മാറുമെന്നതിൽ സംശയം വേണ്ട.

കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ പേരിൽ സാധാരണക്കാരിൽ നിന്നും അധിക നികുതി പിരിച്ചെടുക്കുകയും അത് കോർപ്പറേറ്റുകൾക്ക് കൈമാറുകയുമാണ് തന്ത്രം. സെസ് ഏതെല്ലാം പദ്ധതികൾക്ക് വിനിയോഗിക്കുമെന്നോ ആര് കൈകാര്യം ചെയ്യുമെന്നോ വ്യക്തതയില്ല. 2016ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി കൃഷി കല്യാൺ സെസ് എന്ന പേരിൽ കാർഷിക വികസനത്തിനായി ഒരു പ്രത്യേക നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിൽ പിരിച്ച തുക എന്തു കാർഷിക വികസനത്തിനാണ് മോദി സർക്കാർ വിനിയോഗിച്ചതെന്നതിന് ഒരു വ്യക്തതയുമില്ല.

കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന മുൻ വാഗ്ദാനം ഈ ബജറ്റിലും ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. 2016-17 ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് 2022 ൽ രാജ്യം സ്വാതന്ത്ര്യം പ്രാപിച്ച് 75 വർഷം പൂർത്തിയാകുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഈ ലക്ഷ്യം നേടാൻ 2016-17 മുതൽ കാർഷിക മേഖല ഓരോ വർഷവും 10 ശതമാനത്തിലധികം വളർച്ച നേടണമായിരുന്നു.എന്നാൽ ഈ പ്രഖ്യാപനത്തിനു ശേഷം പ്രതിവർഷം മൂന്നു ശതമാനത്തിൽ താഴെ മാത്രമായിരുന്നു കാർഷിക വളർച്ച.

2020 – 21 ലെ കാർഷിക വളർച്ചാ നിരക്ക് 3.4 ശതമാനം മാത്രമായിരുന്നുവെന്നാണ് ഈ വർഷത്തെ സാമ്പത്തിക സർവ്വെ വ്യക്തമാകുന്നത്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്നത് അടുത്ത കാലത്തൊന്നും നടപ്പാകാത്ത ലക്ഷ്യമാണ്. എങ്കിലും ഈ പ്രഖ്യാപനം ഓരോ ബജറ്റിലും ആവർത്തിച്ച് ധനമന്ത്രിമാർ കർഷകരെ കബളിപ്പിക്കുന്നു. വർഷങ്ങളായി കൃഷിയിൽ നിന്നുമുള്ള കർഷകരുടെ വരുമാനം വർദ്ധിക്കുന്നില്ല. മാത്രവുമല്ല കൃഷിയിൽ നിന്നുള്ള വരുമാനവും കാർഷികേതര വരുമാനവും തമ്മിലുള്ള അന്തരം ഓരോ വർഷവും വർദ്ധിച്ചു വരുകയും ചെയ്യുന്നു. മൂന്നു പതിറ്റാണ്ടിനിടയിൽ ഈ അന്തരം 5 ഇരട്ടിയായി വർദ്ധിച്ചു.

മൂന്ന് പതിറ്റാണ്ട് മുമ്പ് ആളോഹരി കാർഷിക വരുമാനവും കാർഷികേതര വരു”മാനവും തമ്മിലുള്ള അന്തരം 40000 രൂപയായിരുന്നുവെങ്കിൽ ഇന്നത് രണ്ടു ലക്ഷം രൂപയാണ്. കുറഞ്ഞ താങ്ങുവില (എം എസ് പി ) കൃഷിച്ചെലവിൻ്റെ ഒന്നര ഇരട്ടിയായി വർദ്ധിപ്പിക്കുമെന്നാണ് ആവർത്തിച്ചുള്ള മറ്റൊരു പ്രഖ്യാപനം.23 വിളകൾക്കാണ് രാജ്യത്ത് ഇപ്പോൾ കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളത്.

ഏഴു ധാന്യങ്ങൾ ,അഞ്ച് പയറു വർഗ്ഗങ്ങൾ, എട്ട് എണ്ണക്കുരുക്കൾ, മൂന്ന് വാണിജ്യ വിളകൾ (കരിമ്പ്, പരുത്തി, ചണം) എന്നിവയ്ക്കാണ് സർക്കാർ ഓരോ വർഷവും താങ്ങുവില പ്രഖ്യാപിക്കാറുള്ളത്. കമ്മീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്സ് ആൻഡ് പ്രൈസസ് (സിഎസി പി) ഓരോ വർഷവും കൃഷിച്ചെലവിൻ്റെ അടിസ്ഥാനത്തിൽ 23 വിളകൾക്കും എം എസ് പി പ്രഖ്യാപിക്കുന്നു സിഎസിപി നിയമ സാധുതയുള്ള ഒരു സമിതിയല്ല. ഇവർ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്കും നിയമ സാധുതയില്ല.

