ആപ്പിളിന്റെ രണ്ടാമത്തെ നിര്‍മാണ കമ്പനി പൂര്‍ണമായും ഇന്ത്യയിലേക്ക് ചേക്കേറുന്നു. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണ കരാറുകാരില്‍ പ്രമുഖരായ പെഗാട്രോണ്‍ എന്ന തായ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്. ചൈനയില്‍നിന്ന് എത്തിയ കമ്പനി ചെന്നൈയിലെ ഫാക്ടറികള്‍ വിപുലപ്പെടുത്തിയിരുന്നു. ഈ ഫാക്ടറിയില്‍ നിന്നും ഐഫോണ്‍ 14 നിര്‍മാണം തുടങ്ങിയെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആഗോള തലത്തില്‍ ഐഫോണ്‍ 14 അവതരിപ്പിച്ച് ആഴ്ചകള്‍ക്കകം ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ നിര്‍മാണം ആരംഭിച്ചിരുന്നു.
ചൈനയിലെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയുള്ള ഷെങ്‌ഷോവില്‍ കോവിഡിനെത്തുടര്‍ന്ന് വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണ് പെഗാട്രോണ്‍ ഇന്ത്യയിലേക്ക് നേരത്തെ താവളം മാറ്റിയത്
ആപ്പിള്‍ ഐഫോണ്‍ 14 നിര്‍മാണം ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്ന രണ്ടാമത്തെ കമ്പനിയാണ് പെഗാട്രോണ്‍. ഫോക്‌സ്‌കോണ്‍ ഗ്രൂപ്പ് നേരത്തെതന്നെ തങ്ങളുടെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ഇന്ത്യയിലേക്ക് മാറ്റുകയും ഐഫോണ്‍ 14 നിര്‍മാണം തുടങ്ങുകയും ചെയ്തിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മാണ കരാറുകാരില്‍ പ്രമുഖരാണ് ഫോക്‌സ്‌കോണ്‍ ഗ്രൂപ്പ്. അമേരിക്കയും ചൈനയും തമ്മില്‍ കലഹം രൂക്ഷമായ പശ്ചാത്തലത്തില്‍ ഐഫോണ്‍ നിര്‍മാണം ചൈനയില്‍നിന്ന് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ ആപ്പിള്‍ ആരംഭിച്ചിരുന്നു.
പെഗാട്രോണിന്റെ വരവോടെ ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന ഐഫോണുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. തമിഴ്‌നാട്ടിലെ പെഗാട്രോണിന്റെ ഫാക്ടറിയില്‍ 7,000 ലേറെ തൊഴിലാളികളാണ് ഉള്ളത്. ഇവിടെ നേരത്തെയും ഐഫോണ്‍ നിര്‍മാണം നടന്നിരുന്നു എങ്കിലും ഐഫോണ്‍ 12 മോഡലുകളാണ് അസംബിള്‍ ചെയ്തിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് കീഴിലാണ് ഫാ്കടറി പ്രവര്‍ത്തിക്കുന്നത്. 2022 അവസാനത്തോടെ ഐഫോണ്‍ 14ന്റെ ആഗോള ഉല്‍പാദനത്തിന്റെ അഞ്ച് ശതമാനവും ഇന്ത്യയില്‍ നിന്ന് നിര്‍മിക്കാനും 2025ഓടെ 25 ശതമാനത്തിലേക്ക് ഉയര്‍ത്താനുമാണ് കമ്പനി ഉദേശിക്കുന്നത്.