ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മിനി മോഹൻ

നവംബറിൽ കേരളാ നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ മൂന്ന് പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും കേവലം നിർണായകമെന്നതിനേക്കാൾ ഒരു ‘വാട്ടർലൂ’ ആയി പരിഗണിക്കാമെന്നാണ് വിലയിരുത്തേണ്ടത്. അതിൽ ആരുടെയും വിജയവും പരാജയവും ബന്ധപ്പെട്ട പാർട്ടിനേതൃത്വങ്ങളുടെ ശക്തിദൗർബല്യങ്ങളുടെ വിലയിരുത്തൽ മാത്രമാകാതെ, ആ പാർട്ടികളുടെ തന്നെ പ്രവർത്തനരീതികളുടെ വർത്തമാനപ്രസക്തിയെ സംബന്ധിച്ച അന്വേഷണങ്ങൾക്കിടയാക്കുമെന്ന് ന്യായമായി കരുതാവുന്നതാണ്. എന്നാൽ വയനാട് ലോകസഭാ മണ്ഡലത്തിലെ മത്സരം അത്തരത്തിൽ നിർണ്ണായകമാകാനിടയില്ല. ബിജെപിക്ക് ഒരു തരത്തിലുള്ള മത്സരവും കാഴ്ച വെക്കാനാകാത്ത അവിടെ, ഇന്ത്യാമുന്നണിയിലെ രണ്ടു കക്ഷികൾ തമ്മിലുള്ള മത്സരം നിലവിലെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളോടുള്ള പൊതുജന പ്രതിഫലനം പോലുമാകില്ല. ദേശീയരാഷ്ട്രീയത്തിലെ ധ്രുവനക്ഷത്രമായി ഉദിച്ചുയരുന്ന  പ്രിയങ്കാ ഗാന്ധിയുടെ ഭാവിജീവിതത്തിലെ സുപ്രധാന ഏടായോ അല്ലെങ്കിൽ ഒരു വഴിത്തിരിവായോ മാത്രമേ അതിനെ കരുതാനാകുകയുള്ളൂ.

എന്നിരുന്നാലും വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനിടയായ സാഹചര്യവും അവിടെ  പ്രിയങ്ക തന്നെ മത്സരിക്കുന്നതിന്റെ കാലികപ്രസക്തിയും അതീവ ഗൗരവമുള്ളതാണ്. ആ അന്വേഷണം ആരംഭിക്കേണ്ടത് 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ നിന്നുമാകേണ്ടതുണ്ട്. ഇപ്പോൾ കേൾക്കുന്ന പോലെ അത് കേവലമൊരു ‘കഴിഞ്ഞ’(മാത്രം) കാര്യമല്ല. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുള്ള കോൺഗ്രസ്-ലിബറൽ രാഷ്ട്രീയത്തിന്റെ പടയോട്ടത്തിനിടെ, സഖ്യകക്ഷികളായിരുന്ന ഇടതുപക്ഷത്തോട് അവർ തുറന്ന ആക്രമണോത്സുകമായ പോർമുഖമായി അതിനെ നാളത്തെ രാഷ്ട്രീയചരിത്രം വിലയിരുത്തും. യുവസാമ്രാട്ടിനെ നിശ്ചയമായും സഭയിൽ എത്തിക്കണമെന്ന ‘ഉന്നതാജ്ഞ’യും നിലവിലെ ഇടതുപക്ഷഭരണത്തിന്റെ തലക്കടിക്കാൻ കിട്ടുന്ന മികച്ച അവസരമെന്ന സംസ്ഥാനനേതൃത്വത്തിന്റെ ലക്ഷ്യവും ഒരുമിച്ച് വന്നപ്പോൾ, അത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസാന്നിദ്ധ്യത്തിൽ സൃഷ്ടിക്കാൻ പോകുന്ന വിടവുകളുടെ അപകടത്തെ സംബന്ധിച്ച് കാര്യമായ ആലോചനകൾക്ക് ഇടയാക്കിയിരുന്നില്ല.

ശബരിമല സ്ത്രീപ്രവേശന വിവാദത്തെ തുടർന്ന് ഹിന്ദുത്വരാഷ്ട്രീയം കേരളത്തിന്റെ സർവ്വതെരുവുകളിലും നിറഞ്ഞ നിന്നതിന്റെ അപകടത്തെ ചെറുക്കാനുള്ള മതേതര രാഷ്ട്രീയത്തിന്റെ അടവായിരുന്നില്ല രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. മോദിപ്രഭാവത്തിന്റെ വേലിയേറ്റത്തിൽ പ്രതിസന്ധിയിലായ അന്നത്തെ കോൺഗ്രസിന് അമേഠിയിലെ വിജയം അനിശ്ചിതത്തിലായപ്പോൾ കണ്ടെത്തിയ പരിഹാരം മാത്രമായിരുന്നു ആയൊരു സ്ഥാനാർത്ഥിത്വം. ശ്രീ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയ സംസ്ഥാനകോൺഗ്രസിന് അതൊരു അപ്രതീക്ഷിത ഉപഹാരമായിരുന്നു. അതിൽ അവരുടെ വിജയം കേരളരാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ മാറ്റിമറിക്കാൻ ഉതകുന്നതായി.

തുടർന്ന് കേരളത്തിലെ കോൺഗ്രസിനുണ്ടായ ഉണർവ്വ് അമ്പരപ്പിക്കുന്നതായിരുന്നു. സെൽഭരണവും സ്വജനപക്ഷപാതവും അഴിമതിയും കാരണം തകർന്നടിയേണ്ട എൽഡിഎഫിന് ‘മഹാമാരി’യെന്ന തുറുപ്പുചീട്ടിൽ പിടിച്ചു നിൽക്കാനായി. എന്നാലും പേരിനാണെങ്കിൽ പോലുമുള്ള രാഹുലിന്റെ കേരളരാഷ്ട്രീയത്തിലേക്കുള്ള വരവും ഹിന്ദുത്വക്കെതിരെ ദേശീയരാഷ്ട്രീയത്തിൽ അദ്ദേഹം പടുത്തുയർത്തിയ മതേതരപ്രതിരോധവുമെല്ലാം ഇടതു-വലത് വ്യത്യാസമില്ലാതെ നിരാശയിലാണ്ടിരുന്ന അനേകം മുതിർന്നവർക്ക് പ്രതീക്ഷയും രാഷ്ട്രീയബോധമുള്ള അനേകം യുവാക്കളെ കോൺഗ്രസിലേക്കടുപ്പിക്കാനും കാരണമായി. ഇടതുപക്ഷത്തിന്റെ മൃഗീയാധിപത്യമുള്ള സാംസ്കാരിക മേഖലയിൽ, (അനൈക്യത്തോടെയാണെങ്കിലും) ഒരു പ്രതിരോധമുന്നണി ശക്തിയാർജ്ജിക്കുന്നതിനും അതിടയാക്കിയിട്ടുണ്ട്.

എന്നാൽ 2024ലെങ്കിലും വയനാട്ടിൽ മത്സരിക്കാതിരിക്കാൻ രാഹുലിന് ശ്രമിക്കാമായിരുന്നു. ജനാധിപത്യത്തിലെ ഉത്സവമാണ് തെരഞ്ഞെടുപ്പുകളെങ്കിലും, അപ്രസക്തവും അനാവശ്യവുമായ തെരഞ്ഞെടുപ്പുകൾ കഴിവതും ഒഴിവാക്കേണ്ടതുണ്ട്. അത് യാതൊരു വിധത്തിലുള്ള സാമ്പത്തികബാധ്യതയേയും സംബന്ധിച്ച വിഷയമല്ല; മറിച്ച് അനഭിലക്ഷണീയമായ രാഷ്ട്രീയ തർക്കങ്ങളിലേക്കും ‘കുടിപ്പക’കളിലേക്കും അനവസരത്തിലുള്ള തെരഞ്ഞെടുപ്പുകൾ നയിക്കുമെന്നതിന്റെ ഉത്തമഉദാഹരണമായി വയനാട്ടിലെ തെരഞ്ഞെടുപ്പുകൾ വിലയിരുത്തപ്പെടും. രാഷ്ട്രീയത്തിൽ അത്യന്തം സൂക്ഷ്മതയോടെ ചെയ്യേണ്ട ഗൃഹപാഠങ്ങളുടെ അഭാവത്തിലാണ് അമേഠിയിൽ രണ്ടാമതൊരു നാമനിർദ്ദേശപത്രിക രാഹുൽഗാന്ധി സമർപ്പിക്കുന്നതും, അവിടുത്തെ വിജയത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ ജനപ്രതിനിധിസ്ഥാനം രാജി വെക്കുന്നതും.