സമഗ്രമായ കൃഷിച്ചെലവും അതിൻ്റെ 50 ശതമാനവും കൂടിച്ചേർന്ന തുക (സി 2+ 50 ) കുറഞ്ഞ താങ്ങുവിലയായി നൽകണമെന്നാണ് ഡോ.എം എസ് സ്വാമിനാഥൻ അദ്ധ്യക്ഷനായ ദേശീയ കർഷക കമ്മീഷൻ്റെ ശിപാർശ. പക്ഷെ സി എ സി പി ഉല്പാദനച്ചെലവായി കണക്കാക്കുന്നത് എ2 + എഫ് എൽ എന്ന സമവാക്യം വെച്ചാണ്. പണമായും സാധനങ്ങളായും ഉണ്ടാകുന്ന ചെലവും കൃഷിക്കാരൻ്റെ കുടുംബാംഗങ്ങളുടെ പണിക്കൂലിയും കൂടിച്ചേരുന്ന തുകയാണിത്.പലപ്പോഴും ഈ താങ്ങുവില യഥാർത്ഥ കൃഷിച്ചെലവിനേക്കാളും താഴെയാണ്. കുറഞ്ഞ താങ്ങുവില കൃഷിച്ചെലവിൻ്റെ ഒന്നര ഇരട്ടിയായി നൽകുന്നുവെന്ന് ധനമന്ത്രി പറയുന്നത് എ2 + എഫ് എൽ എന്ന സമവാക്യ പ്രകാരമാണ്.

രണ്ടാം യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം നരേന്ദ്രമോദി സർക്കാരിൻ്റെ ഭരണകാലത്ത് ഗോതമ്പിനും നെല്ലിനും കർഷകർക്കു നൽകുന്ന താങ്ങുവിലയുടെ തുകയിൽ വൻ കുതിച്ചു ചാട്ടമുണ്ടായെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. രണ്ടാം യു പി എ സർക്കാരിൻ്റെ കാലത്ത് 2013 – 14 ൽ ഗോതമ്പ് സംഭരണത്തിന് 33874 കോടി രൂപ നൽകിയപ്പോൾ ഈ സർക്കാരിൻ്റെ കാലത്ത് 2019-20 ൽ 62802 കോടി രൂപയും 2020-21 ൽ 75060 കോടി രൂപയും നൽകി.

ഈ സാമ്പത്തിക വർഷം 43.36 ലക്ഷം ഗോതമ്പ് കർഷകർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്. നെല്ല് സംഭരണത്തിന് 2013-14 ൽ കർഷകർക്ക് 63928 കോടി രൂപയാണ് നൽകിയതെങ്കിൽ 2020-21 ൽ അത് 172752 കോടിയാകും. ഇതിൻ്റെ പ്രയോജനം 2019-20 ൽ 1.24 കോടി കർഷകർക്കാണ് ലഭിച്ചതെങ്കിൽ 2019-20 ൽ അത് 1.54 കോടിയായി ഉയർന്നു.പയറു വർഗ്ഗങ്ങളുടെ സംഭരണത്തിന് 2013-14 ൽ കർഷകർക്കു നൽകിയ താങ്ങുവില 2013 -14 ൽ 236 കോടി രൂപ മാത്രമായിരുന്നു. 2020-21 ൽ അത് 10530 കോടിയായി കുതച്ചുയർന്നു.40 ഇരട്ടി വർദ്ധന. പരുത്തി കർഷകർക്ക് 2013 – 14 ൽ 90 കോടി രൂപ മാത്രം നൽകിയപ്പോൾ 2020 -21 ൽ 25974 കോടി രൂപ നൽകും.

രണ്ടാം യുപിഎ സർക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സർക്കാർ കൂടുതൽ തുക താങ്ങുവിലയായി നൽകി എന്ന് സ്ഥാപിക്കുകയാണ് ധനമന്ത്രി. പുതിയ കാർഷിക നിയമങ്ങൾ നടപ്പായാൽ താങ്ങ് വില ഇല്ലാതാകുമെന്ന കർഷക സംഘടനകളുടെ ആക്ഷേപത്തിനുള്ള മറുപടി കൂടിയായിട്ടാണ് ധനമന്ത്രി കണക്കുകൾ നിരത്തുന്നത്. അപ്പോഴും സ്വാമിനാഥൻ കമ്മീഷൻ ശിപാർശ ചെയ്ത നിരക്കിൽ താങ്ങുവില നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

എ പി എം സി വിപണികൾ ശക്തിപ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനവും സമരം ചെയ്യുന്ന കർഷകർക്കുള്ള മറുപടിയാണ്. പുതിയ കാർഷിക നിയമങ്ങൾ വന്നാൽ എപിഎംസി വിപണികൾ അടച്ചു പൂട്ടിപ്പോകുമെന്നതാണ് കർഷകരുടെ ആശങ്കകളിൽ ഒന്ന്. എപിഎംസി വിപണികൾ നിർത്തലാക്കുകയല്ല ശക്തിപ്പെടുത്തുകയാണ് കേന്ദ്ര ഗവണ്മെൻറിൻ്റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ വാദം.

