എന്തുകൊണ്ടാണ് ഇടതുപക്ഷക്കാരനായ ഞാൻ, പ്രവാചകനെ പ്രശംസിച്ചത്: ഉമർ ഖാലിദ്

ഉത്തർപ്രദേശിലെ കമലേഷ് തിവാരിയുടെ കൊലപാതകം ഇപ്പോഴും അന്വേഷണത്തിലാണ് അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സിദ്ധാന്തങ്ങളും ചർച്ചയായിട്ടുണ്ട്. ഒരു വശത്ത്, പൊലീസ് മുസ്ലിമുകളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ആദ്യം നിഷേധിച്ചെങ്കിലും ഇപ്പോൾ സംഭവത്തിന് ഒരു സാമുദായിക വശവും പൊലീസ് നൽകുന്നു. കമലേഷിന്റെ കുടുംബം തഥേരിയിൽ നിന്നുള്ള സംസ്ഥാന ബിജെപി നേതാവ് ശിവകുമാർ ഗുപ്തയുടെ മേലാണ് കുറ്റം ആരോപിക്കുന്നത്. പൊലീസ് അന്വേഷണം തുടരുമ്പോൾ, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു സാമുദായിക സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിൽ ഉള്ള ഒരു അവസരവും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹിന്ദുത്വ വലതുപക്ഷ ഡിജിറ്റൽ സൈന്യം ഉടൻ തന്നെ അവരുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യ ദിവസം അവർ ഇസ്‌ലാമിനെ കുറിച്ചും മുഹമ്മദ് നബിയെ കുറിച്ചും ഏറ്റവും നിന്ദ്യമായ ട്വീറ്റുകളും ഹാഷ്‌ടാഗുകളും പോസ്റ്റുചെയ്‌തു. വളരെ വേഗം, #मुस्लिमो_का_संपूर्ण_बहिष्कार (മുസ്ലീങ്ങളെ_സമ്പൂർണമായി_ബഹിഷ്‌ക്കരിക്കുക) ഉപയോഗിച്ച് മുസ്‌ലിമുകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനമായി അത് മാറി.

വിദ്വേഷം വർദ്ധിപ്പിക്കുക, ധ്രുവീകരിക്കുക എന്നിവയായിരുന്നു ഈ ട്വീറ്റുകൾക്ക് പിന്നിലെ പ്രചോദനം. മുസ്ലിമുകളെയും അവരുടെ വിശ്വാസത്തെ കുറിച്ചും ഏറ്റവും നിന്ദ്യമായ അധിക്ഷേപങ്ങളാൽ അപമാനിക്കാമെന്നും ഇന്ത്യയിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും പരസ്യമായ പ്രഖ്യാപനമായിരുന്നു ഇത്. വാസ്തവത്തിൽ, ഈ മോശം ട്വീറ്റുകൾ സൃഷ്ടിക്കുന്ന ചില അക്കൗണ്ടുകൾ പിന്തുടരുന്നത് ബിജെപിയുടെ ഉന്നത നേതാക്കളും മന്ത്രിമാരുമാണ്. നിലവിൽ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷ അനുയായികൾ ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുന്നതെങ്ങനെ എന്നതിന്റെ ഉദാഹരണമാണിത്.

സമീപഭാവിയിൽ, അത്തരം ഭിന്നിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമായ സന്ദേശങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്, പ്രത്യേകിച്ചും അയോദ്ധ്യ തർക്കത്തിൽ വിധി അടുക്കുന്ന സാഹചര്യത്തിൽ. വിധി വരുന്ന സാഹചര്യത്തിൽ യു‌പിയുടെ ദിയോബന്ദിൽ നിന്നുള്ള ബിജെപി നേതാവ് ഗജ്‌രാജ് റാണ ഇതിനകം തന്നെ ഹിന്ദുക്കളോട് ആഭരണങ്ങൾക്കും പാത്രങ്ങൾക്കും പകരം വാളുകൾ വാങ്ങാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. വിദ്വേഷത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നത് വളരെ പ്രകടമായി തീർന്നിരിക്കുന്നു, അത് ഇപ്പോൾ സോഷ്യൽ ട്രോളുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഈ ‘വിദ്വേഷ ഗെയിമുകളുടെ’ ഭാഷയും ദൈനംദിന സംഭാഷണങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു.

