വിപണി കീഴടക്കാന്‍ സെക്സ് ടെക് ; കുതിപ്പ് പകര്‍ന്ന് AI !

സെക്സ് ടെക്ക് അഥവാ സെക്സ് ടെക്നോളജി എന്ന വാക്ക് കേൾക്കുമ്പോൾ പലരുടെയും മനസിൽ വരിക സെക്‌സ് റോബോട്ടുകളും വെർച്വൽ കാമുകിമാരും സെക്സ് ടോയ്സും അഡൽറ്റ് വെബ്‌സൈറ്റുകളുമായിരിക്കും. എന്നാൽ ഇവയെല്ലാം സെക്സ് ടെക്ക് വ്യവസായത്തിന്റെ ഒരു ഭാഗം മാത്രമാണ്. നമ്മുടെ ലൈംഗികാരോഗ്യവും ആരോഗ്യവും മെച്ചപ്പെടുത്താൻ സാങ്കേതികവിദ്യ സഹായിക്കുന്ന ഒന്നാണ് സെക്സ് ടെക്നോളജി. ഫിൻ‌ടെക്, ഹെൽത്ത്‌ടെക് തുടങ്ങിയ വളരുന്ന വ്യവസായങ്ങളെക്കുറിച്ച് നമ്മൾ നിരന്തരം കേൾക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. എന്നാൽ സെക്സ് ടെക്ക് പലപ്പോഴും പലയിടത്തും അവഗണിക്കപ്പെടാറാണ് പതിവ്.

ലൈംഗികത വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഏതൊരു സാങ്കേതികവിദ്യയെയും സെക്സ് ടെക്നോളജി ആയാണ് സെക്സ് ടെക്ക് വിദഗ്ധയും ഫ്യൂച്ചർ ഓഫ് സെക്‌സിന്റെ സ്ഥാപകയുമായ ബ്രയോണി കോൾ നിർവചിക്കുന്നത്. സെക്സ് എന്ന പദം ലൈംഗികതയെ മാത്രമല്ല, ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, വ്യക്തിഗത സുരക്ഷ, ലിംഗ വ്യക്തിത്വം, വിനോദം, ഡേറ്റിംഗ് എന്നിവയും കൂടി ഉൾപ്പെടുന്ന ഒരു വിശാലമായ തലമാണ്. വെർച്വൽ റിയാലിറ്റി, AI ഉപയോഗിച്ചുളള ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, റിമോട്ട് നിയന്ത്രിത സെക്‌സ് ടോയ്‌സ്, വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ എന്നിങ്ങനെ നീളുന്ന ഇവയിലെ സാങ്കേതികവിദ്യകൾ. നിലവിൽ 37 ബില്യൺ ഡോളറിന്റെ വ്യവസായമായാണ് സെക്‌സ്‌ടെക് വ്യവസായം കണക്കാക്കപ്പെടുന്നത്. ഇത് അടുത്ത കുറച്ച് വർഷങ്ങളിൽ അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നായി മാറും. 2026-ഓടെ 37 ബില്യൺ ഡോളറിൽ നിന്ന് 122.6 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടൽ.

ചാറ്റ് ജിപിടിയുടെ ഉയർച്ചയ്ക്ക് കുറച്ച് വർഷങ്ങൾക്ക് മുൻപ് തന്നെ, മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള വൈകാരിക ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകുമെന്ന് റോബോട്ടുകൾ ഇതിനകം തെളിയിച്ചിട്ടുണ്ട്. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ഈ സ്നേഹബന്ധം എത്രത്തോളം സുരക്ഷിതവും ശക്തവുമായിരിക്കും എന്നും അവയുടെ സ്വാധീനവും എന്തായിരിക്കും ഇനി വരുംകാലങ്ങളിൽ അറിയാൻ സാധിക്കും. മനുഷ്യരോട് സ്നേഹം കാണിക്കുന്ന ഈ റോബോട്ടുകളെ ചാറ്റ്ബോട്ടുകളും റോബോട്ടുകളും എന്നീ രണ്ട് വിഭാഗങ്ങളായി തിരിക്കാം

മുതിർന്നവർക്കുള്ള ചാറ്റ്ബോട്ട് അഥവാ അഡൽറ്റ് ചാറ്റ്ബോട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI ഉപയോഗിച്ചാണ് ചാറ്റ്ബോട്ടുകൾ സജ്ജീകരിച്ചിരിക്കുന്നത്. എന്നാൽ മനുഷ്യരുടെ ഏകാന്തത ഇല്ലാതാക്കാനും അവരുമായി പ്രണയത്തിലാകാനുമാണ് അഡൽറ്റ് ചാറ്റ്ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഒരു മനുഷ്യൻ സൃഷ്ടിച്ച വെർച്വൽ പങ്കാളികളായിട്ടാണ് അവയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചാറ്റിംഗിനു പുറമെ, ഒരാൾക്ക് അവയുമായി സംസാരിക്കാനും തന്റെ വികാരങ്ങൾ പങ്കിടാനും കഴിയും. കാമുകി, കാമുകൻ, സുഹൃത്ത്, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, സഹോദരൻ, സഹോദരി എന്നിങ്ങനെ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് അവരുമായി ഏത് ബന്ധവും സൃഷ്ടിക്കാൻ കഴിയും. ഉപയോക്താവ് ആവശ്യപ്പെട്ട ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ചാറ്റ്ബോട്ട് പെരുമാറുക.