ആത്മനിർഭർ പാക്കേജിൻ്റെ ഭാഗമായി “കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ അഗ്രി ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് കഴിഞ്ഞ വർഷം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ഫണ്ടിൻ്റെ ഒരു വിഹിതം എ പി എം സി വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും വിനിയോഗിക്കും.കാർഷിക വായ്പ നൽകുന്നതിനുള്ള ലക്ഷ്യം 2020-21 ലെ 15 ലക്ഷം കോടി രൂപയിൽ നിന്നും 2021-22 ൽ 16.50 ലക്ഷം കോടി രൂപയായി ഉയർത്തും.

മൃഗ സംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യം വളർത്തൽ എന്നീ മേഖലകളിലെ കർഷകർക്കും വായ്പ ഉറപ്പാക്കും.ഗ്രാമീണ അടിസ്ഥാന വികസന ഫണ്ട് 30000 കോടി രൂപയിൽ നിന്നും 40000 കോടി രൂപയായി ഉയർത്തും. നബാർഡിൻ്റെ നിയന്ത്രണത്തിലുള്ള സൂക്ഷ്മ ജലസേചന ഫണ്ടിൻ്റെ നിധി നിലവിലുള്ളതിൻ്റെ ഇരട്ടിയാക്കി 10000 കോടി രൂപയായി ഉയർത്തും.കാർഷിക ഉല്പന്നങ്ങളുടെ മൂല്യവർധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി തക്കാളി, ഉരുളക്കിഴങ്ങ് എന്നീ വിളകളിൽ നടപ്പാക്കി വരുന്ന “ഓപ്പറേഷൻസ് ഗ്രീൻ” പെട്ടെന്ന് കേടായി പോകുന്ന 22 പഴം പച്ചക്കറി വിളകളിലേക്കു കൂടി വ്യാപിപ്പിക്കും.

കർഷകരെ സഹായിക്കാൻ പരുത്തിക്ക് 5 ശതമാനം ഇറക്കുമതി തീരുവ പുതുതായി എർപ്പെടുത്തും. അസംസ്കൃത സിൽക്കിൻ്റെയും പട്ടുനൂലിൻ്റെയും ഇറക്കുമതി തീരുവ 10 ൽ നിന്നും 15 ശതമാനമായി ഉയർത്തും. മത്സ്യത്തീറ്റയുടെ തീരുവയും 15 ശതമാനമാക്കും. മത്സ്യ ബന്ധന തുറമുഖങ്ങളുടെ വികസനത്തിന് കാര്യമായ നിക്ഷേപം നടത്തും. ആദ്യ ഘട്ടത്തിൽ കൊച്ചി, വിശാഖപട്ടണം, ചെന്നൈ, പാരാദീപ്, പെടുവാഗട് എന്നീ തുറമുഖങ്ങൾ വികസിപ്പിക്കും. നദീതീരങ്ങളിലും ജലപാതകളിലും ഉൾനാടൻ മത്സ്യ ബന്ധന കേന്ദ്രങ്ങളും വികസിപ്പിക്കും. തീരപ്രദേശങ്ങളിൽ കടൽപ്പായൽ കൃഷി പ്രോത്സാഹിപ്പിക്കും. ഇതിനു വേണ്ടി തമിഴ്നാട്ടിൽ പാർക്ക് സ്ഥാപിക്കും.

ഗ്രാമീണ കർഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശങ്ങൾ സംരക്ഷിക്കാനുള്ള പി എം സ്വാമിത്വാ യോജന പദ്ധതി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത നിയന്ത്രിത കാർഷിക വിപണികളെ സംയോജിപ്പിച്ചു കൊണ്ട് 2016-ൽ കേന്ദ്രം ദേശീയ ഇലക്ട്രോണിക് കാർഷിക വിപണി (ഇ- നാം) ആരംഭിച്ചിരുന്നു.രാജ്യത്തെ 1000 കാർഷിക വിപണികളെക്കൂടി 2021-22 ൽ ദേശീയ ഇലക്ട്രോണിക് കാർഷിക വിപണിയുമായി ബന്ധിപ്പിക്കും.

കർഷക പ്രക്ഷോഭ കാലത്ത് അവതരിപ്പിച്ച 2021-22 ലെ ബജറ്റിൽ കർഷകരെ പ്രീതിപ്പെടുത്താനുള്ള വൻ പ്രഖ്യാപനങ്ങളൊന്നുമില്ല. താങ്ങുവില ഇല്ലാതാകും, പുതിയ കാർഷിക നിയമങ്ങൾ വന്നാൽ എപിഎംസി വിപണികൾ അടച്ചു പൂട്ടിപ്പോകും തുടങ്ങിയ കർഷകരുടെ ആശങ്കകൾക്ക് മറുപടി പറയാനാണ് ബജറ്റിലൂടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത്. ഇതാകട്ടെ ഒട്ടും വിശ്വസനീയവുമല്ല

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