വിലക്കുറവില്‍ അത്ഭുതപ്പെടുത്തി മികച്ച ഫീച്ചറുകളോടെ ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു ലോകത്ത് ഏറ്റവും വിരുതുള്ള കമ്പനികളിലൊന്നാണ് ഷവോമി. ഷവോമിയുടെ പുറത്തിറങ്ങുന്ന ഫോണുകളെല്ലാം തന്നെ ഒന്നിനൊന്ന് വ്യത്യസ്തം. 48 മെഗാപിക്സല്‍ ക്യാമറ ഫീച്ചറുമായി എത്തിയ റെഡ്മി 7 സീരീസ് വിപണിയില്‍ വന്‍വിജയമാണ് കൊയ്തു കൊണ്ടിരിക്കുന്നത്. 48 ന്റെ വിജയവാഴ്ച്ച തുടര്‍ന്നു കൊണ്ടിരിക്കെ 64 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ കമ്പനി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആ പരിതിയും കടന്ന് ഷവോമിയുടെ ക്യാമറ കണ്ണുകള്‍ നീളുകയാണ്.
ഷവോമി 108 മെഗാപിക്‌സല്‍ ക്യാമറയുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സാംസങ്ങിന്റെ 108 മെഗാപിക്‌സല്‍ ഐസോസെല്‍ ബ്രൈറ്റ് എച്ച്എംഎക്‌സ് ക്യാമറ സെന്‍സറുള്ള സ്മാര്‍ട് ഫോണിന്റെ പണിപ്പുരയിലാണെന്നാണ് ഷവോമി എന്നാണ് വിവരം. 108 മെഗാപിക്‌സല്‍ ശേഷിയുള്ള നാല് മോഡലുകളാണ് ഷവോമി വിപണിയിലെത്തിക്കാന്‍ പോകുന്നത്.
108 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട് ഫോണുകളുടെ നാലു മോഡലുകളുടെ കോഡ്‌നാമം MIUI- യുടെ Mi ഗാലറി അപ്ലിക്കേഷന്‍ വെളിപ്പെടുത്തിയത് “ടുകാന”, “ഡ്രാക്കോ”, “ഉമി”, “സെമി” എന്നിങ്ങനെയാണ്. എന്നാല്‍ വരാനിരിക്കുന്ന സ്മാര്‍ട് ഫോണുകളുടെ മറ്റ് സവിശേഷതകളൊന്നും വെളിപ്പെടുത്തിയിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ ഇത് ടെക് ലോകത്ത് അവതരിപ്പിക്കുന്ന 108 മെഗാപിക്‌സലിന്റെ ആദ്യ ഫോണാകും.