ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. അനിശ്ചിത സമ്പദ്വ്യവസ്ഥ കണക്കിലെടുത്ത് 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ആന്‍ഡി ജാസി പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.
ആമസോണ്‍ സ്റ്റോര്‍ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 18 മുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കും. കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മൂന്ന് ലക്ഷം ജിവനക്കാരാണ് ആമസോണിനുള്ളത്.
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി നവംബറില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഡിസംബറില്‍ 20,000 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴാണ് പിരിച്ചുവിടുന്നവരുടെ കൃത്യമായ കണക്ക് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.