എന്നാൽ അതിനുമപ്പുറത്ത്, പ്രിയങ്കാ ഗാന്ധിയെ ആനയിക്കുന്നതിലൂടെ ആ തെറ്റ് ആവർത്തിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നത്. പരസ്പരധാരണയോടെ സൗഹൃദമത്സരത്തിൽ ഏർപ്പെടുന്നതിന് പകരം, അങ്കകലിയോടെ പോരാടുന്ന തട്ടകമായി വയനാടിനെ വീണ്ടും മാറ്റുക മാത്രമാണ് അതിലൂടെ സംഭവിച്ചത്. നെഹ്റു കുടുംബത്തിലെ ഇളംതലമുറയിലെ തല മുതിർന്ന നേതാവ് എന്നതിലുപരി ശാക്തീകരിക്കപ്പെട്ട സ്ത്രീകൾ സർവ്വമേഖലകളിലും നിറഞ്ഞു നിൽക്കുമ്പോൾ, ഇന്ദിരാഗാന്ധിയുടെ നേതൃശേഷിയെ അനുസ്മരിപ്പിക്കുന്ന പ്രിയങ്ക കേരളമണ്ണിൽ നിന്ന് ജനപ്രതിനിധിയാകുന്നത് ആഹ്ളാദകരം തന്നെയാണ്. പക്ഷെ, സാങ്കേതികത്വത്തിനായി മാത്രം മത്സരിക്കുന്ന മോദിപ്രതിനിധിയോടല്ല, ദേശീയ രാഷ്ട്രീയത്തിൽ നിശ്ചയമായും കൂടെ നിർത്തേണ്ട ഇടതുപക്ഷത്തോടു തന്നെയാണ് പ്രിയങ്കയും നേരിട്ടുള്ള പോർമുഖം തുറക്കുന്നതെന്ന് വിസ്മരിക്കാതിരിക്കാനാകില്ല.

കേരളരാഷ്ട്രീയത്തിനോട് നേരിട്ടൊരു ബന്ധവുമില്ലാത്ത പ്രിയങ്കാ ഗാന്ധിയെ ‘കെട്ടിയിറക്കപ്പെട്ട സ്ഥാനാർത്ഥി’ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. മാത്രമല്ല, ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പായതിനാലും, ഇടതുപക്ഷം കാര്യമായി പ്രതികരിക്കില്ലെന്നുറപ്പുള്ളതു കൊണ്ടും, ബിജെപി കേവലസാന്നിദ്ധ്യം മാത്രമായതിനാലും വയനാടിലെ മത്സരം തികച്ചും ഏകപക്ഷീയം തന്നെയായിരിക്കും. എന്നാൽ പാലക്കാടും ചേലക്കരയും നടക്കുന്ന നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഭാവി രാഷ്ട്രീയത്തിലേക്ക് തന്നെ നിർണ്ണായക സ്വാധീനം സൃഷ്ടിക്കാനാകുന്നവയാണ്.

