'റിലയന്‍സ് ജിയോയുടെ പോക്കറ്റ് വലുതായത് കൊണ്ട് അവര്‍ എന്റെ ആശയം കോപ്പിയടിച്ചു' - വിമര്‍ശനവുമായി ഫ്രീഡം 251 ഉടമ

കഴിഞ്ഞ വര്‍ഷമാണ് ഫ്രീഡം 251 സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഇത്രയും കാലത്തെ മൗനത്തിന് ശേഷം ഫ്രീഡം 251 ഉടമ മോഹിത് ഗോയല്‍ ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്, തനിക്ക് സര്‍ക്കാരിന്റെ പിന്തുണ കിട്ടുകയാണെങ്കില്‍ ഇപ്പോഴും ഫോണ്‍ വിതരണം നടത്താന്‍ തയാറാണെന്നാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്ക് കീഴില്‍ തുടങ്ങിയതാണെങ്കിലും തനിക്ക് സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് മോഹിത് പറഞ്ഞു. 1500 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കുമെന്ന വാഗ്ദാനത്തിലാണ് ഫ്രീഡം 251 ജനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയത്. എന്നാല്‍, കൃത്യസമയത്ത് ഫോണ്‍ വിതരണം നടത്താന്‍ സാധിച്ചില്ല. പിന്നീട് തട്ടിപ്പുകാരന്‍ എന്ന ഇമേജും മോഹിത്തിന് ചാര്‍ത്തികിട്ടി.

കമ്പനി അഡ്വാന്‍സായി പെയ്‌മെന്റ് നല്‍കിയിട്ടും ഫോണ്‍ വിതരണം നടത്തിയില്ലെന്ന മോഹിതിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ഏജന്റുമാരായി നിന്ന രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 3.5 കോടി രൂപയാണ് ഇവര്‍ മോഹിതിന്റെ കമ്പനിയില്‍നിന്ന് അഡ്വാന്‍സ് പണം കൈപറ്റിയത്.

“തന്റെ ബിസിനസ് മോഡല്‍ പ്രതിസന്ധിയിലായതിന് പിന്നാലെ വമ്പന്‍മാര്‍ ഈ രംഗത്തേക്ക് കടന്നുവന്നു. കാര്‍ബണ്‍ പോലെയുള്ള കമ്പനികള്‍ 1300 രൂപയ്ക്ക് വരെ ഇപ്പോള്‍ ഫോണ്‍ നല്‍കുന്നുണ്ട്. സമാനമായ പദ്ധതി തന്നെയാണ് ജിയോയും അനുകരിച്ചത്. ജിയോയെ പോലെ വലിയ പോക്കറ്റുള്ള കമ്പനികള്‍ തന്റെ ആശയം കോപ്പി അടിക്കുകയായിരുന്നു” – ഫ്രീഡം 251 ഉടമ ആരോപിച്ചു.

Read more

തനിക്ക് ഒരവസരം തന്നാല്‍ ഫോണ്‍ വിതരണം നടത്താന്‍ സാധിക്കും. അടുത്ത വര്‍ഷം ഏപ്രിലോടെ എല്ലാവര്‍ക്കും ഫോണ്‍ വിതരണം നടത്താന്‍ തനിക്ക് സാധിക്കുമെന്നും ഫ്രീഡം 251 പദ്ധതിയില്‍ തന്നെ ശ്രദ്ധിക്കാനാണെന്നും മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.