അത്തരം വിഷമാവസ്ഥക്കുള്ള മറുപടി എന്തായിരിക്കും? വിദ്വേഷ ഗെയിമുകൾ തുടരാൻ അനുവദിക്കുന്നതിനു പകരം, പ്രവാചകനെതിരായ ട്വീറ്റുകളുടെ വിഷലിപ്തതക്കെതിരെ മറുപടിയായി ചിലർ ട്വിറ്ററിൽ #ProphetOfCompassion (അനുകമ്പയുടെ പ്രവാചകൻ) എന്ന പേരിൽ ഒരു പ്രചാരണം ആരംഭിച്ചു. മുഹമ്മദ് നബി പ്രചരിപ്പിച്ച സ്നേഹത്തെയും അനുകമ്പയെയും കുറിച്ചാണ് ഈ ട്വീറ്റുകൾ സംസാരിച്ചത്. അനുകമ്പയുടെ സന്ദേശങ്ങൾ കൂടുതൽ ഉണ്ടാവുന്നതോടൊപ്പം ഇത് ആഗോളതലത്തിൽ ട്രെൻഡു ചെയ്യപ്പെട്ടു. ആളുകൾ പരസ്പരം വിശ്വാസത്തെ അവഹേളിക്കുന്ന, സോഷ്യൽ മീഡിയയിലെ സ്ഫോടനാത്മകമായ ഒരു സാഹചര്യം ഒരു പരിധിവരെ ഒഴിവാക്കപ്പെട്ടു.

ഞാനും ഇതിൽ പങ്കെടുത്ത് ഒരു കുറിപ്പ് എഴുതി. എന്റെ കുറിപ്പിന് നിരവധി പ്രതികരണങ്ങൾ ഉണ്ടായി, ഇതിൽ മിക്കതും മോശം അഭിരുചിയോടെ ഉള്ളതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ആയിരുന്നു. ഒരു ഇടതുപക്ഷക്കാരനെന്ന നിലയിൽ ഞാൻ ഈ ട്വിറ്റർ പ്രവണതയിൽ പ്രവാചകനെ സ്തുതിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് പലരും ആശങ്ക ഉന്നയിച്ചു? ഇടതുപക്ഷക്കാർ നിരീശ്വരവാദികളാണെന്ന് കരുതേണ്ടവരല്ലേ? ഈ കുറിപ്പിലൂടെ ഞാൻ എന്റെ “യഥാർത്ഥ നിറം, എന്റെ ഉള്ളിലെ ഇസ്ലാം” വെളിപ്പെടുത്തിയെന്നും ചിലർ പറഞ്ഞു. ഞാൻ ജനിച്ച മതവുമായുള്ള എന്റെ ബന്ധം പരസ്യമായി പ്രഖ്യാപിക്കാൻ ഞാൻ ബാദ്ധ്യസ്ഥനല്ല. ഇന്ത്യൻ ഭരണഘടനയോ ഒരു മതമെന്ന നിലയിൽ ഇസ്‌ലാമോ ആ അവകാശവാദം പരസ്യമാക്കാൻ എന്നെ പ്രേരിപ്പിക്കുന്നില്ല. എന്നാൽ ഇവിടെ ആഴത്തിലുള്ള മറ്റൊരു കാര്യത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

2016- ലെ ജെഎൻയു വിവാദത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു, എന്നാൽ എന്നെ മാത്രം പാകിസ്ഥാനുമായി ബന്ധപ്പെടുത്തി, രണ്ടുതവണ പാകിസ്ഥാൻ സന്ദർശിച്ചുവെന്ന് ആരോപിച്ച്. ഒരു ഇടതുപക്ഷക്കാരനെന്ന നിലയിലുള്ള എന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ അത്തരം ചാപ്പകുത്തലുകളിൽ നിന്ന് എന്നെ രക്ഷിച്ചില്ല. കഴിഞ്ഞ മൂന്ന് വർഷമായി ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹമ്മദിനും ഐസിസുമായി ബന്ധമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടു. ഡൽഹി പൊലീസ് വ്യാജവാർത്തകൾ പ്രചരിപ്പിച്ചിട്ടും എന്നോട് അല്ലെങ്കിൽ നജീബിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കാൻ ആരും തുനിഞ്ഞില്ല. എന്നെയും നജീബിനെയും അത്തരം ചാപ്പകുത്തലുകൾക്ക് ഇരയാക്കിയത് ഞങ്ങളുടെ പേരും നഗ്നമായ ഇസ്ലാംഭീതിയും (ഇസ്ലാമോഫോബിയ) അല്ലെങ്കിൽ പിന്നെ എന്തായിരുന്നു?

