5ജി സിഗ്‌നലുകള്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് ആശങ്ക; നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

5ജി സിഗ്‌നലുകള്‍ വിമാന സര്‍വ്വീസുകളെ ബാധിക്കുമോയെന്ന ആശങ്കയെ തുടര്‍ന്ന് പ്രത്യേക നിയന്ത്രണം കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. 5ജിക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിമാനത്താവളങ്ങളില്‍നിന്ന് അകലെ സ്ഥാപിക്കാനും സിഗ്നലുകളുടെ ശക്തി കുറയ്ക്കാനുമാണ് നിര്‍ദേശമുണ്ടാകുക. അതിനാല്‍ നിശ്ചിത പരിധിക്കുളളിലെ വിമാനത്താവളങ്ങള്‍ക്ക് ചുറ്റുമുള്ള ജനവാസ മേഖലകള്‍ക്ക് തല്‍ക്കാലം 5ജി സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തും.

5ജി സിഗ്‌നലുകള്‍ വിമാനത്തിന്റെ ഓള്‍ട്ടിമീറ്ററില്‍ ഉണ്ടാക്കുന്ന തടസ്സമാണ് നിയന്ത്രണം കൊണ്ടുവരുന്നതിന് പിന്നിലെ കാരണം. വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്നാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം ഉടന്‍ പുറത്തിറക്കും.

നിലവില്‍ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് വിമാനത്താവളങ്ങള്‍ക്ക് സമീപം 5ജി സ്ഥാപിക്കുന്നതില്‍ നിയന്ത്രണം വ്യക്തമാക്കിക്കൊണ്ടുളള നോട്ടീസ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ നിന്ന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Read more

5ജി സിഗ്നലുകളും ഓള്‍ട്ടിമീറ്റര്‍ സിഗ്നലുകളും കൂടിക്കലര്‍ന്ന് വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടാക്കുമെന്ന ആശങ്ക ലോകവ്യാപകമായുണ്ട്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേറ്ററും (എഫ്എഎ) ഇന്ത്യന്‍ പൈലറ്റുമാരുടെ ഫെഡറേഷനും 5 ജി സിഗ്‌നലുകള്‍ ഓള്‍ട്ടിമീറ്റര്‍ സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതിനെക്കുറിച്ച് തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു.