നിങ്ങളുടെ കൈയില്‍ നിന്ന് താഴെ വീണ് പൊട്ടിയ സ്മാര്‍ട്ട് ഫോണിന്റെ ഡിസ്‌പ്ലേയിലെ സ്‌ക്രാച്ചുകള്‍ എങ്ങനെ പരിഹരിക്കും? തകര്‍ന്ന ഡിസ്‌പ്ലേ മാറ്റി പകരം പുതിയത് വയ്ക്കുക എന്നതാണ് നിലവിലെ രീതി. എന്നാല്‍ തകര്‍ന്ന ഡിസ്‌പ്ലേ സ്വയം പൊട്ടലുകള്‍ ഇല്ലാതാക്കിയാലോ. അങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ചിന്തിക്കാന്‍ വരട്ടെ.
2028 ആകുമ്പോഴേക്കും സ്‌ക്രാച്ചുകള്‍ സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്പ്ലേയുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികളെന്നാണ് സിസിഎസ് ഇന്‍സൈറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡിസ്‌പ്ലേയിലുണ്ടാകുന്ന തകരാറുകള്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു നിര്‍മിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാവുകയും ചെയ്യുന്ന നാനോ കോട്ടിങ് സംവിധാനത്തോടെയുള്ള സ്‌ക്രീന്‍ ആയിരിക്കും. അതേ സമയം സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, മോട്ടറോള തുടങ്ങിയ കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഇതോടകം ഫയല്‍ ചെയ്തിട്ടുണ്ട്.
മെമ്മറി പോളിമര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത്തരം ഫോണുകള്‍ തയ്യാറാക്കുന്നത്. ഇത്തരം ഡിസ്‌പ്ലേകളില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ തകരാറുകള്‍ സ്വയം പരിഹരിക്കപ്പെടും. എന്നാല്‍ ഇത്തരം ഡിസ്‌പ്ലേകളുടെ നിര്‍മ്മാണ ചിലവ് കൂടുതല്‍ ആയതിനാല്‍ ആദ്യം വിലകൂടിയ ഫോണുകളില്‍ മാത്രമായിരിക്കും പുതിയ സാങ്കേതിക വിദ്യ എത്തിക്കുന്നത്.