ഒരു മുസ്ലിമിനെ നല്ല വ്യക്തിയും പുരോഗമന പൗരനുമായി കണക്കാക്കണമെങ്കിൽ ഒരു മുസ്ലിം എല്ലായ്പ്പോഴും സ്വയം അയാളുടെ അല്ലെങ്കിൽ അവളുടെ വിശ്വാസത്തിൽ നിന്ന് അകലം പാലിക്കണമെന്ന് നിഷ്കർഷിക്കപ്പെടുന്നു. അത്തരം ബാദ്ധ്യതകൾ ഭൂരിപക്ഷ മതത്തിലെ ആളുകൾക്ക് ബാധകമല്ല അവരുടെ പ്രത്യയശാസ്ത്രം എന്ത് തന്നെയും ആയിക്കൊള്ളട്ടെ. ഒരു ഹിന്ദുവിന് അവൻ അല്ലെങ്കിൽ അവൾ ഒരു വിശ്വാസിയല്ലെന്ന് പറയാൻ കഴിയും, അതേ പോലെ തന്നെ ഹിന്ദുമതത്തെയോ ഹിന്ദു സ്വത്വത്തെയോ സംരക്ഷിക്കാൻ എടുത്തു ചാടാം. പൊതുസമൂഹത്തിൽ നിന്നും ചോദ്യങ്ങൾ ഒന്നും ഉയരില്ല. ഒരു മുസ്‌ലിം വിശ്വാസിക്ക് ഒരിക്കലും ഒരു ‘നല്ല മുസ്‌ലിം’ അല്ലെങ്കിൽ പുരോഗമന പൗരനാകാൻ കഴിയില്ല. എന്നാൽ കാര്യം എന്തെന്നാൽ ഒരു മുസ്ലിം, അയാൾ മതത്തെ പിന്തുടരുന്ന ആളോ/ ഭാഗികമായി പിന്തുടരുന്ന ആളോ/ പിന്തുടരാത്ത ആളോ എന്തുമായിക്കൊള്ളട്ടെ നിങ്ങളുടെ സ്വതം കാരണം നിങ്ങൾ അതേ വിനാശകരമായ വിദ്വേഷം ഏറ്റുവാങ്ങുന്നവനാകും.

ഇസ്‌ലാമിനെതിരായ സോഷ്യൽ മീഡിയയിലെ ഈ തീവ്രവിമര്‍ശനാത്മകമായ പ്രവണതകൾ, മുസ്‌ലിമുകളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം, മുസ്‌ലിമുകൾക്കെതിരായ സാമുദായിക അതിക്രമങ്ങൾ, ഇത്തരം അക്രമങ്ങൾ ആരോപിക്കപ്പെടുന്നവർക്ക് ബി.ജെ.പി മന്ത്രിമാർ നൽകുന്ന ആശംസകൾ എന്നിവയൊന്നും പരസ്പരം ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല. സോഷ്യൽ മീഡിയയിലെ സാധാരണക്കാർ മുതൽ ഉന്നത മന്ത്രിമാർക്ക് വരെ വർഗീയമായി പ്രസ്താവനകൾ നടത്താനും അതിൽ നിന്ന് രക്ഷപ്പെടാനും കഴിയും എന്നത് ഒരു രൂപരേഖ പ്രതിഫലിപ്പിക്കുന്നു. രണ്ടും ഒരേ വിദ്വേഷത്തിൽ നിന്നാണ് ഒഴുകുന്നത്, ഒപ്പം രാജ്യത്തെ മുസ്‌ലിമുകളെ ‘അവരുടെ സ്ഥാനം’ നിരന്തരം ഓർമ്മിപ്പിക്കാനുള്ള ശ്രമവുമാണ്. തെരുവിൽ ഒരാളെ കൊന്നൊടുക്കാനുള്ള ത്വരയിൽ നിന്ന് വളരെ ചെറിയ അകലം മാത്രമേ അത്തരം പ്രസ്താവനകൾ നടത്താനുള്ള ലൈസൻസിനുമുള്ളൂ.

ഒരു മുഴുവൻ വിശ്വാസത്തെയും കുറ്റവാളിയാക്കാനും ഈ മതത്തിൽ പെട്ടവരെ സാദ്ധ്യമായ എല്ലാ വിധത്തിലും അപമാനിക്കാമെന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണിത്. ഓരോ പൗരനും അവരുടെ വിശ്വാസം പരസ്യമായി നടപ്പാക്കാനുള്ള ഭരണഘടന ഉറപ്പു നൽകുന്ന അവകാശത്തെ അത് നേരിട്ട് അട്ടിമറിക്കുന്നു.

മുസ്‌ലിമുകൾ സ്വയം അദൃശ്യരാകണം, കുറഞ്ഞ പക്ഷം അവരുടെ വിശ്വാസത്തിൽ നിന്നെങ്കിലും എന്നുള്ള ചില പുരോഗമനവാദികളിൽ നിന്ന് പോലും ഉണ്ടാകുന്ന പ്രതീക്ഷ നമ്മുടെ ഭരണഘടനയുടെ സിദ്ധാന്തങ്ങൾക്ക് വിരുദ്ധമാണ്. ഏതൊരു വിശ്വാസവും ആചരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയ ഒരു ഉറപ്പാണെന്നും അല്ലാതെ ഏതെങ്കിലും ഒരു സമുദായത്തിൽ നിന്നും കിട്ടിയ പാരിതോഷികം അല്ല അതെന്നും നമ്മൾ എല്ലാവരേയും ഓർമ്മിപ്പിക്കേണ്ടതുണ്ട്.

(ദി പ്രിന്റിൽ പ്രസിദ്ധീകരിച്ച ഉമർ ഖാലിദ് എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ)

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്