വയനാട് പോലെ തന്നെയുള്ള സ്ഥാനാർത്ഥി പരീക്ഷണങ്ങളാണ് ഈ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് അനിവാര്യമാക്കിയതെന്ന വസ്തുത അത്ര നിസ്സാരമായി കാണരുത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികൾ എന്ന ശീർഷകത്തിൽ ചിലരെ മാത്രം പ്രത്യേകം പ്രതിഷ്ഠിക്കുന്നത് ജനാധിപത്യ രാഷ്ട്രീയത്തിൽ ആശാസ്യകരമായ കാര്യമല്ല. ജയസാധ്യത പരിഗണിച്ചാണ് നിലവിലെ എംഎൽഎമാരായ ഷാഫി പറമ്പിലിനെ വടകരയിലും എം രാധാകൃഷ്ണനെ ആലത്തൂരും മത്സരിപ്പിച്ചതെങ്കിൽ ഒരേ സമയം ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കുന്നത് പോലെ തന്നെ അനാരോഗ്യകരമായ പ്രവണതയാണത്. അനുഭവസമ്പന്നരായിട്ടും യുവാക്കളായിട്ടും മിടുക്കരായിട്ടുമുള്ള അനേകർ പ്രസ്ഥാനത്തിലുള്ളതിനാൽ, ചിലരെ മാത്രം വർദ്ധിതവീര്യത്തോടെ പുനരവതരിപ്പിക്കുന്നതിന് പകരം, ആവശ്യം വേണ്ട സാഹസ(Risk)ത്തിന് മുതിരുന്നതായിരിക്കും ദീർഘകാലയളവിൽ ഏതൊരു പാർട്ടിക്കും ഹിതകരമാവുക.

അതു മാറ്റിവെച്ചാൽ, വരുന്ന ഉപതിരഞ്ഞെടുപ്പ് (അതെങ്ങനെ തന്നെ കലാശിച്ചാലും ശരി) അസാധാരണമായ വിധിയെഴുത്തായിരിക്കും സമ്മാനിക്കുക. കാരണം പണ്ടത്തെപ്പോലെ കേവലമൊരു ഇടതു-വലതു മുന്നണികളുടെ സമാസമ പോരാട്ടമല്ല ഇപ്പോൾ കേരളത്തിലുള്ളത്; ഏതാണ്ട് ഭൂരിപക്ഷം മണ്ഡലങ്ങളിലും (ബിജെപിയുടെ നേതൃത്വത്തിലുള്ള) ഹിന്ദുത്വമുന്നണി തുല്യശക്തിയായി മാറിക്കഴിഞ്ഞു. ചില മേഖലകളിൽ ക്രമാനുഗതമായി ശക്തിയാർജിച്ചു വരുന്നുണ്ടായിരുന്നെങ്കിലും, 2019ലെ കേന്ദ്ര തെരഞ്ഞെടുപ്പിൽ സാമാന്യം സീറ്റുകൾ പിടിക്കാനുള്ള പൊതുജനാടിത്തറ തങ്ങൾക്കായിയെന്ന് അവർ ബോധ്യമാക്കിയിരുന്നു. 2024ൽ അത് അരക്കിട്ടുറപ്പിക്കാനുമായി. എഴുപതിനായിരത്തിലധികം വോട്ടുകൾക്ക് തൃശൂർ പിടിച്ചതും ഇടതുപക്ഷത്തെ മൂന്നാം സ്ഥാനത്തേക്ക് തള്ളി മാറ്റി ആറ്റിങ്ങലും ആലപ്പുഴയിലും (വിജയസമാനമായി) രണ്ടാം സ്ഥാനത്തെത്തിയതും കൂടാതെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയതും, കേരളത്തിന്റെ പൊതുബോധത്തിൽ ഹിന്ദുത്വക്കുണ്ടായിരുന്ന രാഷ്ട്രീയ അയിത്തം അവസാനിച്ചുവെന്നതിന്റെ തെളിവുകളാണ്. എത്രയോ കാലങ്ങളായി അവർ നട്ടു നനച്ചു വന്ന മതാധിഷ്ഠിത സമൂഹത്തിന്റെ ആശയങ്ങൾ അതിന്റെ പ്രതീക്ഷിത ഫലം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മൂന്നു ലോകസഭാ തെരഞ്ഞെടുപ്പുകളിൽ വന്ന വോട്ടുവിഹിതം ഹിന്ദുത്വയുടെ രാഷ്ട്രീയാധാരം ഉറച്ചതാണെന്ന് തെളിയിക്കുന്നുണ്ട്.

