മലേഷ്യന്‍ വിമാനം കടലിലെവിടെയെങ്കിലുമുണ്ടോ? കണ്ടെത്താനായി അമേരിക്കന്‍ കമ്പനിക്ക് പുതിയ കരാര്‍

നാലു വര്‍ഷം മുമ്പ് കടലില്‍ കാണാതായ വിമാനം കണ്ടെത്തുന്നതിന് അവസാന ശ്രമമെന്നോണം അമേരിക്കന്‍ കമ്പനിയുമായി മലേഷ്യ കരാറൊപ്പിട്ടു. 239 യാത്രക്കാരുമായി മലേഷ്യന്‍ വിമാനം എം എച്ച് 370 2014 മാര്‍ച്ച് എട്ടിനാണ് കാണാതാവുന്നത്.

ക്വാലലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുള്ള യാത്രക്കിടെയാണ് വിമാനം ദുരൂഹമായി അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളിലെ വിദഗ്ധരടങ്ങുന്ന സംയുക്ത തിരച്ചില്‍ സംഘം കഴിഞ്ഞ വര്‍ഷമാണ് അന്വേഷണം അവസാനിപ്പിച്ചത്. 157 ദശലക്ഷം ഡോളര്‍ ചെലവിട്ട് 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തിരഞ്ഞിട്ടും തെളിവൊന്നും ലഭിക്കാത്തിതിനാലാണ് തിരച്ചില്‍ ഉപേക്ഷിച്ചത്.

പിന്നീട് വിമാനം കണ്ടെത്താന്‍ സ്വാക്യരമേഖലയുടെ സഹകരണം വേണമെന്നാവശ്യപ്പെട്ട് ഇരകളുടെ കുടുംബങ്ങള്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. ഇതിനേ തുടര്‍ന്നാണ് അമേരിക്കന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നത്. 70 ദശലക്ഷം ഡോളറിനാണ് ഓഷന്‍ ഇന്‍ഫിനിറ്റി എന്ന സ്വാകാര്യ കമ്പനി കരാറെടത്തിരിക്കുന്നത്. 90 ദിവസമാണ് കാലാവധി. ഇതിനിടയില്‍ വിമാനം കണ്ടെത്താനായില്ലെങ്കില്‍ തുക കമ്പനി തന്നെ വഹിക്കണമെന്നാണ് കരാര്‍.