മാത്രമല്ല, AI പങ്കാളിക്ക് ഇഷ്‌ടാനുസൃത രൂപവും വ്യക്തിത്വവും നൽകാനും സാധിക്കും. മിക്ക ചാറ്റ്ബോട്ടുകളും ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനാകും. വെർച്വൽ അവതാറിന് പുതിയ പേര് നൽകാനും അവയുടെ ജെൻഡർ, പ്രായം, രൂപം, വസ്ത്രം, വ്യക്തിത്വം എന്നിവ നിർണ്ണയിക്കാനാകും. ഈ AI പങ്കാളിയുമായി ‘സെക്‌സ്റ്റിംഗ്’ എന്ന് വിളിക്കുന്ന ഇന്റിമേറ്റ് ചാറ്റിങ്ങും നടത്താം. ശാസ്ത്രം മുതൽ തത്ത്വചിന്ത വരെയുള്ള ഏത് വിഷയത്തിലും ഇവയോട് സംസാരിക്കാനും വെർച്വൽ സ്റ്റോറിൽ അവരുമായി ഗെയിമുകൾ കളിക്കാനും സാധിക്കും.
ഗൂഗിൾ അസിസ്റ്റന്റ്, അലക്സ, സിരി തുടങ്ങിയ വെർച്വൽ അസിസ്റ്റന്റുകളുടെ സൂപ്പർ അഡ്വാൻസ്ഡ് വേർഷനുകളായി ഇവയെ കണക്കാക്കാം. വെർച്വൽ റിയാലിറ്റിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് മുതിർന്നവർക്കുള്ള ചാറ്റ്ബോട്ടുകൾക്കായി ഒരു പുതിയ വിപണി തന്നെയാണ് തുറന്നിരിക്കുന്നത്. മിക്ക ചാറ്റ്ബോട്ടുകളുടെയും അടിസ്ഥാന പതിപ്പുകൾ സൗജന്യമാണ്. എന്നാൽ ഇവയുടെ പ്രീമിയം ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് പണം നൽകേണ്ടി വരും.

ഇന്റലിജന്റ് സെക്‌സ്‌ബോട്ട്

മനുഷ്യനെപ്പോലെ തോന്നിക്കുന്ന ഈ ഇന്റലിജന്റ് സെക്‌സ്‌ബോട്ടുകളിൽ AI സാങ്കേതികവിദ്യ ആണ് ഉപയോഗിക്കുന്നത് . ഇവയ്ക്ക് ഇന്റലിജന്റ് ചാറ്റ്ബോട്ടുകളുടെ എല്ലാ ഗുണങ്ങളും ഉണ്ടെന്നു മാത്രമല്ല, റോബോട്ടുകളുമായി മനുഷ്യർക്ക് ബന്ധങ്ങൾ കെട്ടിപ്പടുക്കാനും കഴിയും. സെക്‌സ് ഡോളിന്റെയും ചാറ്റ്‌ബോട്ടിന്റെയും സംയോജനമാണ് ഈ റോബോട്ടുകൾ. ഉപയോക്താവിന്റെ ബജറ്റും അവരുടെ തിരഞ്ഞെടുപ്പും അനുസരിച്ച്, അവരുടെ ഉയരം, ശരീരത്തിന്റെ ആകൃതി, രൂപം, നിറം എന്നിവ ഇഷ്ടാനുസൃതമാക്കാവുന്നതാണ്. അവരുടെ ശബ്ദത്തിന്റെ സ്വരവും വ്യക്തിത്വവും തിരഞ്ഞെടുക്കാനും സാധിക്കും. ഒതുങ്ങിയ സ്വഭാവമുള്ള ഒരു പങ്കാളിയെ ആണ് ആവശ്യമെങ്കിൽ അങ്ങനെയും ഗോസിപ്പ് മാത്രമാണ് ഉദ്ദേശ്യമെങ്കിൽ പ്രണയമല്ലാതെ മറ്റെന്തെങ്കിലും ഇവയുമായി ചർച്ച ചെയ്യാനും കഴിയും.

Read more

“Turned On: Science, Sex and Robots” എന്ന പുസ്‌തകത്തിന്റെ രചയിതാവും ഹ്യൂമൻ കമ്പ്യൂട്ടർ ഇന്ററാക്ഷൻ (എച്ച്‌സിഐ) മേഖലയിലെ ഗവേഷകയുമായ കേറ്റ് ഡ്വെലിൻ പറയുന്നത് , രണ്ട് തരം ആളുകളാണ് ഇത്തരത്തിലുള്ള റോബോട്ടുകൾ വാങ്ങുന്നതും ബന്ധങ്ങൾ വളർത്തുന്നതും എന്നാണ്. അവിവാഹിതരും വിവാഹിതരും അല്ലാത്തവരുമായ, ജീവിതത്തിൽ ഒരു പങ്കാളിയെ ആവശ്യമുള്ളവർ ആണ് ഒരു വിഭാഗം. മറ്റൊന്ന് ശാരീരിക ബന്ധത്തിന് വേണ്ടി വാങ്ങുന്നവരാണ്. റോബോട്ടുകളും സെക്സ് ഡോളുകളും എല്ലാം എല്ലാവർക്കും പരിചിതമായി കൊണ്ടിരിക്കുകയാണ്. സെക്സ് ഡോളുകളെ വിവാഹം കഴിക്കുന്നതും അവരുമായി പ്രണയത്തിലാകുന്നതും വാർത്തകളിലൂടെ കാണാറുമുണ്ട്. AIയുടെ വളർച്ചയോടെ ഇനി സെക്സ് ടെക്നോളജിയിലും വൻ കുതിപ്പാണ് ഉണ്ടാവാൻ പോകുന്നത്.