കേരളം: ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം

2014 (%)
2019 (%)
2024 (%)

എൽഡിഎഫ്
40.11
35.11
33.34

യുഡിഎഫ്
41.98
47.24
45.21

എൻഡിഎ
10.98
15.56
19.94

ആധാരം: തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്ടേക്ക് വരികയാണെങ്കിൽ, അത് ബിജെപിക്ക് അപ്രാപ്യമാണെന്നല്ല, അവർക്ക് വിജയസാധ്യത ഏറ്റവുമുള്ള മണ്ഡലം കൂടിയാണ്. തികഞ്ഞ ത്രികോണമത്സരത്തേക്കാൾ കോൺഗ്രസും ബിജെപിയുമാണ് അവിടെ ഏറ്റുമുട്ടുന്നതെന്ന് തന്നെ പറയാം. പിണറായി സർക്കാരിന്റെ വിലയിരുത്തലിനേക്കാൾ വർഗ്ഗീയ-മതേതര രാഷ്ട്രീയ വിലയിരുത്തലാണ് അവിടെ നടക്കാൻ പോകുന്നത്. ശ്രീ ഷാഫി പറമ്പിന്റെ വിജയങ്ങളെല്ലാം തന്നെ ഇടതു-ലിബറൽ മുന്നണികളിലുള്ള മതേതരബോധത്തിന്റെ വിജയം കൂടിയായിരുന്നു. പക്ഷേ അതിനർത്ഥം അതെപ്പോഴുമത്ര സുരക്ഷിതമായ മതേതര കോട്ടയായി തുടരുമെന്നല്ല.

പാലക്കാട് നിയമസഭാ മണ്ഡലം: വോട്ടുവിഹിതം

2011
2016
2021

യുഡിഎഫ്
47641 (42.41%)
57559 (41.77%)
54079 (38.06%)

എൽഡിഎഫ്
40238 (35.82%)
38675 (28.07%)
36433 (25.64%)

എൻഡിഎ
22317 (19.86%)
40076 (29.08%)
50220 (35.34%)

ആധാരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകൾ ക്രമത്തിൽ കുറയുന്നതും എൻഡിഎയുടെ വോട്ടുകൾ കുത്തനെ ഉയരുന്നതും ഗൗരവമായി തന്നെ കാണണം. മേൽ കാണിച്ച മൂന്ന് വട്ടവും യുഡിഎഫിന്റെ സ്ഥാനാർത്ഥി ഷാഫിയായിരുന്നു. 2011ൽ സി ഉദയഭാസ്കർ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2016ൽ ശോഭാ സുരേന്ദ്രനിലൂടെ രണ്ടാം സ്ഥാനത്തെത്തി. തൊട്ടു മുമ്പത്തേക്കാൾ ഏതാണ്ട് എൺപത് ശതമാനം വോട്ടാണ് അവർ അധികമായി സമാഹരിച്ചത്. അതൊരു ചെറിയ നേട്ടമല്ല. തുടർന്ന് 2021ൽ ഇ. ശ്രീധരൻ വന്നപ്പോൾ ഏതാണ്ട് പതിനായിരത്തിനടുത്ത് വോട്ടുകൾ കൂടി അധികമായി സമാഹരിക്കാൻ അവർക്കായിട്ടുണ്ട്. പൊതുജന സമ്മതനായ ഒരു വ്യക്തിയാണ് ശ്രീ ശ്രീധരനെങ്കിലും അന്നത്തെ അധികം വന്ന വോട്ടുകൾ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് മാത്രം ലഭിച്ച പിന്തുണയാണെന്ന് കണക്കു കൂട്ടുന്നത് ബാലിശമാകും. നിലവിൽ പാലക്കാട് നഗരസഭ കൂടി ഭരിക്കുന്ന ബിജെപി അതിന്റെ മുഴുവൻ സന്നാഹങ്ങളും അവിടെ കേന്ദ്രീകരിക്കുകയും മോദിയടക്കമുള്ള ദേശീയ നേതാക്കളെ കൊണ്ടൊരു ഓളമൊരുക്കുകയും കൊടകരയിൽ തെളിഞ്ഞതു പോലെ പണമിറക്കുകയും ചെയ്താൽ കോൺഗ്രസിനവിടെ ഒറ്റയ്ക്കുള്ള ജയം ആയാസകരമാകും. നിലവിൽ മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫിനെക്കാൾ ബിജെപിയുടെ ജയം ബാധിക്കുക കോൺഗ്രസിനെയാകും

പരസ്യമായ അതൃപ്തിയും വിയോജിപ്പും പ്രകടിപ്പിക്കുന്നതും ഗ്രൂപ്പ് തിരിച്ചു പോരാടുന്നതും പാർട്ടിയുടെ ജനാധിപത്യ പക്വതയാണെന്ന് പ്രഖ്യാപിക്കുന്ന കോൺഗ്രസിന് സ്വന്തം വോട്ടുകൾ ചോരാതിരിക്കാനായിരിക്കും ഏറ്റവും അദ്ധ്വാനിക്കേണ്ടി വരിക. പി സരിനെ പോലെ അതൃപ്തരായ എത്രയെത്ര പേർ പാലക്കാട് മണ്ഡലത്തിൽ മാത്രം കോൺഗ്രസിലുണ്ടാകും. (മുന്നണിയിലെ മറ്റ് കക്ഷികൾക്കൊന്നും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ) അവരും കൂടെയുള്ളവരും മാത്രം മറിച്ചു കുത്തിയാൽ ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടാവുന്നതേയുള്ളൂ.

അങ്ങനെ പരാജയപ്പെട്ടാൽ അത് സരിൻ ആരോപിക്കുന്ന തൃശ്ശൂർ-വടകര-പാലക്കാട് ഡീലെന്ന ബിജെപി-കോൺഗ്രസ് ബന്ധത്തിന്റെ ഫലമാണെന്ന വാർത്ത പ്രചരിപ്പിക്കാനും പിന്നെ എടുത്തെടുത്ത് പറഞ്ഞു ഉറപ്പിക്കാനും ഇടതു വെട്ടുകിളികളുടെ കൂടെ കോൺഗ്രസിലെ ഒരുപാട് പേരുമുണ്ടാകും. അതുകൊണ്ട് പാലക്കാട് എന്തു വിധേനയും വിജയിക്കേണ്ടത് നിലവിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതേസമയം ബിജെപി വിജയിച്ചാൽ, എല്ലാ എതിർപ്പുകളെയും മറികടന്ന്, ദേശീയ നേതൃത്വത്തിന്റെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായി, കേരള രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തോടെ ഇടപെടാൻ കെ സുരേന്ദ്രനും വി മുരളീധരനുമൊക്കെ അതിടയാക്കും.

എന്നാൽ ചേലക്കരയിൽ കോൺഗ്രസും സിപിഎമ്മുമാണ് ഏറ്റുമുട്ടുന്നത് (അവിടെ ബിജെപി ഒരു ഘടകമേയല്ല), മുന്നണികൾ പോലുമല്ല. കൃത്യമായി പറഞ്ഞാൽ പിണറായി വിജയൻ സർക്കാറിന്റെ ജനസമ്മതിയാണ് അവിടെ വോട്ടിനിടുന്നത്. തുല്യശക്തികളായി കോൺഗ്രസുള്ള തൃക്കാക്കരയല്ല, കെ രാധാകൃഷ്ണൻ എന്ന വടവൃക്ഷത്തിന്റെ തണലിൽ തുടർച്ചയായ വൻവിജയങ്ങൾ നേടുന്ന ചേലക്കരയിൽ രമ്യ ഹരിദാസിന് (എത്ര കുറഞ്ഞ ഭൂരിപക്ഷത്തിലും) വിജയിക്കാനായാൽ അത് സിപിഎമ്മിന്റെ കേരളത്തിലെ സമ്പൂർണ്ണ പതനത്തിന്റെ ആദ്യ ചുവടായിരിക്കും.

കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം പോയിട്ട്, വിജയം പോലും ആവർത്തിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാർത്ഥിയല്ല യു ആർ പ്രദീപ്. 2016ൽ അദ്ദേഹമവിടെ വിജയിച്ചത് പോലും കെ രാധാകൃഷ്ണന്റെ തുടർച്ചയിലാണ്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി, എല്ലാവർക്കും സുപരിചിതയായ, സ്ത്രീയും ചെറുപ്പക്കാരിയും കൂടിയായ, മുൻ എംപിയെ തന്നെയാണ് കോൺഗ്രസ് മത്സരിപ്പിക്കുന്നത്. ഗ്രൂപ്പിസമൊക്കെ മാറ്റി വെച്ച് ഒരുമിച്ചിറങ്ങിയിട്ടുണ്ടെങ്കിൽ സിപിഎമ്മിന്റെ കുത്തക ചേലക്കരയിൽ തീർക്കാൻ രമ്യ ഹരിദാസിനാകും.

പി ഇ അൻവറിന്റെ വെളിപ്പെടുത്തലും തൃശ്ശൂർ പൂരത്തിന്റെ പേരിലുള്ള സിപിഐയുടെ പ്രകടമായ അതൃപ്തിയും കാരണമുണ്ടായ പാർട്ടിവിരുദ്ധ വികാരവും പൊതുവേയുള്ള ഭരണവിരുദ്ധ വികാരവുമെല്ലാം നൽകുന്ന അനുകൂല സാഹചര്യത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയാൽ അത് വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസിന് സമ്മാനിക്കില്ല. മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭാ മണ്ഡലത്തിൽ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം 5173 വോട്ടുകക്കാണ്. 2019ൽ രമ്യക്കതേ മണ്ഡലത്തിൽ 23695 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കെ രാധാകൃഷ്ണന്റെ അഭാവത്തിൽ, ചേലക്കരയിൽ വിജയിക്കാൻ കോൺഗ്രസിനായില്ലെങ്കിൽ അത് നേതൃത്വത്തിന്റെ പരാജയമായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ. മറിച്ച് ഒരു വർഷത്തിനകമുള്ള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും ഒന്നര വർഷം കഴിയുമ്പോഴുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും ആത്മവിശ്വാസത്തോടെ പോരാടാൻ അത് സിപിഎമ്മിനെ പ്രാപ്തമാക്കും.

നേരത്തെ സൂചിപ്പിച്ച പോലെ ഈ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നണികളേക്കാൾ സിപിഎമ്മിനും കോൺഗ്രസിനും ബിജെപിക്കും നിർണ്ണായകമാണ്; അതുപോലെ അവരുടെ നിലവിലെ നേതൃത്വങ്ങൾക്കും അഗ്നിപരീക്ഷയാണ്. ഭരണമാറ്റത്തിന്റെയും പാർട്ടി നേതൃത്വമാറ്റത്തിന്റേയും സാധ്യതകളെ ഇത് പുറത്തു കൊണ്ടുവരും. ജനാധിപത്യത്തിലെ കാവ്യനീതി ഒരിക്കൽ കൂടി വെളിച്ചപ്പെടുവാൻ ഈ മണ്ഡലങ്ങളിലെ വോട്ടർമാർക്കാകുമോ എന്ന് കാത്തിരുന്നു കാണാം.

Latest Stories

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